- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
8,000 കിലോമീറ്റർ നിർത്താതെ പറന്ന് ഒറ്റ ദിവസം കൊണ്ട് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി റഫാലിന്റെ പുതിയ ബാച്ച്; യാത്രാമധ്യേ ഇന്ധനം നിറച്ചെത്തിയ യുദ്ധവിമാനങ്ങൾ വിരോചിത സ്വീകരണം നൽകി എയർഫോഴ്സ്; പാക്-ചൈനീസ് വെല്ലുവിളികളെ ആകാശത്ത് തകർക്കാൻ ഇന്ത്യ കൂടുതൽ കരുത്തരാകുമ്പോൾ
ന്യൂഡൽഹി: ഇന്ത്യയുടെ റഫാൽ ശേഖരത്തിലേക്ക് കൂടുതൽ വിമാനം എത്തുമ്പോൾ വ്യോമ മേഖലയിൽ ചോദ്യം ചെയ്യാനാകാത്ത ശക്തിയായി ഇന്ത്യ മാറും. ചൈനയുടേയും പാക്കിസ്ഥാന്റേയും വെല്ലുവിളികൾ നേരിടാൻ ഫ്രാൻസിൽ നിന്ന് ഇന്ത്യയ്ക്ക് 4 റഫാൽ യുദ്ധവിമാനങ്ങൾ കൂടി എത്തിയെന്നാണ് സൂചന. കൃത്യമായ എണ്ണം വ്യോമസേന പുറത്തു വിട്ടിട്ടില്ല. എന്നാൽ ഈ ബാച്ചിൽ നാലു വിമാനമാണുള്ളതെന്നാണ് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ഫ്രാൻസിലെത്തിയ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ ആണ് ഇന്നലെ ഉച്ചയ്ക്ക് വിമാനങ്ങൾ ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇന്നു പുലർച്ചെ ഹരിയാനയിലെ അംബാല വ്യോമതാവളത്തിൽ എത്തിയത്. ഫ്രഞ്ച്, യുഎഇ വ്യോമസേനകളുടെ സഹായത്തോടെ യാത്രാമധ്യേ ഇന്ധനം നിറച്ചാണു വിമാനങ്ങൾ ഇന്ത്യയിലേക്കു പറന്നത്. ഫ്രാൻസിൽ പരിശീലനം പൂർത്തിയാക്കിയ ഇന്ത്യൻ പൈലറ്റുമാരാണു വിമാനം നിയന്ത്രിച്ചത്. വ്യോമയാന രംഗത്ത് ഇന്ത്യയുടെ കരുത്ത് നാലിരട്ടിയാക്കാൻ റഫാലിന് കഴിയുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിലെത്തുന്ന അഞ്ചാം ബാച്ച് റഫാൽ വിമാനമാണ് ഇത്. ഇതോടെ, രാജ്യത്തെ റഫാൽ വിമാനങ്ങൾ 18 ആയി എന്നാണ് സൂചന. ചൈനയുമായി സംഘർഷം നിലനിൽക്കുന്ന ലഡാക് അതിർത്തിയിൽ ഇവ ഇന്ത്യ നേരത്തെ പറത്തിയിരുന്നു. 8,000 കിലോമീറ്റർ നിർത്താതെ പറന്നാണ് വിമാനങ്ങൾ ഇന്ത്യയിലെത്തിയത്. 59,000 കോടിക്ക് 36 യുദ്ധ വിമാനങ്ങൾക്കാണ് ഇന്ത്യ- ഫ്രാൻസ് കരാർ. വർഷാവസാനത്തോടെ മുഴുവൻ വിമാനങ്ങളും എത്തുമെന്നാണ് കണക്ക്. ചൈനയുമായി സംഘർഷം നിലനിൽക്കുമ്പോഴാണ് ആദ്യ ബാച്ച് വിമാനം എത്തിയത്. ഇത് യുദ്ധ മേഖലയിലേക്ക് വിന്യസിക്കുകയും ചെയ്തു. പതിയെ ചൈന യുദ്ധത്തിൽ നിന്ന് പിന്മാറുകയും ചെയ്തു.
58,000 കോടി രൂപ ചെലവിട്ട് 36 റഫാൽ വിമാനങ്ങളാണ് ഇന്ത്യ ഫ്രാൻസിൽ നിന്നും വാങ്ങുന്നത്. ഫ്രാൻസിലെ ഡസോൾട്ട് കമ്പനിയാണ് മീഡിയം മൾട്ടിറോൾ പോർവിമാനം വിഭാഗത്തിൽ വരുന്ന റഫാൽ വിമാനങ്ങൾ വികസിപ്പിക്കുന്നത്. മണിക്കൂറിൽ 1912 കിലോമീറ്റർ വേഗതയിൽ പറക്കാൻ ശേഷിയുള്ള റഫാൽ ഒറ്റപറക്കലിൽ 3700 കിലോമീറ്റർ പരിധിവരെ സഞ്ചരിക്കും. രാത്രിയും പകലും ഒരു പോലെ ആക്രമണം നടത്താനുള്ള ശേഷിയാണ് മറ്റൊരു പ്രത്യേകത. പാക്കിസ്ഥാൻ, ചൈന രാജ്യങ്ങളുമായി സംഘർഷ സാധ്യത നിലനിൽക്കെ ഇന്ത്യയുടെ പ്രതിരോധത്തിന് കരുത്ത് പകരുന്നതാണ് റഫാൽ.
അതിനിടെ റഫാൽ യുദ്ധവിമാന കരാറിൽ ഇന്ത്യയിലെ ഇടനിലക്കാരന് ദസ്സോ കമ്പനി ഒരു മില്യൺ യൂറോ സമ്മാനമായി നൽകിയെന്ന് റിപ്പോർട്ട് വിവാദമായിട്ടുണ്ട്. ഫ്രഞ്ച് മാധ്യമമായ മീഡിയപാർട്ടാണ് റഫാൽ ഇടപാട് സംബന്ധിച്ച നിർണായകവിവരങ്ങൾ പുറത്തുവിട്ടത്. ഇതിനിടെയാണ് അടുത്ത ബാച്ച് വിമാനങ്ങൾ ഇന്ത്യയിൽ എത്തുന്നതും. റഫാൽ യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്ന ദസ്സോ കമ്പനിയിൽ നടന്ന ഓഡിറ്റിൽ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഫ്രാൻസിലെ അഴിമതി വിരുദ്ധ ഏജൻസിയായ ഏജൻസെ ഫ്രാൻസൈസ് ആന്റികറപ്ഷൻ(എഎഫ്എ) കമ്പനിയിൽ നടത്തിയ ഓഡിറ്റിലാണ് ഈ ക്രമക്കേടുകൾ കണ്ടെത്തിയത്.
2016-ൽ റഫാൽ കരാർ ഉറപ്പിച്ചതിന് പിന്നാലെ ദസ്സോയുടെ സബ് കോൺട്രാക്ടറായ ഡെഫിസിസ് സൊലൂഷൻസ് എന്ന ഇന്ത്യൻ കമ്പനിക്ക് 10,17,850 യൂറോ(ഏകദേശം 8.77 കോടി രൂപ) നൽകിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റഫാൽ വിമാനങ്ങളുടെ 50 പകർപ്പുകൾ നിർമ്മിക്കാനാണ് ഈ പണം ചെലവഴിച്ചതെന്നാണ് ദസ്സോയുടെ വിശദീകരണമെങ്കിലും ഇത് സാധൂകരിക്കുന്ന തെളിവുകളോ മറ്റോ ദസ്സോയ്ക്ക് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. 2017-ലെ അക്കൗണ്ടിൽ 'ഇടപാടുകാർക്കുള്ള സമ്മാന'മായി ഏകദേശം 5,08,925 യൂറോ കമ്പനി ചെലവഴിച്ചു. ഈ പണം റഫാൽ വിമാനങ്ങളുടെ പകർപ്പ് നിർമ്മിച്ചതിന് ചെലവഴിച്ചെന്നാണ് കമ്പനിയുടെ വിശദീകരണം. പക്ഷേ, ഇതിന്റെ തെളിവുകളും ദസ്സോയ്ക്ക് ഹാജരാക്കാനായില്ല.
ഇന്ത്യൻ കമ്പനിയായ ഡെഫ്സിസ് സൊലൂഷൻസിന് പണം നൽകിയത് സംബന്ധിച്ചും വൻക്രമക്കേടുകളാണ് എ.എഫ്.എ. ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഒരു വിമാന മാതൃകയ്ക്ക് 20,357 യൂറോയാണ് വിലയിട്ടിരുന്നതെന്നും ഇത് ഉയർന്ന തുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല, ഇത്തരം ചെലവുകൾ 'ഇടപാടുകാർക്കുള്ള സമ്മാന'മെന്ന രീതിയിൽ അക്കൗണ്ടുകളിൽ വിശദീകരിച്ചതിനെക്കുറിച്ചും ദസ്സോയ്ക്ക് വ്യക്തമായ മറുപടി നൽകാനായില്ലെന്നും റിപ്പോർട്ടിലുണ്ട്.
ഇന്ത്യയിലെ വിവാദ വ്യവസായിയായ സുഷേൻ ഗുപ്തയുമായി ബന്ധപ്പെട്ട കമ്പനിയാണ് ഡെഫ്സിസ് സൊലൂഷൻസ്. നേരത്തെ അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതി കേസിൽ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്ത വ്യക്തിയാണ് സുഷേൻ ഗുപ്ത.
മറുനാടന് മലയാളി ബ്യൂറോ