അബുദാബി: യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച രാവിലെ മുതൽ മഴ തുടരുന്നും. രാജ്യത്ത് അടുത്ത ഏതാനും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് ദേശീയ കാലാസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്ത് എല്ലായിടങ്ങളിലും യെല്ലോ അലെർട്ടും കനത്ത മഴ ലഭിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

റാസൽഖൈമയിലെ താഴ്‌വരകളിൽ മഴവെള്ളം ഒഴുകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വീറ്റ് ചെയ്തു. ദുബൈയിൽ എക്‌സ്‌പോ വേദിയിലും അൽ മക്തൂം വിമാനത്താവള പരിസരത്തും മഴ ലഭിച്ചു. അൽ ഐൻ, അൽ ദഫ്‌റ, അബുദാബിയിൽ അൽ മുഷ്‌രിഫ്, ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരിസരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ മഴ ലഭിച്ചു.

രാജ്യത്ത് അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. വാഹനം ഓടിക്കുന്നവർ ജാഗ്രത പുലർത്തണം. മോശം കാലാവസ്ഥ തുടരുന്ന സമയത്ത് ജലാശയങ്ങളിലും പർവത പ്രദേശങ്ങളിലും താഴ്‌വരകളിലും പോകരുതെന്ന് ദുബൈ പൊലീസ് അറിയിച്ചു. വാഹനം ഓടിക്കുന്നവർ ഇലക്ട്രോണിക് ബോർഡുകളിൽ ദൃശ്യമാവുന്ന വേഗപരിധി പാലിക്കുകയും വാഹനങ്ങൾക്കിടയിൽ ആവശ്യമായത്ര അകലം പാലിച്ച് അതീവ ജാഗ്രതയോടെ വാഹനം ഓടിക്കുകയും വേണം. ഞായറാഴ്ച രാത്രി ഒൻപത് മണി വരെ കടൽ പ്രക്ഷുബ്ധമായിരിക്കും. ആറടി വരെ ഉയരത്തിൽ തിരയടിക്കാനും സാധ്യതയുണ്ട്.