പത്തനംതിട്ട: പരീക്ഷ തുടങ്ങി ഏതാനും മിനുട്ടുകൾക്കകം എസ്എൽഎൽസി കണക്കിന്റെ ചോദ്യക്കടലാസ് പ്രഥമാധ്യാപകൻ വാട്സാപ്പ് ഗ്രൂപ്പിൽ പങ്കു വച്ചത് സംഭവത്തിൽ ഇലവുംതിട്ട പൊലീസ് കേസെടുത്തു. മുട്ടത്തുകോണം എസ്എൻഡിപിഎച്ച്എസ്എസിലെ പ്രഥമാധ്യാപകൻ സന്തോഷിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട ഡിഇഓ എസ്‌പിക്ക് നൽകിയ പരാതി കുറേ ചുറ്റിത്തിരിഞ്ഞ് സംഭവം നടന്ന് ഒന്നരമാസത്തിന് ശേഷം കഴിഞ്ഞ രണ്ടിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഏപ്രിൽ 19 ന് രാവിലെയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. കണക്ക് പരീക്ഷയുടെ ചോദ്യക്കടലാസ് പ്രഥമാധ്യാപകൻ എസ്. സന്തോഷ് പത്തനംതിട്ട ഡിഇഓയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ പങ്കു വയ്ക്കുകയായിരുന്നു. സ്വന്തം സ്‌കൂളിലെ തന്നെ കണക്ക് അദ്ധ്യാപകരുമായി പങ്ക് വയ്ക്കാൻ ശ്രമിക്കുന്നതിനിടെ ചോദ്യപേപ്പറിന്റെ ചിത്രം ഡിഇഓയുടെ ഗ്രൂപ്പിലേക്ക് അബദ്ധത്തിൽ എത്തുകയായിരുന്നു. ചിത്രം പോയ വിവരം സന്തോഷ് അറിഞ്ഞില്ല. ഇതു കാരണം നിശ്ചിത സമയത്തിനുള്ളിൽ അത് ഡിലീറ്റ് ചെയ്യാനും കഴിഞ്ഞില്ല. 124 പ്രഥമാധ്യാപകർ ഉള്ള ഗ്രൂപ്പിലാണ് ചോദ്യപേപ്പർ ചെന്നത്.

ഇടതു അദ്ധ്യാപക സംഘടനയായ കെഎസ്ടിഎ നേതാക്കൾ ഇടപെട്ട് പ്രശ്നം ഗുരുതരമാകാതെ ഒത്തു തീർപ്പാക്കി. എന്നാൽ, മാധ്യമങ്ങൾ ചോദ്യക്കടലാസിന്റെ സ്‌ക്രീൻ ഷോട്ട് സഹിതം വാർത്ത പുറത്തു വിട്ടതോടെ തിരുവല്ലയിൽ നിന്ന് വിദ്യാഭ്യാസ ഉപഡയറക്ടറും പത്തനംതിട്ടയിൽ നിന്ന് ഡിഇഓയും ഓടിപ്പാഞ്ഞെത്തി. മണിക്കൂറുകൾ നീണ്ട തെളിവെടുപ്പിനൊടുവിൽ പ്രഥമാധ്യാപകനെ സസ്പെൻഡ് ചെയ്തു. അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്തുവെന്നും പിറ്റേന്ന് തന്നെ പൊലീസിൽ പരാതി നൽകുമെന്നും മാധ്യമങ്ങളെ അറിയിച്ച് ഉപഡയറക്ടർ സ്ഥലം വിട്ടു.

അതിന് ശേഷം വൈകിയാണ് പൊലീസിൽ പരാതി നൽകിയത്. എസ്‌പിക്ക് നൽകിയ പരാതി അന്വേഷിക്കാൻ പത്തനംതിട്ട ഡിവൈഎസ്‌പിയെ ചുമതലപ്പെടുത്തു. ഡിവൈഎസ്‌പി ഓഫീസിൽ നിന്ന് പരാതി പത്തനംതിട്ട സ്റ്റേഷനിലേക്കാണ് പോയത്. കുറ്റകൃത്യം നടന്നത് ഇലവുംതിട്ട പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു. ഈ വിവരം കഴിഞ്ഞ ദിവസമാണ് വ്യക്തമായത്. ഇതോടെ പരാതി ഇലവുംതിട്ടയ്ക്ക് കൈമാറി.

ഇംഗ്ലീഷ് പരീക്ഷയുടേതടക്കം ചോദ്യക്കടലാസ് ഈ രീതിയിൽ പ്രഥമാധ്യാപകൻ ചോർത്തിയെന്ന് ആക്ഷേപം ഉയർന്നിരുന്നുു. ഇതും പരിശോധിക്കണമെന്ന് ആവശ്യമുണ്ടായി. ഫോൺ ഫോറൻസിക് പരിശോധന നടത്തിയാൽ അദ്ധ്യാപകന് മാത്രമല്ല, സ്‌കൂളിന് ഒന്നടങ്കം പിടിവീഴുമെന്ന് ബോധ്യം വന്നു. ഇതോടെ ഈ ഫോൺ മാറ്റി പകരം മറ്റൊന്ന് അദ്ധ്യാപകന്റേതായി പൊലീസിൽ നൽകാനുള്ള നീക്കവും നടന്നിരുന്നു. സഹായം തേടി അദ്ധ്യാപകൻ സ്‌കൂൾ മാനേജരായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സമീപിച്ചെങ്കിലും അദ്ദേഹം കൈയൊഴിഞ്ഞുവെന്നാണ് അറിയുന്നത്.

സ്‌കൂളിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതിയിൽ നടക്കുകയാണ്. മുട്ടത്തുകോണം എസ്എൻഡിപി ശാഖായോഗത്തിന്റെ വകയായിരുന്ന സ്‌കൂൾ ശാഖാ കമ്മറ്റിയിലെ ഗ്രൂപ്പിസത്തെ തുടർന്ന് യോഗത്തിന് നൽകുകയായിരുന്നു. സ്‌കൂൾ യോഗം ഏറ്റെടുത്ത് നടത്തി വരുമ്പോൾ ശാഖാ കമ്മറ്റി ഉടമാവകാശം തിരികെ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ഹൈക്കോടതി സ്‌കൂളിന്റെ അവകാശം യോഗത്തിന് തന്നെ നൽകി. ഇതിനെതിരേ ശാഖാ കമ്മറ്റി സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഇതിനിടെയാണ് ചോദ്യപേപ്പർ വിവാദം വന്നിരിക്കുന്നത്.

പ്രഥമാധ്യാപകൻ മുൻപും ചോദ്യം ചോർത്തിയെന്ന് കണ്ടെത്തിയാൽ അത് സ്‌കൂളിന്റെ നിലനിൽപ്പിനെ ബാധിക്കും. ചോദ്യം ചോർത്തലിന് സഹകരിച്ച മറ്റ് അദ്ധ്യാപകർക്ക് എതിരേയും നടപടി വേണ്ടി വരും. കണക്ക്, ഇംഗ്ലീഷ് പോലെ കുട്ടികൾക്ക് പ്രയാസമുള്ള പരീക്ഷകളുടെ ചോദ്യക്കടലാസ് അതാത് വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് നൽകി ഉത്തരം എഴുതി വാങ്ങി കുട്ടികൾക്ക് നൽകുന്ന പ്രവണത മിക്കവാറും എല്ലാ സ്‌കൂളുകളിലുമുണ്ട്. ഈ രീതിയിൽ ഉത്തരം എഴുതാനായി അയച്ചു കൊടുത്ത ചോദ്യക്കടലാസാണ് അബദ്ധത്തിൽ ഡിഇഓയുടെ ഗ്രൂപ്പിൽ ചെന്നത് എന്നു വേണം സംശയിക്കാൻ.