ന്യൂഡൽഹി: ചൈനക്ക് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.പ്രകോപനങ്ങൾക്ക് രാജ്യം തക്ക മറുപടി നൽകിയിട്ടുണ്ടെന്നും ഒരിഞ്ച് ഭൂമിയും കൈയേറാൻ ആരെയും അനുവദിക്കില്ലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ലഡാക്കിലെ റെസാങ് ലായിലെ നവീകരിച്ച യുദ്ധസ്മാരകം രാജ്യത്തിന് സമർപ്പിച്ച ചടങ്ങിലാണ് രാജ്‌നാഥ് സിങ് ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയത്.ഇന്ത്യക്ക് ആരുടെയും ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ താൽപര്യമില്ലെന്നും മന്ത്രി പറഞ്ഞു.

അതിർത്തി വിഷയം പരിഹാരം കാണാതെ തുടരുന്നതിനിടെ ചൈന കൊണ്ടുവന്ന പുതിയ അതിർത്തി നിയമത്തിൽ ഇന്ത്യ നേരത്തെ അതൃപ്തി പ്രകടപ്പിച്ചിരുന്നു. ഈ നിയമത്തിന്റെ മറവിൽ പല മേഖലകളിലും കടന്നുകയറ്റം നടക്കുന്നവെന്ന ഇന്ത്യയുടെ പരാതിക്ക് നേരെ ചൈന കണ്ണടിച്ചിരിക്കുകയുമാണ്.ഇതിനിടെയാണ് ദോക്ലാമിൽ ഭൂട്ടാന്റെ ഭാഗത്ത് നൂറ് ചതുരശ്ര കിലോമീറ്ററോളം സ്ഥലം കൈയേറി ചൈന നിർമ്മാണ പ്രവൃത്തികൾ നടത്തിയതായുള്ള ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നത്.ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

1962ലെ ഇന്ത്യ ചൈന യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ പേരുകൾക്കൊപ്പം 2020ൽ ഗൽവാൻ സംഘർഷത്തിൽ വീരമൃത്യു വരിച്ചവരുടെയും പേരുകൾ ചേർത്താണ് റെസാങ് ലാ സ്മാരകം നവീകരിച്ചത്. 1962ലെ യുദ്ധത്തിൽ പങ്കെടുത്ത ബ്രിഗേഡിയർ ആർവി ജതറിനെ മന്ത്രി തന്നെ വീൽചെയറിൽ എത്തിച്ച് ആദരിച്ചു.

ഉദ്ഘാടനത്തിന് മുന്നോടിയായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ലഡാക്കിലെ റെസങ് ലായിൽ സന്ദർശനം നടത്തി.റെസാങ് ലായിലേക്ക് പോകുന്നതിന് മുന്നോടിയായുള്ള ഒരു ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.ഡൽഹിയിൽ നിന്ന് ലഡാക്കിലേക്ക് പോകുന്നു. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും രാജ്നാഥ് സിങിനൊപ്പം ഇവിടെ എത്തുന്നുണ്ട്.

അതിർത്തിയിൽ വീണ്ടും യുദ്ധസമാന സാഹചര്യം നിലനിൽക്കുന്നതിനാൽ പ്രതിരോധ മന്ത്രിയുടെ സന്ദർശനത്തെ ചൈനയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. രാജ്നാഥ് സിങിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് മേഖലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 1962ലെ യുദ്ധത്തിൽ 13 കുമാവോൺ ബറ്റാലിയനിലെ സൈനികരാണ് വീരമൃത്യു വരിച്ചത്. അതിർത്തി കടക്കാനെത്തിയ അവസാനത്തെ ചൈനീസ് സൈനികനേയും തുരത്തിയതിന് ശേഷം മാത്രമാണ് അന്ന് ഇന്ത്യൻ സൈനികർ യുദ്ധം അവസാനിപ്പിച്ചത്.

മേഖലയിൽ കഴിഞ്ഞ മെയ് മാസത്തിലും ചൈനീസ് സൈന്യം പ്രകോപന ശ്രമങ്ങൾ നടത്തിയിരുന്നു. ഗൽവാൻ താഴ്‌വരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. അതിർത്തിയിൽ പ്രകോപന ശ്രമം ഉണ്ടാക്കിയ ചൈനീസ് സൈന്യത്തോട് ഇന്ത്യൻ സേന ശക്തമായി തിരിച്ചടിക്കുകയായിരുന്നു. അന്ന് ഇന്ത്യൻ ഭാഗത്ത് ഉണ്ടായതിനേക്കാൾ കനത്ത നാശനഷ്ടമാണ് ചൈനീസ് പക്ഷത്തുണ്ടായത്. പാംഗോങ് തടാകക്കരയിൽ ഉണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ ഇരുവിഭാഗവും ആയിരക്കണക്കിന് സൈനികരെയാണ് ഇവിടെ വിന്യസിച്ചത്.