ജയ്പുർ: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന എംഎൽഎമാരുടെ വോട്ടുകളിൽ കണ്ണു നട്ട് ബിജെപി നീക്കം നടത്തുന്നതിനിടെ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്കു മാറ്റി. കുതിരക്കച്ചവടം ഭയന്നാണ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. അതേ സമയം മന്ത്രിയുൾപ്പെടെ ആറ് പേർ വിട്ടുനിൽക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

നാല് സീറ്റുകളിലേക്കാണ് രാജസ്ഥാനിൽ തെരഞ്ഞെടുപ്പ്. രൺദീപ് സിങ് സുർജേവാല, മുകുൾ വാസ്‌നിക്, പ്രമോദ് തിവാരി എന്നീ കോൺഗ്രസ് നേതാക്കളാണ് രാജസ്ഥാനിൽനിന്ന് രാജ്യസഭയിലേക്കു മത്സരിക്കുന്നത്. മുന്മന്ത്രി ഘനശ്യാം തിവാരിയെയാണ് ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ സുഭാഷ് ചന്ദ്രയ്ക്ക് പിന്തുണ നൽകിയിട്ടുമുണ്ട്. സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന എംഎൽഎമാരുടെ വോട്ടുകളിൽ കണ്ണിട്ടാണ് ബിജെപി സുഭാഷ് ചന്ദ്രയ്ക്ക് പിന്തുണ നൽകുന്നത്.

രാജ്യസഭാ തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ ഉദയ്പുരിലെ റിസോർട്ടിലേക്ക് എംഎൽഎമാരെ മാറ്റാനാണ് രാജസ്ഥാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം എംഎൽഎമാർ റിസോർട്ടിൽ എത്തണമെന്നായിരുന്നു നേരത്തേ നൽകിയ അന്ത്യശാസനം. ഈ സമയപരിധി ഭൂരിപക്ഷം എംഎൽഎമാർ പാലിക്കുകയും ചെയ്തു. എന്നാൽ റിസോർട്ടിൽ എത്താതിരുന്ന സൈനിക ക്ഷേമ മന്ത്രിയായ രാജേന്ദ്ര ഗുദ്ധ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ രൂക്ഷമായി വിമർശിച്ചു.

നേരത്തേ ബിഎസ്‌പിയിലായിരുന്ന ഗുദ്ധ 2019ലെ തിരഞ്ഞെടുപ്പിനു പിന്നാലെ അഞ്ച് ബിഎസ്‌പി എംഎൽഎമാർക്കൊപ്പം കോൺഗ്രസിൽ ചേരുകയായിരുന്നു. ആകെ ആറ് എംഎൽഎമാരായിരുന്നു ബിഎസ്‌പിക്ക് ഉണ്ടായിരുന്നത്. തനിക്കൊപ്പം പോന്ന എംഎൽഎമാർക്ക് ആവശ്യത്തിനു ബഹുമാനം ലഭിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസവും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നഗർ എംഎൽഎ വാജിബ് അലി, കരൗലി എംഎൽഎ ലഖാൻ സിങ്, തിജാര എംഎൽഎ സന്ദീപ് കുമാർ, ബാരി എംഎൽഎ ഗിർരാജ് സിങ്, ബാസേരി എംഎൽഎ ഖിലാഡി ലാൽ ബൈർവ എന്നിവരാണ് റിസോർട്ടിൽ എത്താത്തത്.

അതേസമയം, പാർട്ടിയിലെ മുഴുവൻ എംഎൽഎമാരും കോൺഗ്രസിൽ ചേർന്നതിനെതിരെ ബിഎസ്‌പി നൽകിയ പരാതി സുപ്രീം കോടതി പരിഗണിക്കുന്നതേയുള്ളൂ. ഈ കേസിൽ തീരുമാനം വരാതെ ഇവരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്ന് ബിഎസ്‌പി സംസ്ഥാന പ്രസിഡന്റ് ഭഗ്വാൻ സിങ് ബാബ ഗവർണർ കൽരാജ് മിശ്രയ്ക്ക് കത്തു നൽകിയിട്ടുണ്ട്.

അതിനിടെ, ആറ് എംഎൽഎമാരും സ്വതന്ത്രന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഎസ്‌പി വിപ്പ് പുറത്തിറക്കി. ജൂൺ 10ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുന്ന മാധ്യമ മേധാവി സുഭാഷ് ചന്ദ്രയ്ക്ക് വോട്ട് ചെയ്യണമെന്നാണ് വിപ്പിൽ പറഞ്ഞിരിക്കുന്നത്. 2018ൽ ബിഎസ്‌പി ചിഹ്നത്തിലാണ് എംഎൽഎമാർ മത്സരിച്ചു ജയിച്ചത്. അതിനാൽ പാർട്ടി വിപ്പിന് അനുസരിച്ച് പ്രവർത്തിക്കാൻ ബാധ്യസ്ഥരാണെന്നും ഭഗ്വാൻ സിങ് അറിയിച്ചു.

ജയ്പുരിലെ ഹോട്ടലിൽ നടന്ന കോൺഗ്രസ് ശിൽപശാലയിൽ പങ്കെടുത്ത നിയമസഭാംഗങ്ങളെയും മറ്റ് നേതാക്കളെയും ഉച്ചഭക്ഷണത്തിനായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വസതിയിലേക്ക് ക്ഷണിച്ചിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം എംഎ‍ൽഎമാരെ പൊലീസ് അകമ്പടിയോടെ ആഡംബര ബസിലാണ് ഉദയ്പുരിലേക്ക് മാറ്റിയത്. ഹരിയാനയിലെ 31 നിയമസഭാംഗങ്ങളെയും വ്യാഴാഴ്ച ഡൽഹിയിലേക്ക് വിളിപ്പിച്ച നേതൃത്വം ഇവരെ ഛത്തിസ്ഗഢിലേക്ക് കൊണ്ടുപോകാനാണ് സാധ്യതയെന്ന് പാർട്ടിവൃത്തങ്ങൾ അറിയിച്ചു.

ഡൽഹിയിലെ രാജ്യസഭ എംപി ദീപേന്ദർ ഹൂഡയുടെ വസതിയിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. അതേസമയം, ആദംപുർ നിയമസഭാംഗം കുൽദീപ് ബിഷ്ണോയി തലസ്ഥാനത്ത് എത്താത്തത് അഭ്യൂഹങ്ങൾ ഉയർത്തി്. സംസ്ഥാന സംഘടന പുനരുദ്ധാരണ വേളയിൽ പാർട്ടി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാത്തതിനാൽ നേതൃത്വവുമായി അസ്വാരസ്യത്തിൽ കഴിയുന്ന നേതാവാണ് കുൽദീപ് ബിഷ്നോയി.