- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉച്ചയ്ക്ക് ശേഷം ബുറെവി നൂനമർദ്ദമാകും; ചുഴലിയുടെ വികാസവും സഞ്ചാരപഥവും സസൂക്ഷ്മം നിരീക്ഷിച്ച് കേന്ദ്ര-സംസ്ഥാന സർക്കാർ സംവിധാനങ്ങൾ; തൂത്തുക്കുടിയിൽ നിന്ന് തിരുവനന്തപുരം-കൊല്ലം ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിലൂടെ വൈകുന്നേരത്തോടെ കേരളത്തിലെത്തുന്നത് തീവ്രത കുറഞ്ഞ കാറ്റ്; ആശങ്കയൊഴിഞ്ഞെങ്കിലും മുന്നൊരുക്കത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് റവന്യൂമന്ത്രി
തിരുവനന്തപുരം: ശ്രീലങ്കയിൽ വീശിയ ബുറെവി ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് ഇന്ന് ഉച്ചയ്ക്ക് ശേഷം ന്യൂനമർദമായി തെക്കൻ കേരളത്തിലെത്തും.ബുറെവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ദേശീയ ദുരന്ത പ്രതികരണ സേനാംഗങ്ങൾ തിരുവനന്തപുരത്ത് സജീവമാണ്. എന്നാൽ ആശങ്ക വേണ്ടെന്നാണ് റിപ്പോർട്ട്. എന്നാലും മുന്നൊരുക്കം തുടരുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖർ അറിയിച്ചു.
തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ നിന്ന് തിരുവനന്തപുരം-കൊല്ലം ജില്ലകളിലെ അതിർത്തി പ്രദേശങ്ങളിലൂടെ വൈകുന്നേരത്തോടെ കേരളത്തിലെത്തുക. തെക്കൻ കേരളത്തിലൂടെ സഞ്ചരിച്ച് കാറ്റ് അറബിക്കടലിലേക്കു കടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫീസുകൾക്ക് പൊതുഅവധി പ്രഖ്യാപിച്ചത് ഈ സാഹചര്യത്തിലാണ്. ന്യൂനമർദത്തിന്റെ വികാസവും സഞ്ചാരപഥവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഇതിന് അനുസരിച്ച് മുന്നറിയിപ്പുകളിൽ മാറും.
ചുഴലിക്കാറ്റിനെത്തുടർന്ന് തെക്കൻ കേരളത്തിൽ പ്രഖ്യാപിച്ച ചുവപ്പ് ജാഗ്രത പിൻവലിച്ചിട്ടുണ്ട്. പത്തു ജില്ലകളിൽ വെള്ളിയാഴ്ച യെല്ലോ അലർട്ട് മാത്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശ്ശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ബുറെവിയുടെ തീവ്രത കുറഞ്ഞതോടെയാണ് ജാഗ്രതാ നിർദ്ദേശത്തിലെ മാറ്റം. അടുത്ത 3 മണിക്കൂറിൽ തിരുവനതപുരം, കൊല്ലം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം,കോഴിക്കോട്,വയനാട് ജില്ലകളിൽ ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
'ബുറേവി' ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിൽ, തമിഴ്‌നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമർദമായി മാറി. അതിതീവ്ര ന്യൂനമർദം തമിഴ്‌നാട്ടിലൂടെ സഞ്ചരിച്ച് കൂടുതൽ ദുരബലമായി ഒരു ന്യൂനമർദമായി മാറി കേരളത്തിലേക്ക് പ്രവേശിക്കും. കേരളത്തിലേക്ക് പ്രവേശിക്കുമ്പോൾ മണിക്കൂറിൽ ഏകദേശം 30 മുതൽ 40 കിമീ വേഗതയാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ വടക്ക് കിഴക്കൻ മേഖലയിലൂടെ ന്യൂനമർദം അറബിക്കടലിലെത്തും.
കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. വിലക്ക് എല്ലാതരം മൽസ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും. ന്യൂനമർദത്തിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അനുമതി നൽകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ അനുവദിക്കുന്നതല്ല.
തിരുവനന്തപുരം വിമാനത്താവളം അടച്ചിടും
ബുറെവി ചുഴലിക്കാറ്റ് തീവ്ര ന്യൂനമർദമായി ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. ചുഴലിക്കുള്ളിലെ കാറ്റിന്റെ വേഗം മണിക്കൂറിൽ 30-40 കിലോമീറ്റർ മാത്രമായിരിക്കും. തിരുവനന്തപുരം മുതൽ എറണാകുളം വരെ ജില്ലകളിൽ കാറ്റിനു സാധ്യതയുണ്ട്.
സംസ്ഥാനത്ത് അത്യാഹിത സാധ്യത വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. പൊലീസ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ് തുടങ്ങിയ രക്ഷാസേനകളെ വിന്യസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷായുമായും ചർച്ച നടത്തിയെന്നു മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു മേഖലാ സ്ഥാപനങ്ങൾക്കും ബാധകം. ദുരന്തനിവാരണം, അവശ്യ സർവീസ്, തിരഞ്ഞെടുപ്പു ചുമതല എന്നിവയ്ക്കു ബാധകമല്ല.
തിരുവനന്തപുരം വിമാനത്താവളം ഇന്നു രാവിലെ 10 മുതൽ വൈകിട്ട് 6 വരെ അടച്ചിടും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ പോളിടെക്‌നിക് കോളജുകളിൽ ഇന്നു നടത്താനിരുന്ന സ്പോട് അഡ്‌മിഷൻ നാളത്തേക്കു മാറ്റി.
പിഎസ്‌സിയും കേരള, എംജി, കുസാറ്റ്, ആരോഗ്യ സർവകലാശാലകളും ഇന്നത്തെ പരീക്ഷകൾ മാറ്റി; പുതിയ തീയതി പിന്നീട്. പിഎസ്‌സി ഇന്നു നിശ്ചയിച്ച അഭിമുഖത്തിനു മാറ്റമില്ല. കാർഷിക, സാങ്കേതിക സർവകലാശാലകളിൽ ഇന്നു പരീക്ഷയില്ല.
മറുനാടന് മലയാളി ബ്യൂറോ