- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേവസ്വം ബോർഡ് സ്‌കൂളിൽ ജോലിവാഗ്ദാനം ചെയ്ത് രണ്ടു തവണയായി തട്ടിയത് എട്ടു ലക്ഷം; കൊടുത്തത് വ്യാജ നിയമന ഉത്തരവ്: പണം തിരികെ നൽകാതെ മുങ്ങി: രണ്ടു വർഷം മുൻപുള്ള കേസിൽ പ്രതി പിടിയിൽ
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്‌കൂളിൽ ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് രണ്ടുപ്രാവശ്യമായി എട്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. ആറന്മുള എരുമക്കാട് ഇടയാറന്മുള പരുത്തുപാറ രാധാനിലയം വീട്ടിൽ രാകേഷ് കുമാർ (36) ആണ് ഇലവുംതിട്ട പൊലീസിന്റെ പിടിയിലായത്.
കുളനട ഉള്ളന്നൂർ പൊട്ടന്മല സോണി നിവാസിൽ സോണിയുടെ മൊഴിപ്രകാരം ഇലവുംതിട്ട പൊലീസ് 2020 ഡിസംബർ 19 നെടുത്ത കേസിലാണ് അറസ്റ്റ്. ഇയാളുടെ ഭാര്യയുടെ ജ്യേഷ്ഠത്തി രമ്യാ മോഹന് ജോലി തരപ്പെടുത്തികൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി പണം തട്ടിയത്. 2018 ഒക്ടോബർ 20 മുതൽ 2020 ഡിസംബർ 18 വരെയുള്ള കാലഘട്ടത്തിലാണ് പണം കബളിപ്പിച്ചെടുത്തത്.
ആദ്യം പരാതിക്കാരനായ സോണിയുടെ വീട്ടിൽ വച്ച് മൂന്നു ലക്ഷം രൂപയും രണ്ടാമത് പ്രതിയുടെ വീട്ടിൽ വച്ച് അഞ്ചുലക്ഷം രൂപയും കൈപ്പറ്റി. പിന്നീട് ദേവസ്വം ബോർഡിന്റെ വ്യാജ ലെറ്റർപാഡിൽ ഇന്റർവ്യൂവിനുള്ള കത്ത് തയ്യാറാക്കി നൽകുകയും ചെയ്തു. ഇത് വ്യാജമാണെന്ന് മനസിലാക്കിയപ്പോൾ പണം തിരികെ നൽകാൻ തയാറായില്ല.
പൊലീസ് ഇൻസ്പെക്ടർ ബി അയൂബ്ഖാന്റെ നേതൃത്വത്തിൽ എസ് ഐ മാനുവൽ നടത്തിയ വിശദമായ അന്വേഷണത്തിൽ അപ്പോയിന്റ്മെന്റ് ഉത്തരവ് ആണെന്ന് വിശ്വസിപ്പിച്ച് 2021 ജൂൺ 22 ന് നൽകിയ കത്ത് പൊലീസ് കണ്ടെടുത്തു. കേസിലെ വാദിയുടെയും ജ്യേഷ്ഠത്തിയുടെയും പിതാവിന്റെയും വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളിൽ നടത്തിയ ഇതുമായി ബന്ധപ്പെട്ട പണമിടപാടുകളുടെ രേഖകളും മറ്റും പൊലീസ് പിടിച്ചെടുത്തു.
ട്രാവൻകൂർ ദേവസ്വം ബോർഡിന്റെ തിരുവനന്തപുരം ആസ്ഥാനത്ത് അന്വേഷിച്ചപ്പോൾ, ബോർഡുമായി പ്രതിക്ക് ബന്ധമൊന്നുമില്ലെന്നും വ്യക്തമായി. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദ്ദേശത്തെ തുടർന്ന് ഊർജ്ജിതമാക്കിയ അന്വേഷണത്തിൽ പ്രതിയെ കഴിഞ്ഞദിവസം പത്തനംതിട്ടയിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഡിവൈഎസ്‌പി കെ സജീവിന്റെ മേൽനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ പൊലീസ് ഇൻസ്പെക്ടറെ കൂടാതെ എസ് ഐ ശ്രീകുമാർ സി പി ഓമാരായ ജയകൃഷ്ണൻ, ഷഫീക്, ശ്രീലാൽ, വിജേഷ് എന്നിവരാണുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്