തിരുവനന്തപുരം: കേരളം പ്രളയഭീതിയിൽ തന്നെ. പുഴകളെല്ലാം കര കവിഞ്ഞുയരുകയാണ്. അണക്കെട്ടുകൾ നിറഞ്ഞു. അതുകൊണ്ട് തന്നെ മഴ തുടരുന്നത് കേരളത്തിന് പ്രതിസന്ധിയാകും. മധ്യ - കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രണ്ട് ദിവസം കൂടി തുടരുമെന്ന് മുന്നറിയിപ്പ് കേരളത്തെ ആശങ്കയിലാക്കും. സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഇതിനിടെ ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ച ന്യൂനമർദ്ദത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ ന്യൂനമർദ്ദം കൂടി മഴയായി പെയ്താൽ അത് വലിയ. പ്രളയം കേരളത്തിലെത്തിച്ചേക്കും.

കന്നി മാസത്തിൽ ചൂടെന്നാണ് പഴമൊഴി. കന്നി ചൂടെന്ന വാക്കിനെ തന്നെ അപ്രസക്തമാക്കുന്നതാണ് ഇത്തവണത്തെ മഴ. ഇനി തുലമാഴക്കാലം കൂടി എത്തിയാൽ കേരളത്തിലെ ഡാമുകൾ കരകവിയും എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നില്ലെന്ന് ഉറപ്പാക്കാനും സർക്കാർ തീരുമാനം എടുക്കും. അല്ലാത്ത പക്ഷം വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തും. നവരാത്രി ആഘോഷങ്ങളേയും മഴ കാര്യമായി ബാധിച്ചിട്ടുണ്ട്.

നിലവിൽ തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം തുടങ്ങിയ ജില്ലകളിലായി ആറ് എൻഡിആർഎഫ് ടീമുകളെ സജ്ജമാക്കി നിർത്തിയിട്ടുണ്ടെന്നും അമിതമായ ഒരു ഭീതിയുടെ ആവശ്യമില്ലെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. അതിനിടെ മഴ ശക്തി പ്രാപിക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറായിരിക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് പൊലീസുദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എല്ലാ പൊലീസ് സ്റ്റേഷനുകളിലും ദുരന്തനിവാരണ സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. ജെ.സി.ബി, ബോട്ടുകൾ എന്നിവ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ക്രമീകരിക്കും.

ഇടുക്കി ഡാം നിറഞ്ഞാൽ പ്രതിസന്ധി അതിരൂക്ഷമാകും. ആലുവ ഇപ്പോഴും അപകട ഭീതിയിലാണ്. പെരിയാർ കരവിഞ്ഞൊഴുകുന്നു. മുല്ലപ്പെരിയാറും നിറയാനുള്ള സാധ്യത ഏറെയാണ്. അപകടസാധ്യത മേഖലകളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ചെയ്തു വരികയാണ്. മഴ ശക്തമായി തുടരുമെന്ന മുന്നറിയിപ്പ് ഉള്ളതിനാൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുള്ള നിർദ്ദേശവും വിവിധ ജില്ലകളിലെ കളക്ടർമാർക്ക് സർക്കാർ നൽകിയിട്ടുണ്ട്. മലബാറും മധ്യകേരളത്തിലും പ്രതിസന്ധി അതിരൂക്ഷമാണ്. രണ്ടിടത്തും മലയോര മേഖലകൾ ദുരിതത്തിലാണ്.

ചാലക്കുടി പുഴയിൽ വെള്ളം ഉയരുകയാണ്. ഇതോടെ പുഴയുടെ തീരത്തുള്ള കനാലുകൾ നിറഞ്ഞ് വെള്ളം കവിഞ്ഞൊഴുകുകയാണ്. തീരത്തുള്ള ആളുകൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്ന് അധിക ജലം ഒഴുക്കി വിടുന്നുണ്ട്. അതിരപ്പിള്ളിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചിമ്മിനി ഡാമിന്റെ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. നാല് ഷട്ടറുകളും 7.5 സെന്റീ മീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. നേരത്തെ 5 സെന്റീ മീറ്ററായിരുന്നു ഉയർത്തിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കുർമ്മാലി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര പൂർണമായും നിരോധിച്ചു. രാത്രി 7 മണിമുതൽ രാവിലെ 7 മണി വരെയാണ് യാത്രാനിരോധനം. എല്ലാ ജില്ലകൾക്കും കൃത്യമായ ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. ഏത് വിധത്തിലുള്ള അപകടങ്ങളേയും നേരിടാൻ സജ്ജമായ തരത്തിൽ വിവിധങ്ങളായ വകുപ്പും ഏജൻസികളും തമ്മിൽ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. നിലവിൽ 27 ദുരിതാശ്വാസ ക്യാമ്പുകളിലായി 622 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

അഞ്ച് മരണം, വ്യാപക നാശനഷ്ടം

സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്തമഴ. അഞ്ചുപേർ മരിച്ചു, വ്യാപകമായി കൃഷി വെള്ളത്തിലായി. പലയിടത്തും ഗതാഗതം മുടങ്ങി. മലപ്പുറം കൊണ്ടോട്ടിക്കടുത്ത് പള്ളിക്കൽ മാതാംകുളത്ത് ചൊവ്വാഴ്ച രാവിലെ അഞ്ചോടെ വീട്ടിലേക്ക് മണ്ണിടിഞ്ഞ് സഹോദരിമാർ മരിച്ചു. കാടപ്പടി വരിച്ചാൽ ചൊളാഞ്ചേരി അബൂബക്കർ സിദ്ദിഖിന്റെയും മാതാംകുളം മുണ്ടോട്ടുംപുറം സുമയ്യയുടെയും മക്കളായ ലിയാന ഫാത്തിമ (7), ആറുമാസം പ്രായമുള്ള ലുബാന ഫാത്തിമ എന്നിവരാണ് മരിച്ചത്. സുമയ്യയുടെ നിലവിളി കേട്ടെത്തിയ അയൽക്കാർ മണ്ണിനടിയിൽനിന്ന് കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. താനൂർ കടപ്പുറത്ത് അജ്ഞാത മൃതദേഹം കരയ്ക്കടിഞ്ഞു.

കൊല്ലം തെന്മല നാഗമലയിൽ തോടുമുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് എസ്റ്റേറ്റ് ലയത്തിലെ ഗോവിന്ദൻ(66) മരിച്ചു. ആലപ്പുഴ ചേർത്തലയിൽ വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണ് കടക്കരപ്പള്ളി പൊള്ളയിൽ ചിറയിൽ വാസുദേവൻ(70) മരിച്ചു. ഭിന്നശേഷിക്കാരനാണ്. കണ്ണൂരിൽ ചൊവ്വാഴ്ച രാവിലെ എട്ടരവരെയുള്ള 24 മണിക്കൂറിൽ 166.2 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. ഈ വർഷത്തെ ഉയർന്ന അളവാണിത്. തളിപ്പറമ്പിൽ ആറും തലശ്ശേരിയിൽ ഒരു വീടും തകർന്നു. കണ്ണൂരിൽ ഒരുവീട് ഭാഗികമായി തകർന്നു.

ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ മേലുകാവ് വടക്കുംചേരി ഭാഗത്ത് തിങ്കളാഴ്ച രാത്രി റോഡിലേക്ക് വീണ കല്ല് കാറിലിടിച്ച് മേച്ചാൽ തടത്തിപ്പാക്കൽ റെജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇളങ്കാട്-വാഗമൺ റോഡിന്റെ ഒരുവശം ഇടിഞ്ഞുപോയി. പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ ആലുവ ശിവക്ഷേത്രത്തിന്റെ 80 ശതമാനത്തോളം ഭാഗം വെള്ളത്തിലായി. ഈ വർഷം ഇത്രയും മുങ്ങുന്നത് ആദ്യമായാണ്. ഇടമലയാർ ഡാം സൈറ്റിൽ താളംകൊണ്ട് ആദിവാസി കോളനിയിലേക്കുള്ള വഴിയിൽ ഉരുൾപൊട്ടലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. എം.സി. റോഡിൽ മുവാറ്റുപുഴ - കൂത്താട്ടുകുളം മീങ്കുന്നത്ത് മണ്ണിടിച്ചിലിൽ മൂന്നു വീടുകൾക്ക് കേടുപാടുപറ്റി.

തൃശ്ശൂരിൽ മുവ്വായിരത്തിലേറെ ഏക്കറിൽ കൃഷിനശിച്ചു. തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ പറമ്പിക്കുളം ഡാം തുറന്നതിനെത്തുടർന്ന് ചാലക്കുടിപ്പുഴയോരത്തെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ഒട്ടേറെ കുടുംബങ്ങളെ ക്യാമ്പുകളിലേക്കുമാറ്റി. അതിരപ്പിള്ളി, തുമ്പൂർമുഴി, വാഴച്ചാൽ വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചു. മലക്കപ്പാറ റോഡിലൂടെ ഗതാഗതം നിർത്തിവെച്ചു. തിരുവനന്തപുരം കിളിമാനൂരിൽ രണ്ട് വീടുകൾ പൂർണമായും ഒരു വീട് ഭാഗികമായും തകർന്നു. വിതുരയിൽ മണ്ണിടിച്ചിലുണ്ടായി. വെഞ്ഞാറമ്മൂട് മൂന്നു വീടുകൾ തകർന്നു. ചിറയിൻകീഴിൽ എട്ട് വീടുകൾ ഭാഗികമായി തകർന്നു.

പാലക്കാട്ട് ഏഴുവീടുകൾ തകർന്നു. 1.22കോടി രൂപയുടെ കൃഷി നാശവുമുണ്ടായി. ഒരു ദുരിതാശ്വാസക്യാമ്പ് തുറന്നു. അട്ടപ്പാടി, നെല്ലിയാമ്പതി ചുരം പാതകളിൽ മണ്ണിടിഞ്ഞും മരംവീണും ഗതാഗതം തടസ്സപ്പെട്ടു. പത്തനംതിട്ടയിൽ അച്ചൻകോവിലാറ്റിലും പമ്പയിലും അപകടകരമായ വിധത്തിൽ ജലനിരപ്പ് ഉയർന്നു. കോഴിക്കോട്ട് നാലിടത്ത് ക്യാമ്പുകൾ തുറന്നു. കൂമ്പാറ ആനക്കല്ലും പാറയിൽ മഴവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. രാമനാട്ടുകരയിലും മണ്ണിടിച്ചിലുണ്ടായി. മാത്തറയിൽ റോഡ് തകർന്ന് മണ്ണുമാന്തിയന്ത്രവും ടിപ്പർ ലോറിയും വീടിനുമുകളിലേക്കു മറിഞ്ഞു.