ചക്കരക്കൽ: കൂടാളി കാഞ്ഞിരോട്ടെ നെഹർ കോളജിൽ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി പി.അൻഷാദിനെ റാഗിങിന്റെ ഭാഗമായി ക്രൂരമായി മർദ്ദിച്ചു ബോധം കെടുത്തിയ സംഭവത്തിൽ സംഭവത്തിൽ ആറു സീനിയർ വിദ്യാർത്ഥികളെ തലശേരി സി.ജെ.എം കോടതി റിമാൻഡ് ചെയ്തു. മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുൽ ഖാദർ, മുഹമ്മദ് മുസമ്മിൽ, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ് സഫ്വാൻ എന്നിവരാണ്.

റിമാൻഡിലായത് ചൊവ്വാഴ്‌ച്ച പുലർച്ചെയാണ് ചക്കരക്കൽ പൊലീസ് ആറുപേരെയും വീടുകളിൽ നിന്ന് പിടികൂടിയത് പ്രതികൾക്കെതിരേ റാഗിങ് വിരുദ്ധ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ആന്റി റാഗിങ് നിയമം കൂടി ചേർത്തതോടെ പ്രതികളായ വിദ്യാർത്ഥികൾക്ക് ഇനി ഈ ക്യാംപസിൽ പഠിക്കാനാകില്ലെന്ന് കോളേജ് അധികൃതർ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയ പി.അൻഷാദിനെ ഒരു സംഘം മൂന്നാം വർഷ വിദ്യാർത്ഥികൾ ശുചിമുറിയിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. ക്ലാസിലെ പെൺകുട്ടികളോട് സംസാരിക്കുന്നോ എന്ന് ചോദിച്ചും കയ്യിലുള്ള പണം ആവശ്യപ്പെട്ടുമായിരുന്നു മർദ്ദനം.

മണിക്കൂറുകൾക്ക് ശേഷം ആശുപത്രിയിൽ വച്ചാണ് അൻഷാദിന് ബോധം വീണ്ടുകിട്ടിയത്. ആദ്യം അടിപിടി കേസായി രജിസ്റ്റർ ചെയ്ത ചക്കരക്കൽ പൊലീസ് തുടരന്വേഷണത്തിൽ സംഭവത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞു. നേരത്തെയും സമാന സംഭവങ്ങളുണ്ടായിട്ടും കാഞ്ഞിരോട് നെഹർ കോളജ് മാനേജ്മെന്റ് സംഭവം നിയന്ത്രിക്കാത്തതിനെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

എന്നാൽ സംഭവമറിഞ്ഞയുടൻ രണ്ടു പേരെ പുറത്താക്കിയെന്നും ഇതിനു ശേഷം റാഗിങ്ങിൽ പങ്കെടുത്തുവെന്നു പ്രഥമദൃഷ്ട്യാ തെളിഞ്ഞ 15 പേർക്കെതിരെ സസ്‌പെൻഷൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കോളേജ് അധികൃതർ അറിയിച്ചു.ഗുരുതരമായി പരുക്കേറ്റ റാഗിങി നിരയായ വിദ്യാർത്ഥി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിട്ടുണ്ട്.

മർദ്ദനത്തെ തുടർന്ന് ബോധരഹിതനായ വിദ്യാർത്ഥിയെ ആദ്യം വാരത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചാലമിംമ്‌സ് ആശുപത്രിയിലും കോളേജ് അധികൃതരാണ് പ്രവേശിപ്പിച്ചത് ഈ കേസിൽ ഇനി ഒരാൾ കൂടി പിടിയിലാവാനുണ്ടെന്ന് പൊലിസ് അറിയിച്ചു.
കോളേജ് അധികൃതർ 15 പേർക്ക് എതിരെ കൂടി നടപടിയെടുത്ത സാഹചര്യത്തിൽ ഇവരെയും കൂടി പ്രതിപട്ടികയിൽ ചേർക്കാൻ പൊലിസ് ആലോചിക്കുന്നുണ്ട്.