ന്യൂഡൽഹി: കേരളത്തിൽ ഒഴിവു വരുന്ന മൂന്ന് രാജ്യസഭ സീറ്റുകളിലേക്ക് നടത്താനിരുന്ന തെരഞ്ഞെടുപ്പ് മരവിപ്പിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരം ആണ് തീരുമാനം.

ഈ മാസം 31 നകം നാമനിർദ്ദേശ പത്രിക സമർപ്പണം അടക്കം നടപടികൾ പൂർത്തിയാക്കി അടുത്ത മാസം 12 ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഏപ്രിൽ 12ന് വൈകിട്ട് അഞ്ചു മണിക്ക് വോട്ടെണ്ണൽ നടക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിന്റെ കാരണം വിശദീകരിച്ചിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പിനിടയിൽ രാജ്യസഭയിലേക്ക് വോട്ടെടുപ്പ് നടത്തുന്നത് ഒഴിവാക്കുന്നതാണ് തീരുമാനം. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിക്കുന്നു എന്ന് മാത്രമാണ് ഇത് സംബന്ധിച്ച് ഇറക്കിയ വാർത്താകുറിപ്പിൽ പറയുന്നത്.കോൺഗ്രസിലെ വയലാർ രവി,സിപിഎമ്മിലെ കെ കെ രാഗേഷ്, മുസ്ലിം ലീഗിലെ അബ്ദുൾ വഹാബ് എന്നിവർ ഒഴിയുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്താനിരുന്നത്. മൂന്ന് എംപിമാരുടേയും കാലാവധി ഏപ്രിൽ 21 ന് അവസാനിക്കും.

കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സിപിഐ.എമ്മിന്റെയും ഓരോ സീറ്റുകളാണ് ഒഴിവു വരുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം വച്ച് എൽ.ഡി.എഫിന് രണ്ടു സീറ്റിലും യു.ഡി.എഫിന് ഒരു സീറ്റിലുമാണ് വിജയിപ്പിക്കാനാവുക.

രാജ്യസഭ

കൗൺസിൽ ഓഫ് സ്റ്റേറ്റ്‌സ് എന്ന പേരിൽ ഇന്നത്തെ രാജ്യസഭ നിലവിൽവന്നത് 1952 ഏപ്രിൽ മൂന്നിനാണ്. 1952 മെയ് 13ന് പേര് ഹിന്ദിയിൽ രാജ്യസഭ എന്നാക്കി. ഡോ. എസ് രാധാകൃഷ്ണനായിരുന്നു ആദ്യ അധ്യക്ഷൻ. എസ് വി കൃഷ്ണമൂർത്തി റാവു ആദ്യ ഡെപ്യൂട്ടി ചെയർമാനുമായി. ഉപരാഷ്ട്രപതി ചെയർമാനും അംഗങ്ങൾക്കിടയിൽനിന്ന് തെരഞ്ഞെടുക്കുന്നയാൾ വൈസ് ചെയർമാനുമാകുന്നു.

രാജ്യസഭയുടെ പരമാവധി അംഗസംഖ്യ 250 ആണ്. ഇപ്പോൾ 245 അംഗങ്ങളാണുള്ളത്. ഇവരിൽ 233 പേരെ തെരഞ്ഞെടുക്കുകയും 12 പേരെ രാഷ്ട്രപതി നോമിനേറ്റ് ചെയ്യുകയുമാണ്. തെരഞ്ഞെടുക്കുന്നവർ സംസ്ഥാനങ്ങളുടെ പ്രതിനിധികളാണ്. സംസ്ഥാന നിയമസഭാംഗങ്ങൾ ഒറ്റ കൈമാറ്റ വോട്ടിലൂടെയാണ് ഇവരെ തെരഞ്ഞെടുക്കുന്നത്.

ജനസംഖ്യാ ആനുപാതികമായി ഓരോ സംസ്ഥാനത്തുനിന്നും ഉണ്ടാകേണ്ട അംഗങ്ങളുടെ എണ്ണം ഭരണഘടനയുടെ നാലാം ഷെഡ്യൂളിൽ പറയുന്നു. ഉത്തർപ്രദേശിൽനിന്നാണ് ഏറ്റവും കൂടുതൽ അംഗങ്ങൾ- 31. കേരളത്തിന് 9 അംഗങ്ങളുണ്ട്. ഡൽഹി (3), പുതുശേരി (1) എന്നീ കേന്ദ്രഭരണപ്രദേശങ്ങൾക്കും പ്രാതിനിധ്യമുണ്ട്. ആന്ധ്രപ്രദേശിൽനിന്ന് തെലങ്കാന വേർപെട്ടപ്പോൾ ആന്ധ്രയിൽനിന്ന് ആകെയുള്ള രാജ്യസഭാംഗങ്ങളടെ എണ്ണവും വിഭജിക്കപ്പെട്ടു.

ആന്ധ്ര- 11, തെലങ്കാന- 7 ,അരുണാചൽപ്രദേശ്- 1, അസം- 7, ബിഹാർ- 16, ഛത്തീസ്‌ഗഢ്- 5, ഗോവ- 1, ഗുജറാത്ത്-11, ഹരിയാന- 5, ഹിമാചൽപ്രദേശ്- 3, ജമ്മു കശ്മീർ- 4, ഝാർഖണ്ഡ്- 6, കർണാടകം- 12, മധ്യപ്രദേശ്- 11, മഹാരാഷ്ട്ര- 19, മണിപ്പുർ- 1, മേഘാലയ- 1, മിസേറം-1,നാഗാലൻഡ്- 1, ഒഡീഷ- 10, പഞ്ചാബ്- 7, രാജസ്ഥാൻ-10, സിക്കിം- 1, തമിഴ്‌നാട്- 18, ത്രിപുര- 1, ഉത്തരാഞ്ചൽ-3, പശ്ചിമ ബംഗാൾ- 16 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള അംഗങ്ങൾ.

നോമിനേറ്റഡ് അംഗങ്ങൾ സാഹിത്യം, കല, ശാസ്ത്രം, സാമൂഹ്യസേവനം എന്നീ മേഖലകളിൽ മികവു തെളിയിച്ചവരാകും. രാജ്യസഭ സ്ഥിരംസഭയെന്നാണ് അറിയപ്പെടുന്നത്. ഒരിക്കലും പിരിച്ചുവിടില്ല. രണ്ടുവർഷം കൂടുമ്പോൾ മൂന്നിലൊന്ന് അംഗങ്ങൾ വിരമിക്കും.

ആറുവർഷമാണ് ഒരംഗത്തിന്റെ കാലാവധി. എന്നാൽ ഒരാൾ മരിക്കുകയോ രാജിവയ്ക്കുകയോ മറ്റോ ചെയ്ത് ഉണ്ടാകുന്ന ഒഴിവിൽ തെരഞ്ഞെടുക്കുന്നയാൾക്ക് നിലവിലുണ്ടായിരുന്ന അംഗത്തിന്റെ ശേഷിച്ച കാലാവധി മാത്രമേ ലഭിക്കൂ.

മുപ്പതു വയസ്സ് തികഞ്ഞ ഒരു ഇന്ത്യൻ പൗരന് രാജ്യസഭയിലേക്ക് മത്സരിക്കാം. ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കാൻ 25 വയസ്സ് തികഞ്ഞാൽമതി.

വോട്ടിങ് വേണ്ടിവന്നാൽ ഒറ്റ കൈമാറ്റ വോട്ട് (Single Transferable Vote) ആണ് ഉപയോഗിക്കുന്നത്. ഒന്നിലേറെ സ്ഥാനാർത്ഥികൾക്ക് മുൻഗണനാക്രമത്തിൽ ഒരേസമയം വോട്ട്‌ചെയ്യാൻ അവസരം നൽകുന്ന തെരഞ്ഞെടുപ്പു രീതിയാണിത്. ഒരാൾക്ക് 1, 2, 3 തുടങ്ങിയ മുൻഗണനാക്രമം നൽകി ആകെയുള്ള സ്ഥാനാർത്ഥികൾക്കെല്ലാം വോട്ട്‌ചെയ്യാം. ഇങ്ങനെ കിട്ടുന്ന വോട്ടിനെ ഒന്നാം വോട്ട്, രണ്ടാം വോട്ട്, മൂന്നാം വോട്ട് എന്നീ പേരുകളിൽ വിളിക്കുന്നു. ഒരു നിശ്ചിത ഒന്നാം വോട്ട് കിട്ടുന്നവർ ആദ്യറൗണ്ടിൽത്തന്നെ വിജയിക്കും. പിന്നീട് രണ്ടാംവോട്ടും മൂന്നാം വോട്ടും മറ്റും പരിഗണിച്ച് വിജയിയെ നിർണയിക്കും.

ജയിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ ഒന്നാം വേട്ടിന്റെ എണ്ണം നിശ്ചയിക്കാൻ പ്രത്യേക സൂത്രവാക്യമുണ്ട്. (ആകെ എംഎൽഎമാരുടെ എണ്ണം X 100) / (ഒഴിവുകൾ + 1) + 1 എന്നതാണ് ഈ കണക്ക്. ഇതിന് ഡ്രൂപ് ക്വാട്ട (Droop quota) എന്നുപറയും. ഉദാഹരണത്തിനായി വിജയിക്കാനായി വേണ്ടത് 35 വോട്ടാണെങ്കിൽ വോട്ടെണ്ണുമ്പോൾ 35 വോട്ട് കിട്ടുന്നവരെ ആദ്യം വിജയിയായി പ്രഖ്യാപിക്കും. ഒഴിവ് പിന്നെയും ബാക്കിയാണെങ്കിൽ വോട്ടെണ്ണൽ തുടരും.

വിജയിച്ചയാൾക്ക് 35 വോട്ടിൽ കൂടുതൽ കിട്ടിയിട്ടുണ്ടെങ്കിൽ ആ അധികവോട്ട് അയാൾക്ക് വോട്ട്‌ചെയ്തവർ രണ്ടാംവോട്ട് ആർക്കാണോ രേഖപ്പെടുത്തിയിരിക്കുന്നത് അവരുടെ വോട്ടായി മാറും. (ഇതേ രീതിയിൽ അവരുടെ മൂന്നാം വോട്ട് രണ്ടാംവോട്ടുമാകും). ഈ വോട്ടുകൾ ലഭിക്കുമ്പോൾ 35 വോട്ട് തികയുന്ന സ്ഥാനാർത്ഥിയെയും വിജയിയായി പ്രഖ്യാപിക്കും. പിന്നെയും ഒഴിവ് ബാക്കിയുണ്ടെങ്കിൽ വോട്ടെണ്ണൽ തുടരും. ആരും 35 വോട്ട് നേടാത്ത സ്ഥിതിവന്നാൽ ഏറ്റവും കുറഞ്ഞ വോട്ട് കിട്ടിയ ആളെ ഒഴിവാക്കും. ഇയാളുടെ രണ്ടാം വോട്ടും അവശേഷിക്കുന്ന സ്ഥാനാർത്ഥികൾക്കു മാറ്റും.