- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെപിസിസി അംഗത്തിന്റെ ശുപാർശയിൽ ബിജെപി നേതാവിന്റെ മകൾക്ക് കേന്ദ്രീയ വിദ്യാലയത്തിൽ എംപി ക്വാട്ടയിൽ പ്രവേശനം; രാഹുൽ ഗാന്ധിയുടെ ക്വാട്ടയിൽ പ്രവേശനം ലഭിച്ചത് ബിജെപി കൽപറ്റ നിയോജകമണ്ഡലം പ്രസിഡണ്ടിന്റെ മകൾക്ക്; വയനാട്ടിലെ കോൺഗ്രസിൽ വിവാദം; രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് കൈക്കൂലിക്കാരുടെ താവളമായെന്ന് ഹൈക്കമാണ്ടിൽ പരാതിയുമായ വയനാട്ടിലെ കോൺഗ്രസുകാർ; മുസ്ലിം വിഭാഗത്തെ അവഗണിച്ചെന്ന് ലീഗ് പ്രവർത്തകരും
കൽപറ്റ: രാഹുൽ ഗാന്ധി എംപിയുടെ ക്വാട്ടയിൽ ബിജെപി നേതാവിന്റെ മകൾക്ക് കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനം ലഭിച്ചതിനെ ചൊല്ലി വയനാട്ടിലെ കോൺഗ്രസ് പാർട്ടി പ്രവർത്തകർക്കിടയിൽ പ്രതിഷേധം. പ്രവർത്തകർ ഹൈക്കമാന്റിൽ പരാതി അറിയിച്ചു. കോൺഗ്രസ് പാർട്ടി പ്രവർത്തകരുടെ മക്കളിൽ പലർക്ക് വേണ്ടിയും പ്രവേശനത്തിന് വേണ്ടി ശുപാർശ നൽകിയിരുന്നെങ്കിലും അതെല്ലാം നിരസിച്ച് ബിജെപി നേതാവിന്റെ മകൾക്ക് പ്രവേശനം നൽകിയതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്.
ബിജെപി കൽപറ്റ നിയോജക മണ്ഡലം പ്രസിഡണ്ട് ടിഎം സുബീഷിന്റെ മകൾക്കാണ് കൽപറ്റ കേന്ദ്രീയ വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ വയനാട് എംപിയുടെ ക്വാട്ടയിൽ പ്രവേശനം ലഭിച്ചത്. ബിജെപി മുൻ വയനാട് ജില്ലാ സെക്രട്ടറി ടി മാനുവിന്റെ മകനാണ് സുബീഷ്. കെപിസിസി അംഗം കൂടിയായ ഐഎൻടിയുസി നേതാവാണ് ബിജെപി നേതാവിന്റെ മകൾക്ക് വേണ്ടി ശുപാർശ നൽകിയത്. ആകെ 10 സീറ്റാണ് എംപി ക്വാട്ടയിൽ കേന്ദ്രീയ വിദ്യാലയത്തിലുള്ളത്. ഇതിൽ എട്ട് സീറ്റുകളും ഇത്തരത്തിൽ ഉന്നത സ്വാധീനമുള്ളവരുടെ മക്കൾക്കാണ് നൽകിയിട്ടുള്ളത്.
മുസ്ലിംന്യൂനപക്ഷങ്ങൾക്ക് മുൻതൂക്കമുള്ള മണ്ഡലത്തിൽ രണ്ട് സീറ്റ് മാത്രമാണ് മുസ്ലിം വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് നൽകിയിരിക്കുന്നത്. ഇക്കാരണത്താൽ മുസ്ലിം ലീഗും എംപിയുടെ ഓഫീസിനെതിരെ രംഗത്തെത്തി. വയാനാട് എംപിയുടെ ക്യമ്പ് ഓഫീസിൽ നിന്നാണ് ഇത്തരം നടപടികൾ കൈകൊള്ളുന്നത്. സീറ്റുകൾക്ക് എംപി ഓഫീസിലുള്ളവർ കൈക്കൂലി വാങ്ങിയതായും കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. എംപിയുടെ ഓഫീസ് ഗ്രൂപ്പ് പ്രവർത്തനങ്ങളുടെ താവളമായെന്നും സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകർക്ക് യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്നും വയനാട്ടിലെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ഹൈക്കമാന്റിന് നൽകിയ പരാതിയിൽ പറയുന്നു. ഡിസിസി അദ്ധ്യക്ഷൻ ഐസി ബാലകൃഷ്ണനെ പോലും പരിഗണിക്കാതെയാണ് എംപി ഓഫീസിന്റെ പ്രവർത്തനമെന്നും ആക്ഷേപമുണ്ട്.
അതേസമയം ബിജെപി നേതാവിന്റെ മകൾക്ക് രാഹുൽ ഗാന്ധി എംപിയുടെ ക്വാട്ടയിൽ കേന്ദ്രീയ വിദ്യാലയത്തിൽ പ്രവേശനം നൽകിയത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായുണ്ടാക്കിയ നീക്കുപോക്കിന്റെ ഭാഗമാണെന്ന് ഇടതുപാർട്ടികൾ ആരോപിച്ചു. സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകർ അവരുടെ മക്കൾക്ക് വേണ്ടി നൽകിയ അപേക്ഷകളെ പോലും മറികടന്നാണ് ബിജെപി നേതാവിന്റെ മകൾക്ക് സീറ്റ് അനുവദിച്ചിരിക്കുന്നത്. ഇതിൽ കോൺഗ്രസ് പ്രവർത്തകർക്ക് അമർഷമുണ്ട്.
എംപി ക്വാട്ടയിൽ ആകെയുള്ള 10 സീറ്റും പണം വാങ്ങിയാണ് നൽകിയിരിക്കുന്നത്. അതിൽ കോൺഗ്രസുകാരായ സാധാരണക്കാരുടെ മക്കൾക്ക് ഒരു സീറ്റ് പോലും നൽകിയിട്ടില്ല. എന്നാൽ ബിജെപി നേതാവിന്റെ മകൾക്ക് സീറ്റ് ലഭിച്ചിട്ടുമുണ്ട്. ഇതൊക്കെ കാണുമ്പോൾ ഏതെങ്കിലും തരത്തിൽ ബിജെപിയുമായ ഒരു നീക്കപോക്ക് ഉണ്ടാക്കിയിട്ടുണ്ടെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ കഴിയില്ലെന്നും ഇടതുപാർട്ടി പ്രതിനിധികൾ ആരോപിക്കുന്നു.