- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിലിക്കൺവാലിയിലെ പ്രണയവും ഇന്റലിലിലെ ചിപ്പും മണിപ്പാലിലെ പഠനവും; ടിപിജി നമ്പ്യാരുടെ മകളുമായുള്ള പ്രണയ വിവാഹം നൽകിയത് ബിപിഎൽ എന്ന ബ്രാൻഡിനെ; ജൂപ്പിറ്റർ കാപ്പിറ്റലുമായി സ്വന്തമാക്കിയത് ഏഷ്യാനെറ്റ് എന്ന മുതൽ; ടുജിയും ഐടിആക്ടിലെ ഇടപെടലും ബിജെപിയുടെ മാനസപുത്രനാക്കി; പുതുച്ചേരിയിലൂടെ പൂവണിയുന്നത് മൂന്നാം സ്വപ്നം; രാജീവ് ചന്ദ്രശേഖറിന്റെ ജീവിതം വിമർശനങ്ങളുടേതും
ബംഗളൂരു: അങ്ങനെ ആ മോഹം ഫലിക്കുകയാണ്. കേരളത്തിലെ നേതാക്കളുടെ എതിർപ്പ് അവഗണിച്ച് കേന്ദ്ര മന്ത്രിസഭയിൽ എത്തുന്ന വ്യവസായ പ്രമുഖൻ. കാശിന്റെ മാത്രം പിൻബലത്തിൽ അല്ല ഈ അംഗീകാരം. രാജീവ് ചന്ദ്രശേഖർ കർണാടകത്തിൽനിന്നുള്ള രാജ്യസഭാംഗവും പ്രമുഖ വ്യവസായിയുമാണ്. എന്നാൽ പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ.യെ വിജയത്തിലെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതാണ് രാജീവ് ചന്ദ്രശേഖറിന് മന്ത്രിസഭാ പ്രവേശം എളുപ്പമാക്കിയത്. പുതുച്ചേരിയിൽ ബിജെപി.യുടെ തിരഞ്ഞെടുപ്പു ചുമതല ദേശീയ നേതാവായിരുന്നു രാജീവ് ചന്ദ്രശേഖർ.
പഠനശേഷമുള്ള വലിയ ആഗ്രഹം ടെലികോം ബിസിനസ്സുകാരനാകുക എന്നതായിരുന്നു. ബിപിഎൽ എന്ന സ്ഥാപനത്തെ കൈവിട്ട് മാധ്യമ മേഖലയിലെത്തിയത് രാഷ്ട്രീയ മോഹങ്ങൾ കാരണവും. രണ്ടും അതിവേഗം നടന്നു. പക്ഷേ കേന്ദ്ര മന്ത്രിയാവുകയെന്ന സ്വപ്‌നത്തിന് കുറച്ചു വർഷങ്ങൾ തന്നെ കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയും പിന്തുണയോടെ രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രിയാകുന്നു. ബിജെപിയുമായുള്ള ബന്ധത്തിന്റെ പേരിൽ ഇടതുപക്ഷം കടന്നാക്രമിക്കുന്ന വ്യവസായി കൂടിയാണ് ഇദ്ദേഹം. ഭാര്യാ പിതാവിനെ ചതിച്ചവൻ എ്‌ന പട്ടം പോലും സൈബർ സഖാക്കൾ ഈ വ്യവസായിക്ക് നൽകിയിട്ടുണ്ട്.
2006-ൽ രാജീവ് ചന്ദ്രശേഖർ ആരംഭിച്ച വ്യവസായ സംരംഭമായ ജൂപ്പിറ്റർ കാപ്പിറ്റൽ എന്ന സ്ഥാപനം ഏഷ്യാനെറ്റ് ന്യൂസ്, സുവർണ, കന്നഡപ്രഭ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളുൾപ്പെടെയുള്ളവയുടെ ഓഹരികൾ കൈയാളുന്ന ബൃഹദ് സ്ഥാപനമാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ ചെയർമാനായിരുന്ന അദ്ദേഹം മൂന്നാമതും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ പദവി രാജിവെക്കുകയായിരുന്നു. അപ്പോഴും ഈ സ്ഥാപനത്തിന്റെ ഉടമ രാജീവ് ചന്ദ്രശേഖരൻ തന്നെയാണ്. ടെലികോം സംരഭകരനിൽ നിന്നും മന്ത്രിപദത്തിലെത്തുന്ന വ്യവസായി. 2006-ൽ കർണാടകത്തിൽനിന്ന് ആദ്യമായി സ്വതന്ത്രനായും 2012-ൽ ബിജെപി. പിന്തുണയോടെയും രാജ്യസഭയിലെത്തി. 2018-ൽ ബി.ജെ.പയിൽ ചേർന്നാണ് വീണ്ടും രാജ്യസഭയിലെത്തിയത്. ഇത് രാഷ്ട്രീയ ജീവിതത്തിൽ നിർണ്ണായകവുമായി.
കർണ്ണാടകയിൽ ബിജെപിയെ അധികാരത്തിൽ എത്തിക്കുന്നതിൽ രാജീവ് ചന്ദ്രശേഖറിന് നിർണ്ണായക പങ്കുണ്ട്. യദൂരിയപ്പയ്ക്കുള്ള എതിർപ്പുകളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള തന്ത്രമൊരുക്കിയത് രാജീവ് ചന്ദ്രശേഖറാണ്. കർണ്ണാടകം വിട്ട് കേരളത്തിൽ രാഷ്ട്രീയ ചുവടുറപ്പിക്കാനും ശ്രമിച്ചു. എന്നാൽ വി മുരളീധരപക്ഷം അതിനെ ചെറുത്തു. രാജീവ് മന്ത്രിയാകാതിരിക്കാനും കേരള നേതാക്കൾ ചില കളികൾ കളിച്ചു. അപ്പോഴും മോദി കൈവിട്ടില്ല. അമിത് ഷായുടെ പിന്തുണയോടെ സഹമന്ത്രിയാകുന്നു. ഐടിയും നൈപുണ്യ വികസനവുമാണ് വകുപ്പുകൾ.
തൃശ്ശൂർ ദേശമംഗലം കൊണ്ടയൂരിലെ റിട്ട. എയർ കമ്മഡോർ എം.കെ. ചന്ദ്രശേഖരന്റെയും ഉണ്ണിയാട്ടിൽ ആനന്ദവല്ലിയുടെയും ഏകമകനാണ്. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് എൻജിനിയറിങ് പഠനശേഷം ഷിക്കാഗോയിലെ ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തരബിരുദം നേടി. ഹാർവാർഡ് സർവകലാശാലയിൽ അഡ്വാൻസ്ഡ് മാനേജ്മെന്റ് പ്രോഗ്രാമും പൂർത്തിയാക്കി. ഇതിനിടെ മനസ്സിൽ മൊട്ടിട്ട പ്രണയമാണ് രാജീവിനെ വ്യവസായിയാക്കുന്നത്. ബി.പി.എൽ. സ്ഥാപകൻ ടി.പി.ജി. നമ്പ്യാരുടെ മകൾ അഞ്ജുവിനെ അമേരിക്കയിൽ വച്ച് കണ്ടത് നിർണ്ണായകമായി. അങ്ങനെ ബിപിഎല്ലിൽ രാജീവും എത്തി.
1985-91 കാലയളവിൽ സിലിക്കൺ വാലിയിൽ ടെക്‌നോളജി െപ്രാഫഷണലായി പ്രവർത്തിച്ചു. 1991-ൽ ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ബി.പി.എൽ. സിസ്റ്റംസ് ആൻഡ് പ്രോജക്ട്സിന്റെ എക്‌സിക്യുട്ടിവ് ഡയറക്ടറായി. തുടർന്ന് ബി.പി.എൽ. ഇന്നൊവേഷൻ ബിസിനസ് ഗ്രൂപ്പിന് നേതൃത്വം നൽകി. ഇന്ത്യയിൽ മൊബൈൽ വിപ്‌ളവം യാഥാർഥ്യമാക്കിയ സംരംഭകരിലൊരാളാണ്. ബെംഗളൂരുവിലെ ജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന 'നമ്മ ബെംഗളൂരു ഫൗണ്ടേഷന്റെ' സ്ഥാപക ട്രസ്റ്റിയാണ് രാജീവ് ചന്ദ്രശേഖർ. വേദ്, ദേവിക എന്നിവർ മക്കളാണ്.
അഹമ്മദാബാദിൽ നിന്നും സിലിക്കോൺവാലി വഴി ബംഗ്‌ളൂരുവിൽ
2006 മുതൽക്കേ രാജ്യസഭാ എംപി സ്ഥാനം വഹിച്ചുപോരുന്ന രാജീവ് ചന്ദ്രശേഖർ 2006 -ൽ,ബിജെപിയുടെയും ജനതാദളിന്റെയും പിന്തുണയോടെ, കർണാടകയിൽ നിന്നാണ് ആദ്യമായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. എയർ കമ്മഡോർ എംകെ ചന്ദ്രശേഖർ എന്ന എയർഫോഴ്‌സ് ഓഫീസറുടെ മകനായി ഗുജറാത്തിലെ അഹമ്മദാബാദിൽ ജനിച്ച രാജീവ് ചന്ദ്രശേഖർ സിലിക്കൺ വാലിയിലെ ഇന്റൽ എന്ന സെമികണ്ടക്ടർ ചിപ്പ് നിർമ്മാണ കമ്പനിയിൽ ഒരു ടെക്കി എന്ന നിലയിലായിരുന്നു ഔദ്യോഗിക ജീവിതം തുടങ്ങിയത്. രാജീവ് ചന്ദ്രശേഖർ അടങ്ങുന്ന പ്രോജക്ട് ടീം ആണ് കമ്പ്യൂട്ടറുകളുടെ ചരിത്രത്തിലെ നിർണായകമായ ഒരു വഴിത്തിരിവായ 32-bit 80486 മൈക്രോപ്രൊസസർ വികസിപ്പിച്ചെടുക്കുന്നത്. ഇന്ത്യക്കാരനായ ഒരു ടെക്കി സ്വപ്നം കണ്ടിരുന്ന എല്ലാ ഉയരങ്ങളെയും കയ്യെത്തിപ്പിടിച്ച തൊണ്ണൂറുകളിലാണ് രാജീവ് ചന്ദ്രശേഖർ, അമേരിക്കയിലെ തന്റെ കരിയർ അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങി വരുന്നതും, ബിപിഎൽ എന്ന ഇന്ത്യൻ ഇലക്ട്രോണിക്‌സ് കമ്പനിയുടെ അമരക്കാരനാകുന്നതും.
1994 -ൽ, സെല്ലുലാർ ടെലികോം മേഖലയിൽ ഒരു പുതുസംരംഭം കെട്ടിപ്പടുക്കാനുള്ള സ്വപ്നങ്ങളുമായി നടക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. ഫ്രാൻസ് ടെലികോം എന്ന കമ്പനിയുമായി ചേർന്ന്, ഇന്ത്യയിൽ ആദ്യമായി സെല്ലുലാർ ടെലികോം ലൈസൻസ് നേടിയ സ്ഥാപനങ്ങളിൽ ഒന്ന് ബിപിഎൽ ആയിരുന്നു. എന്നാൽ, കാലക്രമേണ മൊബൈൽ ടെലികോം മേഖലയിലെ മത്സരം കടുത്തതോടെ, 2005 -ൽ ഒരു ബില്യൺ ഡോളറിന് ബിപിഎല്ലിനെ ഹച്ചിസൺ എസ്സാറിനു വിറ്റ് രാജീവ് ചന്ദ്രശേഖർ ടെലികോം സെക്ടറിൽ നിന്ന് പുറത്തു കടന്നു.
2006 -ൽ, ഒരു സ്വകാര്യ നിക്ഷേപകൻ എന്ന നിലയ്ക്ക് 100 മില്യൺ ഡോളറിന്റെ മൂലധനത്തിൽ രാജീവ് ചന്ദ്രശേഖർ ആരംഭിച്ച വ്യവസായ സംരംഭമായ ജൂപ്പിറ്റർ കാപ്പിറ്റൽ, ഇന്ന് മാധ്യമസ്ഥാപനങ്ങൾ മുതൽ വ്യോമയാനം വരെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു ബൃഹദ് സ്ഥാപനമായി വളർന്നു കഴിഞ്ഞു. രാജ്യസഭയിൽ എത്തിയ ശേഷം 2G സ്‌പെക്ട്രം വിതരണത്തിൽ അഴിമതി ആരോപിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖർ രാജ്യസഭയിൽ നടത്തിയ സമയോചിതമായ ഇടപെടലുകൾ ബിജെപിയുടെ പ്രിയപ്പെട്ട വ്യവസായിയാക്കി.
കോൺഗ്രസ് മന്ത്രിസഭ 'ഐടി ആക്ട് സെക്ഷൻ 66 എ' ദുരുപയോഗം ചെയ്യുന്നു എന്നാക്ഷേപിച്ചും അദ്ദേഹം നിരന്തരം സഭയിൽ പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. 'സ്വകാര്യതയ്ക്കുള്ള അവകാശം'(Right to Privacy) സംബന്ധിച്ച ബിൽ 2010 -ൽ പാർലമെന്റിൽ അവതരിപ്പിച്ച രാജീവ് ചന്ദ്രശേഖർ സ്വതന്ത്രവും സൗജന്യവുമായ ഇന്റർനെറ്റ് സേവനങ്ങൾക്കും 'നെറ്റ് ന്യൂട്രാലിറ്റി'ക്കും വേണ്ടി നിരന്തരം പ്രവർത്തിച്ചു പോന്നിട്ടുണ്ട്. വീരചരമം അടഞ്ഞിട്ടുള്ള സൈനികരുടെ ക്ഷേമത്തിന് വേണ്ടിയും അദ്ദേഹം നടത്തിയ പരിശ്രമങ്ങളും പ്രശംസാർഹമാണ്. ഡൽഹിയിൽ ഒരു 'നാഷണൽ വാർ മെമോറിയൽ' സ്ഥാപിക്കണം എന്നുള്ള രാജീവ് ചന്ദ്രശേഖർ എംപിയുടെ 2007 മുതലുള്ള ആവശ്യം ഒടുവിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം സാക്ഷാത്കരിക്കപ്പെടുകയുണ്ടായി.
പാർലമെന്റിൽ കർണാടകത്തിൽ നിന്നുള്ള രാജ്യസഭംഗം എന്ന നിലയ്ക്ക് തന്റെ മൂന്നാം ഊഴം പിന്നിടുന്ന അദ്ദേഹം, നിലവിൽ ബിജെപിയുടെ ദേശീയ വക്താവ് കൂടിയാണ്. അതിന് പുറമെ പാർലമെന്റിന്റെ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി അംഗം, പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അംഗം എന്നീ നിലകളിലും രാജീവ് ചന്ദ്രശേഖർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ 'നാഷണൽ കൊയാലിഷൻ ടു പ്രൊട്ടക്റ്റ് ഔർ ചിൽഡ്രൻ'(NCPOC) ന്റെ കൺവീനറും, വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സെന്റർ ഫോർ എക്കണോമിക്‌സ് സ്റ്റഡീസിന്റെ വൈസ് ചെയര്മാനുമാണ് അദ്ദേഹം. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് & ഇൻഡസ്ട്രി (FICCI) യുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റും രാജീവ് ചന്ദ്രശേഖർ തന്നെയാണ്.
രാജീവ് ചന്ദ്രശേഖറിന്റെ ഉദയം BPL ന്റെ തകർച്ചയും: സോഷ്യൽ മീഡിയയിൽ വൈറലായ രാജീവ് ചന്ദ്രശേഖറിനെ വിമർശിക്കുന്ന പഴയൊരു ലേഖനം
ഏഷ്യാനെറ്റിന്റെ ഉടമയും ഭാവി കേരള മുഖ്യമന്ത്രി എന്ന് സ്വയം കരുതുകയും ചെയുന്ന രാജീവ് ചന്ദ്രശേഖരന്റെ ചരിത്രം ഓരോ മലയാളിയും അറിഞ്ഞിരിക്കേണ്ടതാണു . 1963 ൽ , അതായത് രാജീവ് ചന്ദ്രശേഖർ ജനിക്കുന്നതിനും ഒരു വർഷം മുൻപ് അമേരിക്കൻ മലയാളിയായ TP ഗോപാലൻ നംബ്യാർ , BPL എന്ന കംബനി സ്ഥാപിചു . പ്രധിരോധ സേനക്ക് വേണ്ടി വയർലസ്സിൽ ഉപയോഗിക്കുന്ന ചില സർക്ക്യുട്ടുകളും മറ്റും നിർമ്മിചു കൊണ്ടായിരുന്നു BPL ന്റെ തുടക്കം . പിന്നീടത് മെഡിക്കൽ എക്യുപ്‌മെന്റ്സും തുടർന്ന് ഇലക്ട്രോണിക് ഗ്രഹോപകരണങ്ങളും നിർമ്മിക്കുന്ന ഇന്ത്യയിലെ വൻ കിട സ്ഥാപനമായി വളർന്നു . 1990 ആയപ്പോഴേക്കും 4500 കോടി രൂപ വിറ്റുവരവുള്ള ഇന്ത്യയിലെ ആദ്യത്തെ 10 വലിയ ബ്രാഡുകളിൽ ഒന്നായി ബി പി എൽ വളർന്നിരുന്നു
1964 മെയിൽ മലയാളി എയർ ഫോർസ്സ് ഓഫീസറുടെ മകനായി ഗുജറാത്തിൽ ജനിച രാജീവ് പഠനം പൂർത്തിയാക്കി അമേരിക്കയിൽ ' ഇന്റൽ iT ' കംബനിയിൽ ചേർന്നു. അതേ സമയം തന്നെ TPG നംബ്യാരുടെ മകൾ 'അൻഞ്ചു ' അമേരിക്കയിൽ MBA പഠിക്കാൻ വന്നത് . അൻഞ്ചു , രാജീവ് ചന്ദ്രശേഖരനുനായി അവിടെ വെച്ച് പരിചയപ്പെട്ടു .ആ പരിചയം വളർന്ന് അവർ തമ്മിൽ വിവാഹിതരാകുകയും ചെയ്തു .
വിവാഹത്തോടെ TPG നംബ്യാർ മരുമകനെ BPLൽ എക്സിക്യൂട്ടീവ് ഡിറക്റ്റർ ആയി നിയമിചു . ആ സമയമാണു ഫോൺ സേവന വിപണിയിലേക്ക് BPL കടക്കാൻ തീരുമാനുച്ചത് . TGP നംബ്യാർ BPL ന്റെ മാനുഫാക്ചറിങ് യൂണിറ്റ് , സഹോദരി ഭർത്താവിനെ ഏൽപിച്ചു . ടെലിക്കോം യൂണിറ്റ് മരുമകൻ രാജീവ് ചന്ദ്രശേഖറെയും ഏൽപിച്ചു. തൊണ്ണൂറുകളിലെ ഉദാര വൽക്കരണ നയത്തോടെ വിദേശ ഉൽപന്നങ്ങളുമായി മൽസരിക്കേണ്ടിവന്ന BPL ന്റെ പ്രതാപത്തിന്റെ തകർച്ചയുടെ തുടക്കം കുറിച്ചിരുന്നു . എന്നാൽ മൊബെയിൽ ഫോൺ വിപണി ആണെങ്കിൽ വൻ വളർച്ച രേഖപ്പെടുത്തുകയും ചെയ്ത്യ . ഈ സമയം തന്ത്രപൂർവം രാജീവ് ചന്ദ്രശേഖർ BPL മൊബെയിലിന്റെ ഓഹരികളെല്ലാം തന്റെ പേരിൽ ആക്കിയിരുന്നു . മരുമകൻ ആയതുകൊണ്ട് ആ മേഖലയിൽ TPG നംബ്യാർ അധികം ശ്രദ്ധ ചെലുത്തിയിരുന്നില്ല .
കാര്യങ്ങൾ കൈവിട്ട് തുടങ്ങിയത് TPG നംബ്യാർ അറിഞ്ഞത് വളരെ വൈകിയാണ് . അതോടെ മരുമകൻ കൈക്കലാക്കിയ ഓഹരികൾ തിരികെ കിട്ടാൻ അദ്ദേഹം നിയമ നടപടി തുടങ്ങി . എന്നാൽ രാജീവ് ചന്ദ്രശേഖറിന്റെ ഭാര്യയും തന്റെ മകളുമായ അഞ്ജുവിന്റെ ആവശ്യപ്രകാരം എല്ലാ കേസുകളും നിരുപാധികം പിൻവലിക്കേണ്ടിവന്നു നംബ്യാർക്ക് . അങ്ങനെ 2005 ൽ തന്റെ കയിലുള്ള BPL മൊബൈൽ ഷെയറുകളെല്ലാം രാജീവ് ചന്ദ്രശേഖർ ' ഹച്- എസ്സാർ ' ഗ്രൂപ്പിന് 1450 കോടി രൂപക്ക് വിറ്റു . തുടർന്ന് ആ പൈസ കൊണ്ട് ജൂപിറ്റർ ക്യാപിറ്റൽ എന്ന സ്ഥാപനം തുടങ്ങി . 2006 ൽ 150 കോടി രൂപ മുടക്കി മലയാളത്തിലെ മുൻ നിര ചാനലായ ഏഷ്യാനെറ്റിന്റെ 51% ഓഹരി രാജിവ് വാങ്ങി .
അത്യാശ്യം തട്ടിപ്പിലൂടെ കുറച് പൈസ കയ്യിൽ വരുന്ന മുതലാളിമാർ ഒക്കെ പയറ്റുന്ന തന്ത്രം ആണല്ലൊ രാഷ്ട്രീയം . രാഷ്ട്രീയ പിൻ ബലം തേടി പോവാതെ സ്വയം രാഷ്ട്രീയക്കാരൻ ആകാൻ തീരുമാനിച്ചു രാജീവ് .
2006 ൽ പണം മുടക്കി MLA മാരെ വിലയ്‌ക്കെടുത്ത് രാജീവ് രാജ്യസഭ എംപിയായി . 2013 ലും അതുപോലെ തന്നെ വിജയം ആവർത്തിചു രാജീവ് . ആ സമയമാണു നരേന്ദ്ര മോദി തരംഗം ഇന്ത്യയിൽ വരുന്നത് . സ്വതന്ത്രനായി ജയിച രാജീവ് പതിയെ BJP യിലേക്ക് ചാഞ്ഞു തുടങ്ങി . 2013 ൽ ഏഷ്യാനെറ്റ് ന്യസ് മാത്രം കൈവശം വെച് കൊണ്ട് മറ്റു ഏഷ്യാനെറ്റ് ചാനലുകൾ സ്റ്റാർ ഇന്ത്യക്ക് കൈമാറി അയാൾ .
അത്രയും നാൾ മലയാളത്തിലെ മുൻ നിര ചാനലായി ഒട്ടൊക്കെ നിക്ഷ്പക്ഷമായി പ്രവർത്തിച്ചുവന്നിരുന്ന ഏഷ്യാനെറ്റ് പതിയെ സങ്കി പക്ഷത്തേക്ക് ചാഞ്ഞു തുടങ്ങിയത് അപ്പോൾ മുതലാണു . ഇതിന്റെ തുടക്കം ഏത് വിഷയത്തെക്കുറിച്ച് ചർച്ച വന്നാലും ഏതെങ്കിലും BJP നേതാക്കളെ ഏഷ്യാനെറ്റിൽ ചർച്ചക്ക് കൊണ്ടുവന്ന് ഇരുത്തിതുടങ്ങിയതിലൂടെയാണു .
അതു വരെ നാട്ടിൽ അറിയപ്പെടുന്ന BJP നേതാക്കൾ വിരലിൽ എണ്ണാവുന്നവരായിരുന്നെങ്കിൽ , ഏഷ്യാനെറ്റിലൂടെ സുരേന്ദ്രനും , രാജേഷും , ഗോപാലകൃഷ്ണനും മുതൽ TG മോഹൻദാസ് വരെ മലയാളികൾക്ക് സുപരിചിതനായി . ഇനിയുള്ള കാലം കേരളത്തിൽ BJP യുടെ കാലമാണെന്ന് രാജീവ്വ് ചന്ദ്രശേഖരനെ ആരോ തെറ്റ്ധരിപ്പിച്ചിരിക്കുകയാണു . കേരളത്തിൽ BJP ഭരണത്തിൽ കയറുംബോൾ മുഖ്യമന്ത്രി ആകണമെങ്കിൽ ഇപ്പോഴേ പിടിമുറുക്കണം എന്ന് മനസിലാക്കി രാജീവ് തന്റെ രാഷ്ട്രീയ പ്രവർത്തനം കേരളത്തിലേക്ക് മാറ്റിയത് .
അടുത്ത ലോകസഭ ഇലക്ഷനു തിരുവനന്തപുരത്ത് മൽസരിക്കാൻ കച്ചകെട്ടി ഇറങ്ങിയ രാജീവിന്റെ ആദ്യ നീക്കം തന്നെ അടി പിഴച്ചു . ശശി തരൂർ എം പി ക്കു നേരെ രാജീവ് തന്റെ പുതിയ ചാനലായ റിപ്പബ്ലിക്കിലൂടെ കൊണ്ടുവന്ന വിവാദം നനഞ്ഞ പഠക്കമായി മാറി എന്ന് മാത്രമല്ല , കോടതി വിമർശ്ശനത്തിനു പാത്രമായി . തുടർന്നും പിന്മാറാതെ തരൂരിന്റെ ജനസമ്മതി ഇടിക്കാൻ മാധ്യമപ്രവർത്തകർ എന്ന പേരിൽ ഗുണ്ടകളെ ഇറക്കിയിരിക്കുകയാണു ചന്ദ്രശേഖരൻ മുതലാളി . ശശി തരൂർ പ്രത്യക്ഷപ്പെടുന്ന പൊതു വേദികളിൽ ഒച്ചയിട്ട് അലംബുണ്ടാക്കാനായി മാത്രം നാലു ക്യാമറാമാൻ മാരെയും റിപ്പോർട്ടർ മാരെയും പറഞ്ഞു വിട്ടിരിക്കുകയാണു ഇപ്പോൾ .
രാജീവ് ചന്ദ്രശേഖർ ഇല്ലാതാക്കിയ BPL എന്ന ഇന്ത്യക്കാരുടെ ഇഷ്ടപ്പെട്ട ബ്രാഡ് ഇന്ന് TGP നംബ്യാരുടെ മകൻ അജിത് നംബ്യാരുടെ നേതൃത്വത്തിൽ വളർച്ചയുടെ പാതയിലാണ് . പ്രമുഖ ഇ കൊമേർസ്സ് സ്ഥാനപനമായ ആംസോണും , ഫ്ലിപ്പ് കാർട്ടുമായുള്ളാ കരാർ BPL നെ പഴയ പ്രതാപത്തിലേക്ക് നയിക്കും എന്ന് തന്നെയാണു അജിത് നംബ്യാർ വിശ്വസിക്കുന്നത് , ഒപ്പം BPL എന്ന ബ്രാൻഡിനെ സ്നേഹിക്കുന്ന ഇന്ത്യക്കാരും
(സിപിഎം അനുകൂല ഫെയ്സ് ബുക്ക് പോസ്റ്റുകൾ കൊണ്ട് ശ്രദ്ധേയനായ അനീഷ് ഷംസുദ്ദീൻ എഴുതിയ ഈ ലേഖനം മറുനാടൻ മലയാളിയുടെ അഭിപ്രായം അല്ല. ലേഖകൻ ഫെയ്സ് ബുക്കിൽ എഴുതിയതാണ് ഇത്)
മറുനാടന് മലയാളി ബ്യൂറോ