- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലുന്നവനേക്കാൾ വലുതാണ് രക്ഷിക്കുന്നവൻ; കോവിഡ് സഹായം എത്തിച്ചതിന്റെ പേരിൽ പൊലീസ് ചോദ്യം ചെയ്ത ബി.വി.ശ്രീനിവാസിന് പിന്തുണയുമായി രാഹുൽ ഗാന്ധി; ഒന്നും ചെയ്യതെ നിശബ്ദമായി ഇരിക്കുന്നതാണ് രൂക്ഷമായ കുറ്റമെന്ന് പ്രിയങ്ക ഗാന്ധിയും; യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷന് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ
ന്യൂഡൽഹി: കോവിഡ് സഹായം എത്തിച്ചതിന്റെ പേരിൽ ഡൽഹി പൊലീസ് ചോദ്യം ചെയ്ത യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വിശ്രീനിവാസിന് പിന്തുണയുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. കൊല്ലുന്നവനേക്കാൾ വലുതാണ് രക്ഷിക്കുന്നവനെന്ന് ബി.വി.ശ്രീനിവാസിനെ പിന്തുണച്ച് കൊണ്ട് രാഹുൽ പറഞ്ഞു. പ്രിയങ്ക ഗാന്ധിയും ശ്രീനിവാസിനെ പിന്തുണച്ചു കൊണ്ട് രംഗത്തുവന്നു. ഒരാളെ സഹായിക്കുന്നത് കുറ്റമാണെങ്കിൽ അത് വീണ്ടും ചെയ്യാൻ തയ്യാറാണെന്ന് പ്രിയങ്ക വ്യക്തമാക്കി.
അതേസമയം മഹാമാരിയുടെ കാലത്ത് പാവപ്പെട്ടവർക്ക് സഹായമെത്തിക്കാൻ പ്രയത്‌നിക്കുന്ന യൂത്ത് കോൺഗ്രസിനേയും ബി.വി.ശ്രീനിവാസിനേയും ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് കർണാടക ഡിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ അപമാനിക്കാൻ ശ്രമിക്കുന്നതും അവർക്കെതിരെ ഗൂഢാലോചന നടത്തുന്നതും ബിജെപിയുടെ സ്ഥിരം തന്ത്രമാണെന്നും അദ്ദേഹം വിമർശിച്ചു.
കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകൾ അനധികൃതമായി വിതരണം ചെയ്തതായും ദുരിതാശ്വസ പ്രവർത്തനത്തിനുള്ള പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള കോവിഡ് ദുരിതാശ്വാസ സംഘത്തിനെതിരേ പരാതി ഉണ്ടായത്. എന്നാൽ രാഷ്ട്രീയമായ പകപോക്കലാണ് കോവിഡ് ദുരിതാശ്വാസ പ്രവർത്തനത്തിനിടെ കേന്ദ്രസർക്കാരിൽ നിന്ന് ഉണ്ടാകുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. ജനങ്ങളെ സഹായിക്കുന്നതിനെ ഒരു കുറ്റകൃത്യമായാണ് മോദി സർക്കാർ കാണുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ട്വീറ്റിൽ പറഞ്ഞു.
ജനങ്ങൾക്ക് ഓക്സിജൻ എത്തിച്ചുകൊടുക്കുന്നത് ഒരു കുറ്റകൃത്യമാണോ? മരണാസന്നരായവർക്ക് റെംഡെസിവിർ എത്തിച്ചുകൊടുക്കുന്നത് കുറ്റമാണോ? കിടക്കകളും വെന്റിലേറ്ററുകളും ഒരുക്കുന്നത് കുറ്റകൃത്യമാണോ? രോഗികൾക്കൊപ്പമുള്ളവർക്കും ആംബുലൻസ് ഡ്രൈവർമാക്കും ഭക്ഷണം നൽകുന്നത് കുറ്റമാണോ? മോദിയെ സംബന്ധിച്ചിടത്തോളം ഇതൊക്കെ കുറ്റകൃത്യമാണെന്നാണ് കരുതേണ്ടത്. അതുകൊണ്ടാണ് ശ്രീനിവാസിനെയും മറ്റു പാർട്ടി പ്രവർത്തകരെയും ചോദ്യംചെയ്യാൻ മോദിയും അമിത് ഷായും പൊലീസിനെ യൂത്ത് കോൺഗ്രസ് ഓഫീസിലേക്ക് അയച്ചത്, സുർജേവാല ട്വീറ്റിൽ പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി.ശ്രീനിവാസിനെ ഡൽഹി ചോദ്യം ചെയ്തതാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ഉറവിടം ഏതാണെന്ന് വ്യക്തമാക്കാണമെന്ന് ചോദ്യം ചെയ്യല്ലിൽ ബി.വി.ശ്രീനിവാസിനോട് പൊലീസ് ആവശ്യപ്പെട്ടു. ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം ഉദ്യോഗസ്ഥരാണ് ശ്രീനിവാസിനെ ചോദ്യം ചെയ്തത്.
പൊലീസ് നടപടിയിൽ ഭയപ്പെട്ട് പിന്നോട്ട് പോകില്ലെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടാകുമെന്നും ചോദ്യം ചെയ്യല്ലിന് ശേഷം ശ്രീനിവാസ് പ്രതികരിച്ചു. ഞങ്ങൾ തെറ്റായിട്ടൊന്നും ചെയ്തില്ല. ഒരു ചെറിയ സഹായം പോലും ഒരു മനുഷ്യജീവൻ രക്ഷിക്കാൻ സാധിക്കും. ശ്രീനിവാസ് പറഞ്ഞു.
പ്രതികാര നടപടി കൊണ്ട് ആത്മവീര്യം ചോരില്ലെന്നും പൊലീസ് നടപടിയെ ഭയപ്പെടുന്നില്ലെന്നും കോൺഗ്രസ് വക്താവ് സുർജേ വാലയും വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി സജീവമായി രംഗത്തുള്ള ബി.വി.ശ്രീനിവാസിന് സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രശംസയാണ് ലഭിച്ചിരുന്നത്. അനധികൃതമായി കോവിഡ് ചികിത്സാ ഉപകരണങ്ങൾ വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ച് ബി.വി.ശ്രീനിവാസിനെതിരെ നേരത്തെ ഡൽഹി കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ