പത്തനംതിട്ട: നിരവധി ബൈക്ക് മോഷണ, മാല മോഷണകേസുകളിൽ പ്രതിയായ മോഷ്ടാവിനെ പ്രായം തളർത്താത്ത വീര്യത്തിലൂടെ കീഴ്‌പ്പെടുത്തിയ രാധാമണിയമ്മയെ ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനി ആദരിച്ചു. തെള്ളിയൂർ അനിത നിവാസിൽ രാധാമണിയമ്മ (70)യെ ആണ് ജില്ലാ പൊലീസ് ആദരിച്ചത്. അഡിഷണൽ എസ്‌പി ആർ രാജൻ, രാധാമണിയുടെ വീട്ടിലെത്തി ജില്ലാ പൊലീസ് മേധാവിയുടെ അനുമോദന പത്രം കൈമാറി. ഏഴുമറ്റൂർ പഞ്ചായത്ത് ഓഫീസിനു സമീപം കഴിഞ്ഞ 31 നാണ് സംഭവം.

ബാങ്കിൽ പോയി മടങ്ങുകയായിരുന്ന രാധാമണിയമ്മയെ വഴി ചോദിക്കാനെന്ന വ്യാജേനെയാണ് മോഷ്ടാവ് ആക്രമിച്ചത്. കഴുത്തിലെ മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ വയോധിക നേരിട്ടു. പിടിവലിക്കിടയിൽ മോഷ്ടാവ് ബൈക്കിൽ നിന്ന് വീണു. മാലയുടെ ഒരു കഷണവുമായി, മോഷ്ടാവ് ബൈക്കും ഹെൽമറ്റും ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ തെരച്ചിലിൽ സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും പ്രതിയെ പിടികൂടി. ഇയാൾ കൊടുംക്രിമിനലും സ്ഥിരം മോഷ്ടാവുമാണ്.

സഹായിക്കാൻ ആരുമില്ലാത്ത ചുറ്റുപാടിലും മനസാന്നിധ്യം കൈവിടാതെയും കള്ളന്റെ പിടി വിടുവിക്കാതെയും കീഴടക്കാൻ കാട്ടിയ ആത്മധൈര്യം സമൂഹത്തിന് മുഴുവനും വിശിഷ്യാ സ്ത്രീസമൂഹത്തിന് ആവേശവും പ്രചോദനവും പകർന്നു നൽകുന്നതാണെന്ന ജില്ലാ പൊലീസ് മേധാവിയുടെ അനുമോദന സന്ദേശത്തിൽ പറയുന്നു. മോഷ്ടാവിന്റെ ആക്രമണത്തിന്റെ ആഘാതത്തിൽ നിന്നും ഇതുവരെ പൂർണമായും മുക്തമായിട്ടില്ലാത്ത രാധാമണിയമ്മ പൊലീസിന്റെ വലിയ സമ്മാനത്തിൽഏറെ അഭിമാനം കൊള്ളുകയാണ്. മുതിർന്ന പൊലീസുദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ വീട്ടിലെത്തി അനുമോദനങ്ങൾ കലവറയില്ലാതെ ചൊരിഞ്ഞതിന്റെ ആവേശത്തിലും ആഹ്ലാദത്തിലുമാണ് ഈ വയോധിക.

റാന്നി പഴവങ്ങാടി കരികുളം കള്ളിക്കാട്ടിൽ ബിനു തോമസ് (30) ആണ് പിടിയിലായത്. ഇയാൾ പഠിച്ച കള്ളനാണ്. ഓരോ തവണയും ജയിലിൽ പോകും. ഇറങ്ങി വന്നാലുടൻ കറങ്ങാൻ പോകും. ഒറ്റ കറക്കത്തിൽ 25 ബൈക്ക് വരെ മോഷ്ടിക്കും. പൊലീസ് പിടിയിലായാൽ രക്ഷപ്പെടാൻ പറയുന്നത് താൻ എയ്ഡ്‌സ് രോഗിയാണെന്നാണ്. പൊലീസിന്റെ ഇടി കിട്ടുന്നത് ഒഴിവാക്കാനാണ് ഈ കള്ളക്കളി. സാധാരണ കൊടുംക്രിമിനലിനെ കൈയിൽ കിട്ടിയാൽ പൊലീസ് ഇടിക്കാറുണ്ട്.

ഇത് മനസിലാക്കിയാണ് വിവിധ സ്റ്റേഷനുകളിൽ പിടിയിലാകുമ്പോൾ ഇയാൾ എയ്ഡസ് രോഗം അഭിനയിക്കുന്നത്. പതിവായി പിടികൂടുന്ന ഉദ്യോഗസ്ഥർക്ക് ഇത് മനസിലാകുമെങ്കിലും ആദ്യമായി ഒരു സ്റ്റേഷനിൽ പിടിയിലായാൽ അവർ ഇയാളുമായി എച്ച്‌ഐവി ടെസ്റ്റിന് പോകേണ്ടിയും വരുന്നുണ്ട്.ഒരു പാട് പേരെ ഉപദ്രവിച്ച് കവർച്ച നടത്തിയിട്ടുണ്ട്. ശൂരനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കശുവണ്ടി ഫാക്ടറിയിൽ ജോലി ചെയ്യുമ്പോൾ ഒരു വീട്ടമ്മയെ പ്രണയം നടിച്ച് കെണിയിലാക്കി. പിന്നീട് അവരുടെ സ്വർണമാലയും മോഷ്ടിച്ച് മുങ്ങി.

രാധാമണിയമ്മയുടെ സമീപം ബിനു വഴി ചോദിക്കാനെന്ന വ്യാജേനെയാണ് എത്തിയത്. വഴി പറയുന്നതിനിടെ മോഷ്ടാവ് മാല പറിച്ചെടുത്തെങ്കിലും രാധാമണിയമ്മ മനോധൈര്യം കൈവിട്ടില്ല. പ്രായാധിക്യമൊക്കെ മറന്ന് മോഷ്ടാവുമായി അവർ മൽപ്പിടുത്തം നടത്തി. ഇതിനിടെ ബൈക്ക് മറിഞ്ഞ് മോഷ്ടാവ് നിലം പതിച്ചു. രക്ഷയില്ലെന്ന് വന്നപ്പോൾ വാഹനവും ഹെൽമെറ്റും ഉപേക്ഷിച്ച് മാലയുടെ കുറെ ഭാഗവുമായി ബിനു കടന്നു കളയുകയായിയിരുന്നു.

നാട്ടുകാരുടെ സഹായത്തോടെ പൊലീസ് നടത്തിയ തെരച്ചിലിൽ മൂന്ന് മണിക്കൂറിന് ശേഷം പ്രതി സംഭവസ്ഥലത്തിന് സമീപം നിന്ന് പിടിയിലായി. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ നിരവധി മോഷണ, പിടിച്ചു പറി കേസുകളിൽ പ്രതിയാണ് ബിനു. ആളുകളെ ആക്രമിച്ചു ഭീതി പരത്തി മോഷണം നടത്തുന്നത് ആണ് ഇയാളുടെ രീതി. തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ അപകടത്തിൽപ്പെട്ടു വന്നയാളുടെ ആഭരണം മോഷ്ടിച്ചതിന് അടുത്ത കാലത്ത് അറസ്റ്റിലായിരുന്നു.

മാവേലിക്കര റെയിൽവേ സ്റ്റേഷന് സമീപം ബൈക്കിൽ എത്തി റിട്ട. ടീച്ചറെ ആക്രമിച്ച് പരുക്കേൽപ്പിച്ച് മൂന്നു പവൻ മാല കവർച്ച, മാവേലിക്കര റെയിൽവേ സ്റ്റേഷന് സമീപം വീട്ടിൽ നിന്ന സ്ത്രീയെ ആക്രമിച്ച് മാല കവർച്ച, നിന്നും ബൈക്ക് മോഷണം തുടങ്ങി നിരവധി കേസുകൾ ഇപ്പോൾ പേരിലുണ്ട്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ പല ഭാഗത്ത്്‌നിന്നും ബൈക്ക് മോഷണങ്ങളും അനവധി നടത്തിയിട്ടുണ്ട്.

2014 ൽ തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന റിട്ട. ഐബി ഉദ്യോഗസ്ഥന്റെ വീട്ടിൽ പകൽ സമയം വെള്ളം ചോദിച്ച് എത്തി അകത്ത് കയറി ഗൃഹനാഥനേയും ഭാര്യയെയും ക്രൂരമായി മർദിച്ച ശേഷം കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസിലും പ്രതിയാണ്.