- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹന പുകപരിശോധനാ കേന്ദ്രങ്ങളിലെ സർട്ടിഫിക്കറ്റുകൾ വിശ്വസിക്കാമോ? യാതൊരു ഉറപ്പുമില്ലെന്ന് മോട്ടോർ വാഹന വകുപ്പ്; ഒരേ ചോദ്യങ്ങൾക്ക് വ്യത്യസ്ത മറുപടി നൽകി ട്രാൻസ്പോർട്ട് കമ്മിഷണറേറ്റും പത്തനംതിട്ട ആർടി ഓഫീസും
പത്തനംതിട്ട: മോട്ടോർ വാഹനങ്ങളുടെ പുക പരിശോധനാ കേന്ദ്രങ്ങളുടെ ഉത്തരവാദിത്തം സംബന്ധിച്ച് രണ്ടു വിവരാവകാശ പ്രവർത്തകർ ഒരേ ചോദ്യാവലി ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിലും ഒരു ആർ.ടി.ഓഫീസിലും നൽകിയപ്പോൾ കിട്ടിയ മറുപടികൾ തമ്മിൽ വലിയ വൈരുധ്യം. കമ്മിഷണറേറ്റ് ഓഫീസിൽ നിന്ന് കൃത്യമായ മറുപടി കിട്ടിയപ്പോൾ ആർ.ടി.ഓഫീസ് പുകമറ സൃഷ്ടിച്ച് മറുപടി നിഷേധിച്ചിരിക്കുകയാണ്.
രണ്ടു ചോദ്യങ്ങളും തമ്മിൽ അഞ്ചു വർഷത്തെ ഇടവേളയുണ്ടെങ്കിലും നിയമത്തിൽ മാറ്റം വന്നിട്ടില്ലാത്തതിനാൽ ഒരേ മറുപടിയാണ് പ്രതീക്ഷിച്ചതങ്കെിലും തങ്ങളുടെ ഉത്തരവാദിത്തിൽ നിന്നൊഴിഞ്ഞ് മാറാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചത്. വിവരാവകാശ പ്രവർത്തകരായ കൊച്ചി കടവന്ത്രയിലെ കെ.ജെ. പീറ്റർ, പത്തനംതിട്ട വലഞ്ചുഴിയിലെ മനോജ് കാർത്തിക എന്നിവരാണ് മോട്ടോർ വാഹന പുകപരിശോധനാ കേന്ദ്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് രണ്ടു കാലയളവുകളിലായി യഥാക്രമം ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിലും ആർ.ടി. ഓഫീസിലും വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്.
കെ.ജെ. പീറ്ററിന്റെ ചോദ്യങ്ങൾക്ക് ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിലെ വിവരാവകാശ ഉദ്യോഗസ്ഥൻ 2017 സെപ്റ്റംബർ ഒമ്പതിന് കൃത്യമായ മറുപടി നൽകിയപ്പോൾ മനോജ് നൽകിയ അപേക്ഷയിലെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഉരുണ്ടു കളിക്കുകയാണ് പത്തനംതിട്ട ആർ.ടി.ഓഫീസിലെ വിവരാവകാശ ഉദ്യോഗസ്ഥൻ ചെയ്തത്. മനോജ് അപേക്ഷ നൽകിയത് കഴിഞ്ഞ മാസം 24 നാണ്. മറുപടിയിലെ തീയതി ഈ മാസം 18 ആണ്.
പുകപരിശോധനാ കേന്ദ്രങ്ങളിലെ യന്ത്രങ്ങൾ/ഉപകരണങ്ങൾ പരിശോധിച്ച് സർട്ടിഫിക്കറ്റുകൾ നൽകുന്നത് ഏത് ഓഫീസുകളിൽ നിന്ന്?, വാഹനങ്ങൾ പരിശോധിച്ച് നൽകുന്ന സർട്ടിഫിക്കറ്റുകളിൽ കൃത്രിമത്വം നടക്കില്ലായെന്ന് ഉറപ്പാക്കാറുണ്ടോ? റീഡിങുകളിൽ കൃത്രിമം നടക്കാതിരിക്കാൻ സ്വീകരിക്കുന്ന മുൻകരുതലുകൾ എന്തെല്ലാം എന്നിവയായിരുന്നു രണ്ടു പേരുടെയും ചോദ്യങ്ങൾ.
ഇതിന് പീറ്ററിന് കമ്മിഷണറേറ്റിൽ നിന്ന് കിട്ടിയ മറുപടി ഇങ്ങനെ:
പുകപരിശോധനാ കേന്ദ്രത്തിന് പ്രവർത്തനാനുമതി നൽകുന്നത് അതാത് സ്ഥലത്തെ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളാണ്. സ്ഥാപനം പരിശോധിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ ഇവിടുത്തെ യന്ത്രങ്ങൾ/ഉപകരണങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ പരിശോധിക്കാറുണ്ടെങ്കിലും സർട്ടിഫിക്കറ്റ് നൽകാറില്ല. എന്നാൽ, ഈ ഉദ്യോഗസ്ഥൻ സ്ഥാപനങ്ങളും യന്ത്രങ്ങളും ഉപകരണങ്ങളും പരിശോധിച്ച് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും പുകപരിശോധനാ സ്ഥാപനത്തിന് ലൈസൻസ് നൽകുന്നത്.
പുക പരിശോധനാ സർട്ടിഫിക്കറ്റുകളിൽ കൃത്രിമം നടക്കില്ലെന്ന് ഉറപ്പു വരുത്താനുള്ള സൗകര്യങ്ങൾ നിലവിൽ മോട്ടോർ വാഹനവകുപ്പിനില്ലെന്നും മറുപടിയിൽ പറയുന്നു.
എന്നാൽ, ഇതേ ചോദ്യങ്ങൾക്ക് പത്തനംതിട്ട ആർടി ഓഫീസിൽ നിന്നുള്ള മറുപടി ചോദ്യം വ്യക്തമല്ലെന്നും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ല എന്നുമാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്