- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഗവർണർക്ക് തന്റെ പിതാവിനെക്കാൾ പ്രായം; അനുഭവ സമ്പത്തും ജീവിതപരിചയവും കൊണ്ട് ഉയർന്നു നിൽക്കുന്ന ഗവർണറെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് മന്ത്രി ആർ ബിന്ദു; മാധ്യമങ്ങളെ ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിനെതിരായ ഹരജി തള്ളിയ ഹൈക്കോടതി നടപടി സ്വാഗതാർഹമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. നിയമനത്തിൽ പ്രശ്നങ്ങളില്ലെന്ന് കോടതിക്ക് മനസിലായി. അക്കാദമിക് മികവുള്ള വി സിക്ക് പ്രവർത്തനം തുടരാനുള്ള അനുവാദമായി കോടതി വിധിയെ കാണുന്നുവെന്നും മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി. വിഷയത്തിൽ മാധ്യമങ്ങളെ ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാറും ഗവർണറും ചാൻസലറും പ്രോ ചാൻസലറും തമ്മിലുള്ള ആശയവിനിമയങ്ങൾ മാധ്യമങ്ങൾക്ക് മുമ്പാകെ പരസ്യമായി ചർച്ച ചെയ്യുന്നത് ധാർമികതക്ക് നിരക്കുന്ന കാര്യമല്ല. നയതന്ത്രപരമായ ബന്ധമാണിത്. അതിന്റെ മാന്യത കാത്ത് സംരക്ഷിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തന്റെ പിതാവിനെക്കാൾ പ്രായമുള്ള ആളാണ് ഗവർണർ. അനുഭവ സമ്പത്തും ജീവിതപരിചയവും കൊണ്ട് ഉയർന്നു നിൽക്കുന്ന ഗവർണറെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും മന്ത്രി ആർ. ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂർ വി സി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനത്തിനെതിരായ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ജസ്റ്റിസ് അമിത് റാവലിന്റെ ബെഞ്ച് ഫയലിൽ സ്വീകരിച്ചില്ല. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം സർവകലാശാല ആക്ടിന് വിരുദ്ധമായതിനാൽ പദവിയിൽ തുടരാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി. ജോസ് എന്നിവരാണ് ഹരജി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് ഒരു ഉപഹരജിയും ഇവർ നൽകിയിരുന്നു.
കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ചാൻസലറായ ഗവർണറുടെ കൈവശമുള്ള രേഖകൾ കോടതി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപഹരജി. ഡോ. ഗോപിനാഥിന്റെ നിയമനം ചോദ്യം ചെയ്ത് നേരത്തേ നൽകിയ ഹരജി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. ഈ ഹരജിയിൽ വിധി പറയും മുമ്പ് നിയമനവുമായി ബന്ധപ്പെട്ട് ഗവർണറുടെ പക്കലുള്ള രേഖകൾ പരിശോധിക്കണമെന്നാണ് ആവശ്യപ്പെട്ടായിരുന്നു ഹരജി.
ഈ ഹരജി പരിഗണിക്കുന്നവേളയിൽ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ അഭിപ്രായം പറയാനാവില്ലെന്ന് ജസ്റ്റിസ് അമിത് റാവൽ വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങൾക്ക് സമാന്തര വിചാരണ സാധ്യമല്ല. മാധ്യമങ്ങൾ വസ്തുതകളുടെ വിശദാംശങ്ങളാണ് നൽകുന്നത്. സ്വന്തം അഭിപ്രായ പ്രകടനങ്ങൾ ചേർത്ത് വ്യാഖ്യാനം നടത്തുന്നതിൽ തെറ്റില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ കേസ് പിൻവലിച്ചതായി കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ.നാരായണനും വ്യക്തമാക്കി. ഗവർണർക്കെതിരേ കേസ് കൊടുത്തത് കൂട്ടായ തീരുമാനമാണ്. തനിക്കെതിരായ മുഖ്യമന്ത്രിയുടെ പ്രതികരണം ഏത് സാഹചര്യത്തിലാണെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്തുകൊണ്ട് അങ്ങനെ പ്രതികരിച്ചുവെന്ന് അങ്ങനെ പറഞ്ഞവരോട് തന്നെ ചോദിക്കണം. ആരുമായും ഒരു തരത്തിലുള്ള എതിരഭിപ്രായങ്ങളുമില്ലെന്നും നിയമം അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ടികെ നാരായണൻ പറഞ്ഞു.
യുജിസി. മാനദണ്ഡപ്രകാരം ഗവർണർക്ക് ചാൻസലർ പദവിക്ക് അർഹതയില്ലെന്നായിരുന്നു വി സി. ഡോ. ടി.കെ. നാരായണന്റെ നിലപാട്. 2017-ൽ പി.ആർ.ഒ. സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട ഒരാൾ, തന്നെ തിരിച്ചെടുക്കണമെന്നു കാണിച്ച് ഗവർണർക്ക് നൽകിയ പരാതിയാണ് സംഭവങ്ങളുടെ തുടക്കം. രാജ്ഭവനിൽ ഈ വിഷയത്തിൽ നടത്തിയ സിറ്റിങ്ങിലാണ് ഗവർണർക്ക് ഇതിൽ ഇടപെടാൻ അധികാരമില്ല എന്ന് കലാമണ്ഡലം ലീഗൽ അഡൈ്വസർ വാദിച്ചത്. കാലിക്കറ്റ് സർവകലാശാലയിലെ മുൻ സംസ്കൃത പ്രൊഫസറും സിൻഡിക്കേറ്റംഗവുമായിരുന്ന ഡോ. നാരായണൻ കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാലയിൽ ഇന്ത്യൻ ലോജിക് ഡീനായും പ്രവർത്തിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ