- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബിയിൽ ബാറും റസ്റ്റോറന്റും; സംസ്ഥാനത്തും വിദേശത്തും റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ; പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ കള്ളപ്പണ രേഖകൾ കണ്ടെത്തി എന്ന് ഇഡി; സംഘടനയുടെ പേരു പറഞ്ഞ് മുസ്ലിം ബിസിനസുകളെ തകർക്കാൻ ഇഡിയുടെ ശ്രമം എന്ന് പോപ്പുലർ ഫ്രണ്ട്
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെതിരെ കേന്ദ്ര ഏജൻസികളുടെ നീക്കം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും ഓഫിസ് ജീവനക്കാരുടെയും വീടുകളിലും മറ്റും നടത്തിയ റെയ്ഡുകളിൽ കള്ളപ്പണ നിക്ഷേപ രേഖകൾ കണ്ടെത്തിയതോടെയാണ് പോപ്പുലർ ഫ്രണ്ടിനെതിരായി നീക്കം ശക്തമാക്കുന്നത്.
കേരളത്തിലും വിദേശത്തും റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ടെന്നതിന്റെ രേഖകൾ കണ്ടെത്തിയിട്ടുണ്ട്. നേതാക്കളുടെ ഉടമസ്ഥതയിൽ മൂന്നാറിലെ മാങ്കുളത്തുള്ള വില്ല വിസ്റ്റ പ്രോജക്ടും, അബുദാബിയിൽ ബാറും റസ്റ്ററന്റും കള്ളപ്പണം വെളുപ്പിക്കലിന്റെ കേന്ദ്രമാണെന്നു തിരിച്ചറിഞ്ഞതായി ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു. വിദേശത്തെ വസ്തുവകകൾ സംബന്ധിച്ച രേഖകളടക്കം വിവിധ തെളിവുകൾ കണ്ടെടുത്തിട്ടുണ്ട്.
മുസ്ലിം ബിസിനസുകളെ തകർക്കാൻ ശ്രമമെന്ന് പോപ്പുലർ ഫ്രണ്ട്
എന്നാൽ സംഘടനയുടെ പേരുപറഞ്ഞ് മുസ്ലിം ബിസിനസുകളെ തകർക്കാൻ ഇഡി ശ്രമിക്കുന്നുവെന്ന് പോപുലർ ഫ്രണ്ട് ആരോപിച്ചു.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേരളത്തിൽ റെയ്ഡുകൾ നടത്തി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള മൂന്ന് പേർക്കെതിരെ മൊഴി നൽകിയത് പകപോക്കൽ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി അനീസ് അഹമ്മദ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇഡി നടത്തിയ റെയ്ഡുകളും പിന്നീട് പുറത്തിറക്കിയ വാർത്താക്കുറിപ്പിലെ അവകാശവാദങ്ങളും അടിസ്ഥാനരഹിതവും അധാർമ്മികവും ദുരുദ്ദേശപരവുമാണ്.
വൻകിട ബിസിനസ് തട്ടിപ്പുകളെല്ലാം തഴച്ചുവളരാൻ അനുവദിക്കുമ്പോൾ തന്നെ ചെറുതും വലുതുമായ സത്യസന്ധരായ മുസ്ലിം ബിസിനസുകാരെ വേട്ടയാടാൻ ഇഡിയെ വിന്യസിക്കുന്നത് വ്യക്തമായും സംഘപരിവാറിന്റെ വർഗീയ അജണ്ടയാണ്. കേരളത്തിലെ ബിജെപി നേതാക്കളുടെ 400 കോടിയുടെ കള്ളപ്പണ ഇടപാടുകൾ അന്വേഷിക്കാൻ താൽപ്പര്യമില്ലാത്ത ഇഡിയാണ് ഇപ്പോൾ നിയമാനുസൃതമായി പ്രവർത്തിക്കുന്ന മുസ്ലിം ബിസിനസുകൾക്ക് പിന്നാലെ പോകുന്നത്.
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മറ്റൊരു മുസ്ലിം വിരുദ്ധ പ്രചരണത്തിലൂടെ കൂടുതൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കുക എന്നതാണ് ആർഎസ്എസിന്റെയും ബിജെപിയുടെയും പദ്ധതി. പോപുലർ ഫ്രണ്ടിനെ ലക്ഷ്യമിടുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുകയെന്നത് അവരെ സംബന്ധിച്ചിടത്തോളം ഇപ്പോഴുള്ള രാഷ്ട്രീയ താൽപ്പര്യമാണ്. ജനങ്ങൾക്കിടയിൽ പോപുലർ ഫ്രണ്ടിന് വർധിച്ചുവരുന്ന ജനപ്രീതി മന്ദഗതിയിലാക്കാനുള്ള തീവ്രശ്രമത്തിൽ ഇഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ അവർ ദുരുപയോഗം ചെയ്യുകയാണ്.
ആർഎസ്എസിന്റെ ദേശവിരുദ്ധതക്കും ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും എതിരെ സംഘടന ഉയർത്തിപ്പിടിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാട് പൊതുസമൂഹത്തിൽ സുസ്ഥിരമാണ്. സംഘടനയ്ക്കെതിരായ ഇഡിയുടെ മാസങ്ങൾ നീണ്ട നിയമവിരുദ്ധ നടപടികളെ പോപുലർ ഫ്രണ്ട് ഡൽഹി ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച നടന്ന ഹിയറിംഗിൽ കൗണ്ടർ ഫയൽ ചെയ്യാൻ ഇഡി നാലാഴ്ചത്തെ സമയം തേടുകയും ചെയ്തു. കഴിഞ്ഞദിവസം വീടുകളിലും പ്രൊജക്ട് സൈറ്റിലും ഇഡി നടത്തിയ റെയ്ഡുകൾ കോടതിയിൽ ഉന്നയിച്ച നടപടിക്രമങ്ങൾക്ക് വിരുദ്ധമാണ്.
അടിസ്ഥാന മാനദണ്ഡങ്ങൾ പോലും പാലിക്കാതെ ഇഡി ഉദ്യോഗസ്ഥർ വീടുകളിൽ കയറിയത് പ്രായമായ കുടുംബാംഗങ്ങളെ ആഘാതത്തിലാക്കുകയും അവർ ആശുപത്രിയിൽ ചികിൽസയിലുമാണ്. വനിതാ ഉദ്യോഗസ്ഥയില്ലാതെയാണ് സ്ത്രീകൾ മാത്രമുള്ള വീട്ടിലേക്ക് ഇഡി സംഘം അതിക്രമിച്ച് കയറിയത്. ഇഡിയുടെ ഈ നിയമ ലംഘനങ്ങൾ മറച്ചുവെക്കാനാണ് ഇപ്പോൾ നിരപരാധികൾക്കെതിരെ കള്ളപ്പണത്തിന്റെ വിചിത്രമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ റെയ്ഡുകളും അവരുടെ ബിസിനസ്സിനെ സംഘടനയുമായി ബന്ധിപ്പിക്കുന്നതും അവരെ പീഡിപ്പിക്കാനും വേട്ടയാടാനും ലക്ഷ്യം വെച്ചുള്ളതാണ്.
ഇഡിയുടെയും മറ്റ് ഏജൻസികളുടെയും നീക്കങ്ങൾക്കെതിരെ സംഘടന ജനാധിപത്യപരവും നിയമപരവുമായ പോരാട്ടങ്ങൾ തുടരും. പൗരാവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നതിനും വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെ പോരാടുന്നതിനുമുള്ള ദൗത്യത്തിൽ നിന്ന് ജനകീയ പ്രസ്ഥാനമായ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയോ അതിന്റെ അംഗങ്ങളെയോ പിന്തിരിപ്പിക്കാനാവില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
അതേസമയം, പോപ്പുലർ ഫ്രണ്ട് നേതാക്കൾ അബുദാബിയിൽ ബാറ് നടത്തുന്നു എന്ന വാർത്ത പ്രവർത്തകരിലും കൗതുകമുണ്ടാക്കുന്ന കാര്യമായി. ഓഫിസുകളിൽ നിന്നും ഇവയുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകൾ കണ്ടെത്തി. കഴിഞ്ഞ എട്ടാം തീയതിയായിരുന്നു പോപ്പുലർ ഫ്രണ്ട്, റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ എന്നിവയുമായി ബന്ധപ്പെട്ട് ഇഡി റെയ്ഡിനെത്തിയത്. റെയ്ഡ് സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നതോടെ ഇഡി ഉദ്യോസ്ഥരെ തടയാൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ശ്രമിച്ചു. ഈ സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു.
കണ്ണൂർ പെരിങ്ങത്തൂരിൽ എസ്ഡിപിഐ അംഗം ഷഫീഖ് പായേത്ത്, മലപ്പുറം പെരുമ്പടപ്പിൽ പോപ്പുലർഫ്രണ്ട് ഡിവിഷനൽ പ്രസിഡന്റ് അബ്ദുൽ റസാഖ്, മൂവാറ്റുപുഴയിലെ എസ്ഡിപിഐ നേതാവ് എം.കെ.അഷറഫ് എന്ന തമർ അഷറഫ് എന്നിവരുടെ വീടുകളിലും മൂന്നാറിലെ വില്ല വിസ്റ്റ പ്രൊജക്ടിലെ ഓഫിസിലും റെയ്ഡ് നടന്നിരുന്നു. കൊച്ചിയിൽ തമർ അഷറഫിന്റെ വീട്ടിലെ റെയ്ഡ് അഞ്ഞൂറോളം പ്രവർത്തർ എത്തിയാണ് തടയാൻ ശ്രമിച്ചത്.
റെയ്ഡിൽ ക്രമക്കേടിന്റെ രേഖകൾ കണ്ടെത്തിയതോടെ ഇവരെ ചോദ്യം ചെയ്യാൻ ഡൽഹിയിലേക്ക് വിളിപ്പിക്കുമെന്ന് ഇഡി അറിയിച്ചിട്ടുണ്ട്. ഡിസംബർ എട്ടിനാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ റെയ്ഡ് നടന്നത്. പരിശോധനാ സമയത്ത് ഇഡി ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. ഇഡി സംഘം മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇഡി ഗോ ബാക്ക് മുദ്രാവാക്യം വിളികളുമായി സ്ഥലത്ത് ഇവർ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. എന്നാൽ ഭീഷണി വകവെയ്ക്കാതെ ഇഡി തെരച്ചിൽ വിജയകരമായി പൂർത്തിയാക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ