- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷനിൽ മേലുദ്യോഗസ്ഥന്റെ പീഡനം സഹിക്കാൻ കഴിയുന്നില്ലെന്ന് ജീവനക്കാരിയുടെ പരാതി; ആക്ഷേപം നേരിടുന്നത് സീനിയർ ഇലക്ട്രിക്കൽ എഞ്ചിനീയർ കെ വിജയകുമാർ; ഉദ്യോഗസ്ഥന്റെ പീഡനത്തിൽ മനംനൊന്ത് നിരവധിപേർ വോളണ്ടറി റിട്ടയർമെന്റ് എടുത്ത് ജോലി മതിയാക്കിയെന്നും ആക്ഷേപം
തിരുവനന്തപുരം: സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷനിൽ മേലുദ്യോഗസ്ഥന്റെ പീഡനം സഹിക്കാൻ കഴിയുന്നില്ലെന്ന് ജീവനക്കാരിയുടെ പരാതി. ഡിവിഷണൽ ഇലക്ട്രിക്കൽ എൻജിനീയറിങ് സെക്ഷനിലെ ജീവനക്കാരിയാണ് സീനിയർ ഇലക്ട്രിക്കൽ എഞ്ചിനീയർ(ജനറൽ) കെ.വിജയകുമാറിന്റെ പീഡനത്തിനെതിരെ ദേശീയ വനിതാകമ്മീഷനും റെയിൽവേ മന്ത്രിക്കും പരാതി നൽകിയിരിക്കുന്നത്.
ഇയാൾക്കെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് മന്ത്രിക്കും വനിതാകമ്മീഷനും പരാതി നൽകിയിരിക്കുന്നത്. കോൺട്രാക്ടർമാരുമായുള്ള അവിഹിത ബന്ധംമൂലമുള്ള ഉന്നത സ്വാധീനമാണ് നടപടി എടുക്കാതിരിക്കുന്നതെന്നാണ് ആക്ഷേപം. ഇലക്ട്രിക്കൽ എഞ്ചിനീയറുടെ പീഡനത്തിൽ മനംനൊന്ത് നിരവധിപേർ വോളണ്ടറി റിട്ടയർമെന്റ് എടുത്ത് ജോലി മതിയാക്കിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഏറിയപങ്കും ഓഫീസിലെ വനിതാ ജീവനക്കാരാണ് ജോലി മതിയാക്കി പോയിരിക്കുന്നത്.
ഇലക്ട്രിക്കൽ സെക്ഷനിലെ ജീവനക്കാരെ അടിമകളെ പോലെയാണ് ഇയാൾ കാണുന്നത്. ഇയാളുടെ ചൊൽപ്പടിയിൽ നിൽക്കാത്ത ജീവനക്കാരെയാണ് ഇല്ലാത്ത കാരണങ്ങൾ പറഞ്ഞും നിസാര കാരണങ്ങൾ പെരുപ്പിച്ചും അപമാനിക്കുകയും ചാർജ് ഷീറ്റ് നൽകി പണിഷ്‌മെന്റ് നടത്തുകയും ചെയ്യുന്നത്. വീട്ടുകാര്യങ്ങളിൽ പോലും ഇടപെട്ട് സ്ത്രീകളെ ശല്യം ചെയ്യുകയും ദ്വയാർത്ഥ പദങ്ങൾ ഉപയോഗിച്ച് സംസാരിക്കുകയുമാണ് ഇയാളുടെ രീതി. ലോക്ക്ഡൗൺ കാലയളവിൽ ഓഫീസ് സമയം കഴിഞ്ഞ് മണിക്കൂറുകളോളം വനിതാ ജീവനക്കാരെ തനിച്ച് ഓഫീസിൽ പിടിച്ചു നിർത്തി ജോലി ചെയ്യിപ്പിക്കുന്നത് പതിവായിരുന്നു. 5.30 ഓടെ ജോലി സമയം കഴിഞ്ഞിട്ടും പലരെയും രാത്രി 9 മണിവരെ അധിക ജോലിയുണ്ട് എന്ന് പറഞ്ഞ് പിടിച്ചു നിർത്തുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.
എപ്പോഴും തന്നോട് കുശലം പറയുകയും സ്വകാര്യ കാര്യങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്നവരോടാണ് ഇയാൾക്ക് ഏറെ താൽപര്യം. ഇങ്ങനെ പെരുമാറാത്തവരെ ഏതുവിധേനയും മാനസികമായി പീഡിപ്പിക്കുക എന്നതാണ് വിജയകുമാറിന്റെ വിനോദം. റെയിൽവേ ലോക്കോ പൈലറ്റുമാർക്കെതിരെയും അനാവശ്യമായി നടപടി സ്വീകരിച്ചതിന് വലിയ പ്രക്ഷോഭങ്ങൾ ഉണ്ടായിട്ടുണ്ട്. ചുരുങ്ങിയ കാലയളവിൽ 15 ഓളം പേർക്കാണ് ഇല്ലാത്ത കാരണം ചൂണ്ടിക്കാട്ടി ചാർജ്ജ് ഷീറ്റ് കൊടുത്തിരിക്കുന്നത്. പല സ്റ്റാഫുകൾക്കും ഇതു മൂലം പ്രതിമാസം പതിനായിരത്തി അഞ്ഞൂറു രൂപ വരെ പിഴ ഒടുക്കേണ്ടിയും വന്നിട്ടുണ്ട്. ജീവനക്കാരെ സഹപ്രവർത്തകരുടെ മുന്നിൽ വച്ച് അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്യും. ഇത്തരത്തിൽ മാനസിക പീഡനവും സമ്മർദ്ദവും കാരണം 7 പേരോളം ഇലക്ട്രിക്കൽ സെക്ഷനിൽ നിന്നും വോളണ്ടിയർ റിട്ടർമെന്റ് എടുത്ത് പുറത്തു പോയിട്ടുണ്ട്. വോളണ്ടിയർ റിട്ടർമെന്റ് എടുത്ത ഒരു വനിതാ ജീവനക്കാരി യാത്രയപ്പ് വേദിയിൽ വച്ച് പരസ്യമായി വിജയകുമാറിനെതിരെ പൊട്ടിത്തെറിക്കുക വരെയുണ്ടായിട്ടുണ്ട്.
വനിതാ ജീവനക്കാർക്കു പുറമേ പുരുഷ ജീവനക്കാർക്കും ഇയാളുടെ ക്രൂരത ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. ചെയ്യാത്ത പണിയുടെ ഇല്ലാത്ത രണ്ട് കരാറുകളുടെ പേരിൽ രണ്ടു ബില്ലുകൾ അടുത്തയിടെ പിടിക്കപ്പെട്ടു. ചൈന്നെയിലുള്ള കമ്പനിയുടെ പേരിൽ നൽകിയ ലക്ഷങ്ങളുടെ ബിൽ പാസാക്കാനായി ഉന്നത സമ്മർദ്ദം ഉണ്ടായി. പരാതിയെ തുടർന്ന് ഉന്നതത ഉദ്യോഗസ്ഥയെ സ്ഥലംമാറ്റുകയും ചെയ്തു. തട്ടിപ്പ് ചൂണ്ടികാട്ടിയതിനെ തുടർന്ന് ഇത് റിപ്പോർട്ട് ചെയ്ത ജീവനക്കാരെയും ഇയാൾ ഉപദ്രവിക്കുകയാണ്. അഡ്‌മിനിസ്‌ട്രേറ്റീവ് ഗ്രൗണ്ട് ട്രാൻസഫർ എന്ന പേരിലാണ് ഇയാളുടെ വിരോധം ഏറ്റുവാങ്ങിയ ജീവനക്കാരെ പല സ്ഥലത്തേക്ക് ട്രാൻസഫർ ചെയ്ത് പക തീർക്കുന്നത്. ഒരുമാസം തന്നെ നാലോളം ട്രാൻസ്ഫർ ഒരു ജീവനക്കാരന് നൽകിയിട്ടുണ്ട്. പരാതിക്കാരായ സ്ത്രീകളെ സഹായിച്ചു എന്ന കാരണമായിരുന്നു ആ ജീവനക്കാരൻ ചെയ്തത്.
ചട്ടങ്ങൾ ലംഘിച്ച് 17 വർഷമായി തിരുവനന്തപുരത്തുതന്നെ ജോലി നോക്കുന്ന ഇയാൾ കോൺട്രാക്ട് മുതലാളിമാരുടെ ഇഷ്ടതോഴനാണെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. റെയിൽവേയിൽ 5 വർഷം കഴിഞ്ഞാൽ ട്രാൻസഫർ ഉണ്ടായിരിക്കണമെന്നാണ് ചട്ടം. 15 വർഷം കഴിഞ്ഞാൽ സോൺ തന്നെ മാറണമെന്നാണ്. എന്നാൽ ഇതിന് വിപരീതമായാണ് ഇയാൾ ഇപ്പോഴും തിരുവനന്തപുരം ഡിവിഷനിൽ തന്നെ തുടരുന്നത്. പ്രമോഷൻ തടയുക, സ്ത്രീ ജീവനക്കാരെ ദ്രോഹിക്കുക തുടങ്ങി നിരവധി പരാതികൾ ഇദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. ഇദ്ദേഹത്തിന്റെ അനധികൃത സ്വത്ത് സമ്പാദ്യത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് റയിൽവേ മന്ത്രിക്കും ചെയർമാനും പരാതി നൽകിയിട്ടുണ്ട്. എന്നാൽ സതേൺ റെയിൽവേ സെൻട്രൽ ഡിവിഷനിലെ ഇയാളുടെ പിടിപാടുമൂലം പരാതികൾ ഒന്നും എങ്ങും എത്തിയില്ല.
തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജരും ഇയാളുടെ മുന്നിൽ നിസ്സഹായനാണെന്നാണ് ജീവനക്കാർ പറയുന്നത്. എന്തെങ്കിലും നടപടി എടുത്താൽ അപ്പോൾ സെൻട്രലിൽ നിന്നും വിളി വരും. പല സ്ത്രീകളും പീഡനം ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും പണിഷ്‌മെന്റ് ട്രാൻസ്ഫർ പേടിച്ച് ആരും പരാതിയുമായി മുന്നോട്ട് വരാറില്ല. ഇതു മുതലെടുത്താണ് വിജയകുമാർ ചൂഷണം നടത്തുന്നത് എന്നും ജീവനക്കാർ പറയുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.