- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി രാഗിണി ദിവ്വേദിയുടെ അപ്പാർട്ട്മെന്റിൽ പൊലീസ് കണ്ടെടുത്തത് കഞ്ചാവ് നിറച്ച സിഗരറ്റുകൾ; കൈയോടെ പിടിയിലായിട്ടും പൊലീസിനൊപ്പം പോയത് ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്ത്; നടി സജ്ജനാ ഗൽറാണിയിലേക്ക് അന്വേഷണം; കണ്ണൂർ സ്വദേശി ജിംറിൻ ആഷിയുടെ പങ്കിനും കൂടുതൽ തെളിവുകൾ; ബംഗലൂരു മയക്കുമരുന്നു കേസിൽ അന്വേഷണം ഉന്നതരിലേക്ക്
ബംഗലൂരു: ബിനീഷ് കോടിയേരിയുടെ പേരിൽവരെ ആരോപണം ഉയർന്ന ബംഗലൂരു മയക്കുമരുന്നു കേസിൽ അന്വേഷണം കൂടുതൽ സെലിബ്രിറ്റികളിലേക്ക് നീങ്ങുതായി സൂചന. വെള്ളിയാഴ്ച തെന്നിന്ത്യൻ സിനിമ താരം രാഗിണി ദ്വിവേദിയുൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരു നടി സജ്ജനാ ഗൽറാണിയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു.റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ രാഹുൽ ഷെട്ടി, വീരൻ ഖന്ന എന്നിവരാണ് വെള്ളിയാഴ്ച അറസ്റ്റിലായ മറ്റു രണ്ടുപേർ. കന്നട നടി രാഗിണിയെ ബംഗലൂരുവിൽ അവർ താമസിക്കുന്ന അപ്പാർട്ടുമെന്റിൽ നിന്നാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാവിലെ 6.30തോടെ ബംഗളൂറുവിലെ അപ്പാർട്ടുമെന്റ് കവാടം കടന്നുവന്ന രണ്ടു കാറുകളിൽ നിന്നിറങ്ങിയ വനിത പൊലീസുകാർ ഉൾപ്പെട്ട സംഘത്തിന്റെ തുടക്കം മയത്തിലായിരുന്നു. വ്യാഴാഴ്ച പിടിയിലായ മയക്കുമരുന്ന വിപണന ശൃംഖലയിലെ കണ്ണി രവിശങ്കർ നൽകിയ മൊഴിയുമായി ബന്ധപ്പെടുത്തി വിവരങ്ങൾ ആരാഞ്ഞു തുടങ്ങിയ പൊലീസുമായി നടി സഹകരിച്ചില്ല. ആരെങ്കിലും നൈറ്റ് പാർട്ടിയിൽ പങ്കെടുത്തതിനെ എങ്ങിനെയാണ് മയക്കുമരുന്നുമായി ബന്ധിപ്പിക്കുക എന്ന് നടി ആരാഞ്ഞു. തനിക്ക് ലഹരി മാഫിയയുമായി ബന്ധമില്ലെന്ന് അവർ ശഠിച്ചു. വ്യാഴാഴ്ച ചോദ്യം ചെയ്യാൻ ഹാജരാവണമെന്ന സിസിബി നോട്ടീസ് നിരാകരിച്ച നടി സുഖമില്ലെന്നും തിങ്കളാഴ്ച ഹാജരാവാമെന്നും അഭിഭാഷകൻ മുഖേന അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച ഹാജരാവാൻ ആവശ്യപ്പെട്ട് മറ്റൊരു നോട്ടീസ് നൽകിയ പൊലീസ് രാവിലെ പാർപ്പിടത്തിൽ കോടതി വാറണ്ടോടെ എത്തുകയായിരുന്നു.
നാലു മണിക്കൂറോളം അപ്പാർട്ട്മെന്റ് അരിച്ചുപെറുക്കിയ പൊലീസ് കഞ്ചാവ് നിറച്ച സിഗരറ്റുകൾ കണ്ടെടുത്തു. അനുനയ വഴികൾ തേടിയിട്ടും നടി തനിക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമില്ലെന്നതിൽ ഉറച്ചുനിന്നു .രാവിലേ 10.22ന് നടിയുടെ ആവശ്യപ്രകാരം അവരുടെ അഭിഭാഷകൻ എത്തി. 10.27ന് നടിയെ സി.സി.ബി ഓഫീസിലേക്ക് ചോദ്യംചെയ്യാനായി കൊണ്ടുപോയി. നടി പുറത്തുവരുന്നത് കാത്തുനിന്ന മാധ്യമ സംഘത്തിനു നേരെ അവർ കൈവീശി സംസാരിച്ചു. പൊലീസ് വിലക്കിയിട്ടും അത് തുടർന്നു. തന്റെ ടൊയോട്ട ഇന്നോവ കാറിനടുത്തേക്ക് നീങ്ങിയ നടിയുടെ ഡ്രൈവർക്ക് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്ന താക്കോൽ പൊലീസ് കൈമാറി.അഭിഭാഷകനൊപ്പം നടി കയറിയ കാറിൽ പൊലീസ് ഇൻസ്പെക്ടർ അഞ്ജുമാല ടി.നായക്കും ഇടംകണ്ടെത്തി.
വ്യാഴാഴ്ച അറസ്റ്റിലായ ജയനഗരം ആർ.ടി.ഓഫീസിലെ ക്ലർക്ക് രവി ശങ്കറിൽ നിന്ന് ലഹരി വിപണന മേഖലയെക്കുറിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചതായി ബംഗളൂറു പൊലീസ് കമ്മീഷണർ കമൽ പന്ത് പറഞ്ഞു.അറസ്റ്റിലായ രാഹുൽ ഷെട്ടിക്ക് നടി സഞ്ജ്ജനാ ഗൽറാണിയുമായാണ് സൗഹൃദം.ഖന്നയെ ഡൽഹിയിൽ നിന്നാണ് പൊക്കിയത്.അയാളെ ബംഗളൂറുവിൽ കൊണ്ടുവരും.വലിയ നൈറ്റ് പാർട്ടികൾ ഏർപ്പാടാക്കുന്നത് ഖന്നയാണെന്നാണ് സിസിബി സംഘത്തിന് ലഭിച്ച വിവരം.
അതിനിടെ കേസിൽ കൂടുതൽ മലയാളികളുടെ പേരുവിവരങ്ങളും പുറത്തുവരികയാണ്. ലഹരിക്കടത്ത് കേസിൽ കണ്ണൂർ സ്വദേശി ജിംറിൻ ആഷിയുടെ പങ്കിന് കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. ജിംറിൻ ആഷിയുടെ പങ്ക് തെളിയിക്കുന്ന സ്ക്രീൻ ഷോട്ടുകളാണ് പുറത്ത് വന്നത്. കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദ് അനിഘയ്ക്ക് അയച്ച ചാറ്റുകളിലാണ് ജിംറിന്റെ പേരുള്ളത്. കേസിൽ ഒന്നാം പ്രതിയായ അനിഖയെ അനൂപിന് പരിചയപ്പെടുത്തിയ ജംറീൻ ആഷിക്കിനായി കേന്ദ്ര ഏജൻസി തിരച്ചിൽ ഊർജിതമാക്കി. കേസുമായി ബന്ധപ്പെട്ട് നാർകോട്ടിക്സ് ബ്യൂറോ 159 പേരെ ചോദ്യം ചെയ്യാൻ ലിസ്റ് തയ്യാറാക്കി. ആദ്യം ചോദ്യം ചെയ്യുന്നവരുടെ പട്ടികയിൽ മലയാളികളടക്കം ഉൾപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം പബ്ബ് ജീവനക്കാരും ടെക്കികളും വ്യവസായികളും ഉൾപ്പെടുന്നു.
ഓഗസ്റ്റ് 26 നാണ് ലഹരിക്കടത്ത് കേസിൽ അനൂപ് മുഹമ്മദും റിജേഷ് രവീന്ദ്രനും അനിഖയും നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയുടെ പിടിയിലായത്. കോടികൾ വിലമതിക്കുന്ന ഈ എകസ്റ്റസി പില്ലുകളും, എൽഎസ്ഡി സ്ട്രിപ്പുകളുമാണ് ഇവരിൽനിന്നും കണ്ടെടുത്തത്. സിനിമാസംഗീത രംഗത്തെ പ്രമുഖരുമായി ഈ മയക്കുമരുന്ന് സംഘത്തിന് നേരിട്ട് ബന്ധമുണ്ട് . കേസിൽ ഒന്നാം പ്രതിയായ ഡി. അനിഖ മുൻ സീരിയൽ താരമാണ്. എംഡിഎംഎ ഗുളികകൾ എകസ്റ്റസി പില്സ് എന്ന പേരിലായിരുന്നു ഇവരുടെ വിൽപന. ബെംഗളൂരു , മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ സംഘത്തിന് കണ്ണികളുണ്ട്. ബെംഗളൂരുവിലെ മയക്കുമരുന്ന് കേസിനും പിടിയിലായ അനൂപ് മുഹമ്മദിനും സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന സൂചനകൾ ലഭിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് അനൂപ് മുഹമ്മദിന്റെ സുഹൃത്താണെന്നത് കേരള രാഷ്ട്രീയത്തിലും വൻ വിവാദം ഉയർത്തുകയാണ്.
അതേ സമയം ബെംഗളൂരു മയക്കുമരുന്ന് കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത തെളിയുകയാണ്. രാഗിണി ദ്വിവേദിയെ ഇന്നും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. അറസ്റ്റിലായ മറ്റ് പ്രതികളെയും ചോദ്യം ചെയ്യും. രാഗിണിയെ അറസ്റ്റ് ചെയ്തത് കൂടുതൽ പ്രമുഖരിലേക്ക് അന്വേഷണം നീളുന്നതിന്റെ സൂചനയാണ്. മുഹമ്മദ് അനൂപുമായി ബന്ധമുള്ള മറ്റ് കണ്ണികളെ കുറിച്ചുള്ള നാർക്കോട്ടിക് കൺട്രോൾ ബ്യുറോയുടെ അന്വേഷണവും പുരോഗമിക്കുകയാണ്.