കണ്ണൂർ: തളിപ്പറമ്പ് സർ സയ്യിദ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി റാഗിങ്ങിനിരയായി. സംഭവത്തിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളായ നാലു പേരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. സർസയ്യിദ് കോളേജ് പ്രിൻസിപ്പാൾ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

സംഭവത്തിൽ പെൺകുട്ടികൾ അടക്കമുള്ള 12 പേർക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തിട്ടുള്ളത്. തുടർന്ന് ശനിയാഴ്ച വൈകുന്നേരം അഞ്ചോടെ പയ്യാവൂർ കിണാക്കൂൽ സ്വദേശി മുഹമ്മദ് നിദാൽ, തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ആഷിഖ്, കസാനക്കോട്ട സ്വദേശി മുഹമ്മദ് സീഷൻ, പെരിങ്ങത്തൂർ സ്വദേശി റിസ്‌നാൻ റഫീഖ് എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇക്കഴിഞ്ഞ അഞ്ചിനാണ് തളിപ്പറമ്പ് സർസയ്യിദ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി കണ്ണൂർ സ്വദേശിയായ ഷഹസാദ് മുബാറക് റാഗിങ്ങിനിരയായത്. ഇത് സംബന്ധിച്ച് വിദ്യാർത്ഥി പ്രിൻസിപ്പാളിന് പരാതി നൽകി. തുടർന്ന് സർസയ്യിദ് കോളേജ് പ്രിൻസിപ്പാളുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ മറ്റൊരു വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്യുകയും പരാതി പൊലീസിന് കൈമാറുകയുമായിരുന്നു.

മൂന്നാം വർഷ സ്റ്റാറ്റിസ്റ്റിക് വിദ്യാർത്ഥി കെ.പി.മുഹമ്മദ് നിദാനെയാണ് പ്രിൻസിപ്പാൾ സസ്‌പെൻഡ് ചെയ്തത്. തുടർന്ന് തളിപ്പറമ്പ് പൊലീസ് ഇൻസ്‌പെക്ടർ എ.വി.ദിനേശന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്ന് പെൺകുട്ടികളടക്കം ആകെ 12 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ശുചിമുറിയിൽ വെച്ചും നിസ്‌കാരം കഴിഞ്ഞ് വരുന്നതിനിടെ കുന്നിൻ മുകളിൽ കൊണ്ടുപോയും മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. തലക്കും ചെവിക്കുമാണ് ഷഹ്‌സാദിന് അടിയേറ്റത്. സംഭവത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകളുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പ്രിൻസിപ്പാളുടെ പരാതിയിൽ റാഗിങ് വിരുദ്ധ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്.