ന്യൂഡൽഹി: പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പാർട്ടികളെ ഐക്യപ്പെടുത്തി കൊണ്ട് മുന്നേറാനുള്ള ഒരുക്കത്തിലാണ് രാഹുൽ ഗാന്ധി. ഇതിന്റെ തുടക്കമെന്ന നിലയിലാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നിരയിലെ എംപിമാർക്ക് അദ്ദേഹം ചായസൽക്കാരം ഒരുക്കിയത്. പ്രതിപക്ഷ കക്ഷികൾക്കിടയിൽ പ്രതിഛായ മിനുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടിയാണ് രാഹുലിന്റെ നടപടി. കേന്ദ്ര സർക്കാരിനെതിരെ ഐക്യമുറപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രഭാത വിരുന്നിലേക്കു രാഹുലിന്റെ ക്ഷണം സ്വീകരിച്ച് നൂറിലധികം എംപിമാർ എത്തിയത് കോൺഗ്രസിന്റെ വരുംകാല പ്രസക്തിയെ കൂടി വ്യക്തമാക്കുന്നതായി.

പ്രതിപക്ഷ സഖ്യത്തിന്റെ മുൻനിരയിൽ രാഹുലിനെ പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളെ മുൻപ് അവഗണിച്ചിരുന്ന തൃണമൂലും പങ്കെടുത്തു. പ്രതിപക്ഷ ഐക്യത്തിന് അടിത്തറയൊരുക്കാൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തിറങ്ങിയതിന്റെ മാറ്റമാണു തൃണമൂലിൽ പ്രകടമാകുന്നത്. കേന്ദ്രത്തിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കണമെന്നു വിരുന്നിൽ രാഹുൽ പറഞ്ഞതിനെ തൃണമൂൽ പിന്തുണച്ചു. യുപിഎ കക്ഷികൾക്കു പുറമേ തൃണമൂൽ, ഇടതു പാർട്ടികൾ, എസ്‌പി എന്നിവയും വിരുന്നിനെത്തി.

അതേസമയം, പ്രതിപക്ഷത്തിന്റെ സംയുക്ത യോഗങ്ങളിൽ കഴിഞ്ഞ ദിവസം പങ്കെടുത്ത ആം ആദ്മി പാർട്ടി വിട്ടുനിന്നതു ശ്രദ്ധേയമായി. അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരായ പോരാട്ടത്തിനു കച്ചമുറുക്കുന്ന ആം ആദ്മിക്കു രാഹുലിന്റെ നേതൃത്വത്തെ അംഗീകരിക്കാൻ വിമുഖതയുണ്ട്. അരവിന്ദ് കേജ്‌രിവാളുമായി രാഷ്ട്രീയ അടുപ്പം സൂക്ഷിക്കുന്ന മമത, ആം ആദ്മിയെ പ്രതിപക്ഷ നിരയിലേക്ക് അടുപ്പിക്കുന്നതിൽ നിർണായകമാകും.

രാഹുലിന്റെ വിരുന്നിനു പോകരുതെന്ന് ബിഎസ്‌പി എംപിമാർക്ക് കർശന നിർദ്ദേശം നൽകിയ മായാവതി, കോൺഗ്രസിനോടുള്ള അനിഷ്ടം മറച്ചുവയ്ക്കുന്നില്ല. അതേസമയം രാഹുൽ ഗാന്ധി കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനം വൈകാതെ ഏറ്റെടുക്കും. അതിന് മുമ്പായി തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിൽ ഉന്നത സ്ഥാനത്ത് എത്തിയേക്കുമെന്നാണ് സൂചനകൾ. പ്രതിപക്ഷ നിരയ്ക്ക് വേണ്ടി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്ത്രം മെനയുക പ്രശാന്തായിരിക്കും.

പ്രതിപക്ഷം ഒന്നിച്ചു നിന്നാൽ, രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനത്തെ പ്രതിനിധീകരിക്കാനാവുമെന്നും ബിജെപിയെ മലർത്തിയടിക്കാമെന്നും പ്രസംഗത്തിൽ രാഹുൽ വ്യക്തമാക്കിയത് ഐക്യത്തിനുള്ള കാഹളം എന്ന നിലയിക്കാണ്. കോൺസ്റ്റിറ്റിയൂഷൻ ക്ലബിൽ നടന്ന വിരുന്നിൽ ഡിഎംകെ, എൻസിപി, ശിവസേന, ആർജെഡി, മുസ്ലിം ലീഗ്, കേരള കോൺഗ്രസ് എം, ജെഎംഎം, നാഷനൽ കോൺഫറൻസ്, എൽജെഡി എന്നിവയും പങ്കെടുത്തു. കേരളത്തിൽ നിന്ന് കോൺഗ്രസ് ഇതര കക്ഷികളിലെ എംപിമാരായ എളമരം കരീം, എ.എം. ആരിഫ്, ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ, കെ. സോമപ്രസാദ് (സിപിഎം), ബിനോയ് വിശ്വം (സിപിഐ), ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി (മുസ്‌ലിം ലീഗ്), എൻ.കെ. പ്രേമചന്ദ്രൻ (ആർഎസ്‌പി), തോമസ് ചാഴികാടൻ (കേരള കോൺഗ്രസ് എം), എം വി ശ്രേയാംസ്‌കുമാർ (എൽജെഡി) എന്നിവർ പങ്കെടുത്തു.

വൈഎസ്ആർ കോൺഗ്രസ്, ടിഡിപി, ടിആർഎസ്, ബിജെഡി, അകാലി ദൾ എന്നിവയും വിട്ടുനിന്നു. എംപിമാർ ഡൽഹിക്കു പുറത്തായിരുന്നതിനാൽ, ജെഡിഎസ്സിനെ പ്രതിനിധീകരിച്ച് ആരുമെത്തിയില്ല. ഇന്ധന വിലവർധനയ്‌ക്കെതിരെ പ്രതിപക്ഷ എംപിമാരെ നയിച്ചു പാർലമെന്റിലേക്കു സൈക്കിൾ ചവിട്ടി രാഹുൽ ഗാന്ധിയുടെ പ്രതിഷേധവും ഒരു തുടക്കമാണ്.

അതേസമയം കോൺഗ്രസിനു വേണ്ടത് ഭയമില്ലാത്ത നേതാക്കളെയാണെന്നും അല്ലാത്തവരെ പുറത്താക്കണമെന്നും രാഹുൽ ഗാന്ധി അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. 'ഭയമില്ലാത്ത ഒട്ടേറെയാളുകൾ പുറത്തുണ്ട്. അവരെ പാർട്ടിയിലേക്കെത്തിക്കണം. ഭയമുള്ളവർ നമ്മുടെ പാർട്ടിയിലുണ്ട്. അത്തരക്കാർക്ക് ആർ.എസ്.എസ്സിലേക്ക് പോകാം. ഞങ്ങൾക്കു നിങ്ങളെ ആവശ്യമില്ല. ഭയമില്ലാത്ത ആളുകളെയാണ് നമുക്ക് വേണ്ടത്. അതാണ് നമ്മുടെ പ്രത്യയശാസ്ത്രം. ഇതാണ് എനിക്ക് അടിസ്ഥാനപരമായി പറയാനുള്ളത്', രാഹുൽ വ്യക്തമാക്കി.

അടുത്തിടെ ബിജെപി.യിൽ ചേർന്ന കോൺഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ എന്നിവരെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പരാമർശം. മധ്യപ്രദേശിലെ ഒട്ടേറെ കോൺഗ്രസ് എംഎ‍ൽഎ.മാരുമായി ബിജെപി.യിലെത്തിയ സിന്ധ്യ അടുത്തിടെ കേന്ദ്രമന്ത്രിസഭാംഗമായിരുന്നു. വരുംകാലങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേതാക്കളുടെ കൊഴിഞ്ഞു പോക്ക് പിടിച്ചു നിർ്ത്തുക എന്നതാകും രാഹുൽ ഗാന്ധിയു കോൺഗ്രസും നേരിടുന്ന പ്രധാന വെല്ലുവിളി. പാർട്ടിയെയും ശക്തിപ്പെടുത്തേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങൾ.