പത്തനംതിട്ട: രാജഗോപാൽ ശിൽപിയാണ്. കൊത്തു പണികളിലൂടെ ദൈവങ്ങളെ സൃഷ്ടിക്കുന്ന ശിൽപി. നാരായണ ഗുരുവിനെപ്പോലുള്ള സാമൂഹിക പരിഷ്‌കർത്താക്കളുടെയും വിവിധ ദേവീദേവന്മാരെയും രാജഗോപാൽ സൃഷ്ടിച്ചു. അതു കൊണ്ടു തന്നെ തന്റെ പണിസ്ഥലത്തിന് അദ്ദേഹമിട്ട പേരാണ് ശ്രീനാരായണ ശിൽപ്പശാല.

കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയ ഒരു വീഡിയോ ഉണ്ടായിരുന്നു. കോന്നിക്കും കുമ്പഴയ്ക്കുമിടയിൽ കിഴവള്ളൂർ എന്ന സ്ഥലത്ത് റോഡ് വികസനത്തിന്റെ പേരിൽ തങ്ങളുടെ വീട് പൊൽക്കാനെത്തിയ യന്ത്രക്കൈകൾക്ക് മുന്നിൽ നിന്ന് കരഞ്ഞു കൊണ്ടുള്ള രാജശ്രീയുടെ ലൈവ്. അത് ശ്രീനാരായണ ശിൽപ്പശാലയെ സംരക്ഷിക്കുന്നതിനായിരുന്നു. സ്വന്തം കിടപ്പാടം നഷ്ടപ്പെടാതിരിക്കാനുള്ള വിലാപമായിരുന്നു. ശിൽപി രാജഗോപാലിന്റെ മകളാണ് രാജശ്രീ.

ആകെ നാലു സെന്റ് ഭൂമിയാണ് കിഴവള്ളൂർ ശ്രീനാരായണ സദനത്തിൽ രാജഗോപാലിനുള്ളത്. അതിലൊരു വീടും പണിശാലയും. കേരളത്തിൽ അങ്ങോളമിങ്ങോളം നൂറ് കണക്കിന് ക്ഷേത്രങ്ങളിൽ ദേവീ ദേവന്മാരുടെ ശിൽപ്പങ്ങൾ നിർമ്മിച്ച് നൽകിയിട്ടുള്ള 76 കാരനായ രാജഗോപാലിനും കുടുംബത്തിനും ആകെയുള്ള 4 സെന്റിൽ രണ്ടു സെന്റും പുനലൂർ-മൂവാറ്റുപുഴ റോഡിനായി വിട്ടു നൽകി.

ശ്രീനാരായണ ശിൽപ്പശാല ഇരിക്കുന്ന ശേഷിക്കുന്ന രണ്ടു സെന്റ് സ്ഥലം പ്രാദേശിക റോഡിനായി വിട്ട് നൽകണം എന്ന് അവശ്യപ്പെട്ട് ഒരു സംഘം ആളുകൾ കഴിഞ്ഞ ദിവസം ജെസിബി ഉപയോഗിച്ച് വീടിന്റെ അടിത്തറ ഇളക്കാൻ ശ്രമം നടത്തി. വീട് അപകടത്തിലാകുന്ന ഭയത്താൽ രാജഗോപാലിന്റെ മകൾ രാജശ്രീ സംഭവം ഫെയിസ് ബുക്കിൽ ലൈവ് ഇട്ടതോടെ അക്രമികൾ താത്ക്കാലികമായി പിന്മാറുകയായിരുന്നു.

സമ്പന്നന്റ് തരിശ് ഭൂമിയിൽ തൊടൻ ഭയം. പക്ഷെ പാവപ്പെട്ടവന്റെ രണ്ട് സെന്റിലെ കിടപ്പാടം പൊളിച്ച് റോഡ് വേണം എന്ന വിചിത്രമായ ന്യായവുമാണ് ശ്രീ നാരായണ ശിൽപ്പശാലക്ക് ഒരു സംഘം ഭീഷണി ഉയർത്തുന്നത്. റോഡിന്റെ മറുവശത്തെ വ്യക്തിയുടെ തരിശ് ഭുമിയിൽ തൊടാതെ രാജഗോപാലിന്റെ 2 സെന്റ് കിടപ്പാടം പൊളിച്ച് പരുത്തിപ്പടിക്കലേക്കുള്ള റോഡ് നവീകരിക്കണമെന്ന സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ആവശ്യമാണ് അക്രമികൾ മുന്നോട്ട് വച്ചത്.

എല്ലാ സംഘടിത അക്രമങ്ങൾക്ക് നേർക്കും എന്ന പോലെ ഈ സാധു കുടുംബത്തിന്റെ ദുരവസ്ഥ ക്ക് മുന്നിലും പൊലീസ് റവന്യു അധികാരികൾ കണ്ണടച്ച് ഇരുട്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.കത്തുന്ന കെടാവിളക്കിന് മുന്നിലും പിന്നിലും എല്ലാം നിറയെ ദൈവങ്ങൾ കാവലുണ്ട്. പക്ഷെ ശ്രീനാരായണ ശിൽപ്പശാല കാക്കാൻ അവർക്കുമാകുന്നില്ല.