- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യോമസേനയിൽ പൈലറ്റ് ആകാൻ മോഹിച്ചെങ്കിലും കണ്ണടകൾ തടസ്സമായി; പറക്കാനുള്ള മോഹം സഫലമാക്കിയത് ഒരുസ്വകാര്യ ജെറ്റ് സ്വന്തമാക്കി; ഫെരാരിയും ലംബോർഗിനിയും അടക്കം ആഡംബര വാഹനങ്ങൾ കണ്ടുകൊതി തീരാത്ത വാഹനപ്രേമി; രാഷ്ട്രീയത്തിൽ എല്ലാം ലോട്ടറി പോലെ; ശതകോടീശ്വരൻ രാജീവ് ചന്ദ്രശേഖർ ഇനി കേന്ദ്രമന്ത്രി
ന്യൂഡൽഹി: മലയാളിയായ രാജീവ് ചന്ദ്രശേഖർ കേന്ദ്ര മന്ത്രിയാകുമെന്ന സൂചന നേരത്തെ മാധ്യമങ്ങളിൽ വന്നിരുന്നു. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ 43 പേരിൽ ഒരാളായി രാജീവും എത്തി. 15 വർഷമായി കർണാടകയിൽ നിന്നുള്ള എംപി. പ്രമുഖ വ്യവസായി കൂടിയാണ്. നൈപുണ്യ വികസനം, സംരഭകത്വം, ഇലക്ട്രോണിക്സ്, ഐടി എന്നീ മന്ത്രാലയങ്ങളുടെ സഹമന്ത്രിയായാണ് രാജീവ് ചന്ദ്രശേഖർ എത്തുന്നത്.
മോദി മന്ത്രിസഭയിലെത്തുന്ന രണ്ടാമത്തെ മലയാളിയാണ് അദ്ദേഹം. ഇന്ത്യൻ വ്യോമസേനയിൽ എയർ കമഡോറായിരുന്നു രാജീവിന്റെ അച്ഛൻ എം.കെ. ചന്ദ്രശേഖർ. 2006 മുതൽ 2018 വരെയുള്ള കാലയളവിൽ തുടർച്ചയായി രണ്ടു തവണ കർണാടകയിൽ നിന്നുള്ള സ്വതന്ത്ര രാജ്യസഭാംഗമായിരുന്നു രാജീവ് ചന്ദ്രശേഖർ. 2018 ൽ മൂന്നാം തവണയും കർണാടകയിൽനിന്നു രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ഇക്കുറി ബിജെപി പ്രതിനിധിയായി. മൂന്നു വർഷങ്ങൾക്കകം രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിൽ സ്വതന്ത്രചുമതല. സംരംഭകത്വത്തിലേക്കു തിരിഞ്ഞ രാജീവ് ചുരുങ്ങിയ കാലയളവിനിടെ ഇന്ത്യയിലെ ശതകോടീശ്വരരുടെ നിരയിലേക്ക് ഉയർന്നു.
ജനനം ഗുജറാത്തിലെ അഹമ്മദാബാദിൽ . മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നു ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം. ഷിക്കാഗോ ഇലിനോയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നു കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം. ഹാർവാഡ് ബിസിനസ് സ്കൂളിലെ അഡ്വാൻസ്ഡ് മാനേജ്മെന്റ് പ്രോഗ്രാമിനു ശേഷം സംരംഭകത്വത്തിലേക്ക്.നിലവിൽ ധനകാര്യ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി, പബ്ലിക് അക്കൗണ്ട് കമ്മിറ്റി, ഇന്ത്യൻ കൗൺസിൽ ഫോർ വേൾഡ് അഫയേഴ്സ് എന്നിവയിൽ അംഗമാണ്. കൂടാതെ ഇലക്ടോണിക് ആൻഡ് ഐടി മന്ത്രാലയത്തിന്റെ ഉപദേശക സമിതിയിലും അദ്ദേഹം അംഗമാണ്. സന്നദ്ധ സംഘടനയായ നമ്മ ബെംഗളൂരു ഫൗണ്ടേഷന്റെ സ്ഥാപക ട്രസ്റ്റി കൂടിയാണ് രാജീവ് ചന്ദ്രശേഖർ.
2007ൽ പ്രതിപക്ഷ എംപിയായിരിക്കെ, 2 ജി സ്പെക്ട്രം അഴിമതിയെക്കുറിച്ചു പാർലമെന്റിൽ ആദ്യം ശബ്ദമുയർത്തിയത് രാജീവ് ചന്ദ്രശേഖറാണ്. സ്പെക്ട്രം ലേല മാഫിയയുടെ സമ്മർദത്തിനു വഴങ്ങാതെ 3 ജി ലേല നടപടികൾ സുതാര്യമായി നടന്നതിനു പിന്നിലും രാജീവിന്റെ പരിശ്രമങ്ങളായിരുന്നു. 2016ൽ എൻഡിഎ കേരള ഘടകം വൈസ് ചെയർമാനായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രാജീവിനെ നിയമിച്ചു.
ബിപിഎൽ മൊബൈൽ ജീവിതം മാറ്റി മറിച്ചു
1994ൽ സ്ഥാപിച്ച ബിപിഎൽ മൊബൈൽ രാജീവിന്റെ ജീവിതത്തെ മാറ്റിമറിച്ചു.8,214 കോടി രൂപയ്ക്കാണ് 2005 ൽ ബിപിഎൽ കമ്യൂണിക്കേഷൻസിന്റെ 64 ശതമാനം ഓഹരി എസാർ ഗ്രൂപ്പിനു വിറ്റത്.അതേ വർഷം തന്നെ സ്റ്റാർട് അപ് സംരംഭങ്ങൾക്കായി നിക്ഷേപം നടത്തുന്ന ജൂപിറ്റർ ക്യാപ്പിറ്റൽ എന്ന സംരംഭത്തിന് ബെംഗളൂരുവിൽ തുടക്കം കുറിച്ചു. ടെക്നോളജി. മീഡിയ, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിലായി 5,970 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങളാണ് ജൂപിറ്റർ ക്യാപിറ്റലിൽ ഇപ്പോഴുള്ളത്. പിന്നീട് ജൂപ്പിറ്റർ ക്യാപിറ്റൽ ലിമിറ്റഡിന്റെ സ്ഥാപകനും ഉപദേശകനും ആയി, 2019ൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ സംയുക്ത സമിതിഅംഗം എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചു.
മിക്ക സെലിബ്രിറ്റികളെയും പോലെ വാഹന പ്രിയനാണ് രാജീവ് ചന്ദ്രശേഖർ.അച്ഛൻ വ്യോമസേനാ കമഡോർ ആയിരുന്നതിനാൽ വിമാനങ്ങൾക്കൊപ്പമായിരുന്നു രാജീവിന്റെ കുട്ടിക്കാലം. അച്ഛനെപ്പോലെതന്നെ വ്യോമസേനയിൽ പൈലറ്റ് ആകണമെന്നായിരുന്നു രാജീവിന്റേയും ആഗ്രഹം. എന്നാൽ മൂന്നാം ക്ലാസ് മുതൽ കണ്ണടകൾ ഉപയോഗിക്കേണ്ടി വന്നതു തിരിച്ചടിയായി. സ്വന്തമായി ഒരുസ്വകാര്യ ജെറ്റ് വാങ്ങിയാണ് ആ മോഹം സഫലീകരിച്ചത്.
ഫെരാരി, ലംബോർഗിനി തുടങ്ങിയ ആഡംബര വാഹനങ്ങളുടെ വലിയൊരു ശേഖരം തന്നെ അദ്ദേഹത്തിന്റെ പക്കലുണ്ട്്.. ഫോർമുല വണ്ണിൽ മൈക്കൽ ഷുമാക്കറുടെയും കാറോട്ട മത്സരത്തിനിടെ അപകടത്തിൽ മരിച്ച അയർട്ടൻ സെന്ന എന്നിവരുടെ കടുത്ത ആരാധകനാണ്രാജീവ്.
വരുന്നത് പുതുച്ചേരിയിലെ തിളക്കത്തിൽ
കേരളത്തിലെ എൻഡിഎ വൈസ് ചെയർമാനായിരുന്ന രാജീവ് ചന്ദ്രശേഖർ 2021 ൽ നടന്ന പുതുച്ചേരി തെരഞ്ഞടുപ്പിൽ സഹ നേതൃസ്ഥാനം വഹിച്ചിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ തെരഞ്ഞെടുപ്പിൽ കഴിഞ്ഞിരുന്നില്ല. എന്നാൽ വോട്ടെടുപ്പിന് തൊട്ടു മുമ്പ് കോൺഗ്രസിനെ പിളർത്തി നടത്തിയ രാഷ്ട്രീയ നീക്കം എൻഡിഎയ്ക്ക് അനുകൂലമായി. പുതുച്ചേരിയിൽ കോൺഗ്രസ് വിമതരെ മുന്നിൽ നിർത്തി ബിജെപി അധികാരം പിടിച്ചു. ആറു എംഎൽഎമാരേയും ബിജെപിക്ക് കിട്ടി. ഇതിന് പിന്നിൽ വിയർപ്പൊഴുക്കിയത് ഏഷ്യാനെറ്റിന്റെ ഉടമസ്ഥനായിരുന്നു. ഈ സാഹചര്യമാണ് രാജീവ് ചന്ദ്രശേഖറിന് തുണയായത്.
കർണ്ണാടകയിലെ ബിജെപിയിൽ ഗ്രൂപ്പുകളികൾ കൂടി പരിഗണിച്ചാണ് രാജീവ് ചന്ദ്രശേഖറിനെ കേന്ദ്ര മന്ത്രിസഭയിലേക്ക് എടുത്തത്. കർണ്ണാടകയിൽ ബിജെപിയുടെ സാധ്യത കൂട്ടുന്നതിനൊപ്പം കേരളത്തിലും മലയാളി എന്ന ലേബലിൽ രാജീവ് ചന്ദ്രശേഖറിന് പ്രവർത്തിക്കാൻ കഴിയും.
മറുനാടന് മലയാളി ബ്യൂറോ