- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുലാബ് ചുഴലിയുടെ സഞ്ചാരപഥത്തിൽ ഇല്ലാതിരുന്നിട്ടും കേരളത്തിൽ രാത്രി മുഴുവൻ മഴ; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് അതീവ ജാഗ്രത; ബംഗാൾ ഉൾക്കടലിൽ ഇനിയും ന്യുനമർദ്ദ സാധ്യത; മഴക്കാലം തുടരും
തിരുവനന്തപുരം: ആന്ധ്രാതീരത്തെ ഗുലാബ് ചുഴലിക്കാറ്റ് കേരളത്തിലും മഴ എത്തിച്ചു. ഇന്നലെ രാത്രി മുഴുവൻ നല്ല മഴയാണ് കേരളത്തിൽ പെയ്തത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട് കലിംഗപ്പട്ടണത്തേക്ക് കയറിയ ഗുലാബ് ചുഴലിയാണ് കേരളത്തിൽ മഴയായി മാറിയത്. നാളെ വരെ മഴ തുടരുമെന്നാണ് പ്രവചനങ്ങൾ.
ഗുലാബ് ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ലെങ്കിലും ചൊവ്വാഴ്ചവരെ ശക്തമോ അതിശക്തമായതോ ആയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട് എന്നായിരുന്നു പ്രവചനം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് ദുരന്തനിവാരണ അഥോറിറ്റിയും അറിയിച്ചിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ കനത്ത മഴയാണ് കേരളത്തിൽ മുഴുവൻ. ചുഴലിക്കാറ്റിന്റെ പ്രഭാവം കുറയുമ്പോൾ മഴയ്ക്കും ശമനമുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ആന്ധ്രയിലും ഓഡീഷയിലും തീരം തൊട്ട് ഗുലാബ് ചുഴലിക്കാറ്റ്. മണിക്കൂറിൽ 95 കിലോമീറ്റർ വേഗതയോടെ പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ചുഴലിക്കാറ്റ് ആന്ധ്രയിലെ കലിംഗപട്ടണം- ഒഡീഷയിലെ ഗോപാൽപുർ തീരം കടക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാല് മാസത്തിനിടെ ഒഡീഷയിൽ വീശുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഗുലാബ്. നേരത്തെ യാസ് ചുഴലിക്കാറ്റ് സംസ്ഥാനത്ത് നാശനഷ്ടം വിതച്ചിരുന്നു.
നിലവിൽ അതീവ അപകടസാധ്യതയുള്ള നാല് ജില്ലകളിൽ എല്ലാ സുരക്ഷ മുൻകരുതലുകളും എടുത്തിട്ടുള്ളതായി ഒഡീഷാ മുഖ്യമന്ത്രി നവീൻ പട്നായിക് വ്യക്തമാക്കി. ഒഡീഷ ദുരന്ത നിവാരണ സേനയിലെ 42 ടീമിനെയും ദേശീയ ദുരന്ത നിവാരണ സേനയിലെ 24 സ്‌ക്വാഡിനെയും ഈ പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ സംസ്ഥാനത്തെ പൊലീസും ഫയർഫോഴ്സും പ്രവർത്തന സജ്ജരായി രംഗത്തുണ്ട്. ചുഴലിക്കാറ്റ് പ്രദേശം കടന്ന് പോകുന്നത് വരെ ജനങ്ങളോട് വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ മുഖ്യമന്ത്രി നവീൻ പട്നായിക് അഭ്യർത്ഥിച്ചു.
നിലവിലെ സ്ഥിതിയിൽ ചൊവ്വാഴ്ച വരെ കേരളത്തിൽ മഴ തുടരുമെന്നാണ് അറിയിപ്പ്. ഗുലാബിന്റെ സ്വാധീനം തീർന്നാലുടൻ തന്നെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ദ്ധർ വ്യക്തമാക്കി. അങ്ങനെയെങ്കിൽ സെപ്റ്റംബർ മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന നാലാമത്തെ ന്യൂനമർദ്ദമായിരിക്കും. അഒരു ചുഴലിക്കാറ്റും മൂന്ന് ന്യൂനമർദ്ദവുമാണ് കഴിഞ്ഞ 26 ദിവസത്തിനിടെ ബംഗാൾ കടലിൽ രൂപപ്പെട്ടത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം ഉണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ചൊവ്വാഴ്ച വരെ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും കന്യാകുമാരി മേഖലകളിലും മാലിദ്വീപ് പ്രദേശത്തും സമാനമായ കാലാവസ്ഥ ആയിരിക്കും. ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് സൗത്ത് ഒഡീഷയിലും ആന്ധ്രപ്രദേശിലെ തീരപ്രദേശങ്ങളിലും പല ഭാഗങ്ങളിലായി നേരിയ മഴയിൽ തുടങ്ങിയ അതിശക്തമായ മഴയ്ക്ക് വരെ സാധ്യതയുണ്ട്.
തെലങ്കാനയിലും ശക്തമായ മഴയോ അതിശക്തമായ മഴയോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിശക്ത മഴയിൽ ചില പ്രദേശങ്ങൾ ഒറ്റപ്പെട്ട് പോകുമെന്നും മുന്നറിയിപ്പുണ്ട്.
മറുനാടന് മലയാളി ബ്യൂറോ