- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനത്ത മഴയിൽ പത്തനംതിട്ട ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം; മൂഴിയാർ, കക്കി ഡാമുകളിൽ റെഡ് അലെർട്ട്; പന്തളത്ത താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിന് അടിയിൽ; വീണ്ടും മഹാ പ്രളയ ഭീതിയിൽ തെക്കൻ കേരളം; ന്യൂനമർദ്ദം അതിതീവ്രമാകുമ്പോൾ
പത്തനംതിട്ട: തെക്ക്-കിഴക്കൻ അറബികടലിലും വടക്കൻ തമിഴ്‌നാട്ടിലും സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴിയുടെ സ്വാധീനത്താൽ പത്തനംതിട്ട ജില്ലയിൽ മഴ തുടരും. വളരെ കനത്ത, തീവ്ര മഴയ്ക്കും സാധ്യത. നദീ തീരങ്ങളിൽ അതീവ ജാഗ്രത പാലിക്കുക. നദി തീരങ്ങളിൽ ഇറങ്ങരുത്. ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ നിന്ന് എല്ലാവരും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറി താമസിക്കുക. വെള്ളപ്പൊക്ക മേഖലകളിൽ ജനങ്ങൾ ആവശ്യം വന്നാൽ മാറി താമസിക്കാൻ സജ്ജരാകണം. മലയോര മേഖലയിലെ യാത്ര ഒഴിവാക്കണം.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉദ്യോഗസ്ഥർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി. മൂഴിയാർ, കക്കി ഡാമുകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. ഇവിടെ ജലനിരപ്പ് സംഭരണ ശേഷിയോട് അടുക്കുകയാണ്. തെക്കൻ കേരളത്തിൽ വലിയ മഴയാണ് പെയ്യുന്നത്. തിരുവനന്തപുരത്തും തോരാ മഴയാണ്. ഇവിടേയും ഡാമുകൾ നിറഞ്ഞു കവിഞ്ഞിട്ടുണ്ട്. എന്നാൽ പത്തനംതിട്ടയിലാണ് കൂടുതൽ ആശങ്ക.
നാഥനടിക്കളം ഭാഗത്ത് ആറ് വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് മുടിയൂർകോണം എംറ്റിഎൽപിഎസിൽ ക്യാമ്പ് ആരംഭിച്ചു. അരുവാപ്പുലം വില്ലേജിലെ തട്ടാശ്ശേരിൽ വിജയൻ, സുവർണ്ണ എന്നിവരുടെ വീട്ടിൽ പുനലൂർ മൂവാറ്റുപുഴ റോഡിന്ന് പാരലായി ഒഴുകുന്ന തോട്ടിൽ നിന്നും വെള്ളം കയറി. വീട്ടുകാർ സുരക്ഷിതമായി മാറിയിട്ടുണ്ട്. മറ്റുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. കലഞ്ഞൂർ പാടം മേഖലയിൽ ഉണ്ടായ അതിശക്തമായ കാറ്റിൽ സീമാ ഭവനം വീട്ടിൽ ശിവദാസൻ എന്നയാളും കുടുംബവും താമസിച്ചു വരുന്ന വീടിന്റെ മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റുകൾ തകർന്നു.
അടൂർ താലൂക്കിൽ ഏനാദിമംഗലം വില്ലേജിൽ മങ്ങാട് മുറിയിൽ തടത്തിൽ പടീഞ്ഞാറ്റതിൽ സരള മോഹന്റെ വീടിന് മുകളിലേക്ക് പ്ലാവ് പിഴുതു വീണ് വീടിന് ഭാഗികമായി നാശനഷ്ടം സംഭവിച്ചു. തുമ്പമൺ മാമ്പിലാലി തുണ്ടിയിൽഇടപ്പുരയിൽ വീട്ടിൽ കമലാസനന്റെ വീടിന് മുകളിലേക്ക് കനത്ത കാറ്റിലും മഴയിലും പെട്ട് ആഞ്ഞിലിമരം ഒടിഞ്ഞ് വീണ് വീടിന് ഭാഗികമായ നാശനഷ്ടം സംഭവിച്ചു. പള്ളിക്കൽ വില്ലേജിൽ ഇളംപള്ളിൽ ശാന്തമ്മയുടെ വീടിന്റെ മേൽക്കൂര ശക്തമായ മഴയിൽ ഭാഗികമായി തകർന്നു.
പത്തനംതിട്ട-കൈപ്പട്ടൂർ റോഡിലെ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സംരക്ഷണ ഭിത്തി കനത്ത മഴയിൽ ഇടിഞ്ഞു. കരിങ്കൽ കെട്ട് താഴെയുള്ള വീടിന് മുന്നിലേക്ക് പതിച്ചിരിക്കുകയാണ്. റോഡിൽ നിന്ന് ആഴത്തിലുള്ള കുഴിയും രൂപപ്പെട്ടു. റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഏതാനും വർഷങ്ങൾക്ക് മുൻപും ഈ കരയിലെ അപ്രോച്ച് റോഡ് ഇടിഞ്ഞു താണിരുന്നു. അന്ന് പൂർണമായും ഗതാഗതം തടസപ്പെട്ടു. പിന്നീട് യുദ്ധകാലാടിസ്ഥാനത്തിൽ പണിത ഭിത്തിയാണ് വീണ്ടും തകർന്നിരിക്കുന്നത്. നവംബർ ആദ്യമുണ്ടായ മഴയിൽ ഈ ഭാഗത്ത് റോഡിന് വിള്ളലുണ്ടായിരുന്നു. ഇതേ തുടർന്ന് ഈ ഭാഗത്ത് കോൺ സ്ഥാപിച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
കുറച്ചു ദിവസങ്ങൾക്ക് ശേഷം കോണും വലിച്ചു കെട്ടിയ റിബണും നീക്കി വാഹനങ്ങൾ പതിവു പോലെ യാത്ര തുടരുകയായിരുന്നു. ആ ഭാഗമാണ് ഇപ്പോൾ ഇടിഞ്ഞു താഴ്ന്നിരിക്കുന്നത്.
വിവിധ ജില്ലകളിലെ മഴ മുന്നറിയിപ്പുകൾ
14-11-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസറഗോഡ്
15-11-2021: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
14-11-2021: എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
15-11-2021: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
16-11-2021: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമർദമാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിന്റെ ഭാഗമായുള്ള മഴയും ലഭിക്കുന്നുണ്ട്. ന്യൂനമർദത്തെ കാലാവസ്ഥാ കേന്ദ്രം നിരീക്ഷിച്ച് വരികയാണ്. തെക്ക് കിഴക്കൻ അറബിക്കടലിലും വടക്കൻ തമിഴ് നാടിനു മുകളിലും ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിനാൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചിരിക്കുന്നു.
ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ/അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കൻ കേരളത്തിൽ അതിശക്ത മഴ ഉണ്ടായേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. കേരളം - ലക്ഷദ്വീപ് തീരത്ത് ശനി, ഞായർ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും പോയിട്ടുള്ള മത്സ്യത്തൊഴിലാളികൾ നവംബർ 15 നു ഉള്ളിൽ തീരത്ത് എത്തിച്ചേരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്