- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാർഷിക നിയമത്തിൽ പ്രധാനമന്ത്രി മാപ്പുപറയേണ്ട; അദ്ദേഹത്തിന് വിദേശത്തുള്ള പ്രതിച്ഛായ തകർക്കാൻ ആഗ്രഹമില്ലെന്ന് രാകേഷ് ടികായത്ത്
ന്യൂഡൽഹി: കാർഷിക നിയമം കൊണ്ടുവന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്ന് കർഷകർ ആഗ്രഹിക്കുന്നില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്ത്. വിദേശത്ത് പ്രധാനമന്ത്രിക്കുള്ള പ്രതിച്ഛായ മോശമാക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രം വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് ദിവസങ്ങൾക്കു ശേഷമാണ് ടികായത്തിന്റെ അഭിപ്രായ പ്രകടനം.
പ്രധാനമന്ത്രി മാപ്പു പറയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. വിദേശത്ത് അദ്ദേഹത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനും ആഗ്രഹിക്കുന്നില്ല. ഇനി എന്തെങ്കിലും തീരുമാനം എടുക്കുകയാണെങ്കിൽ അത് കർഷകരുടെ സമ്മതമില്ലാതെ ആകരുത്. ഞങ്ങൾ സത്യസന്ധമായാണ് കൃഷിയിറക്കുന്നത്. എന്നാൽ കേന്ദ്രസർക്കാർ ഞങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നില്ല, ടികായത്ത് ട്വീറ്റ് ചെയ്തു.
കാർഷിക നിയമങ്ങൾ ഭാവിയിൽ നടപ്പാക്കിയേക്കുമെന്ന കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറുടെ പ്രസ്താവനയോടും ടികായത്ത് പ്രതികരിച്ചു. തോമറിന്റെ പരാമർശം കർഷകരെ വഞ്ചിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും പ്രധാനമന്ത്രിയെ അപമാനിക്കുന്നതാണെന്നും ടികായത്ത് പറഞ്ഞു. നിയമങ്ങൾ വീണ്ടും അവതരിപ്പിച്ചാൽ പ്രക്ഷോഭം പുനരാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കാർഷികനിയമങ്ങൾ റദ്ദാക്കാൻ രാജ്യതലസ്ഥാനത്തെ അതിർത്തികളിൽ പ്രക്ഷോഭം നയിച്ച സംയുക്ത കിസാന്മോർച്ചയിലെ ഒരുവിഭാഗം കർഷകസംഘടനകൾ പഞ്ചാബിൽ രാഷ്ട്രീയപ്പാർട്ടി രൂപവത്കരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ 117 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് ഇവർ പ്രഖ്യാപിച്ചിട്ടുമുണ്ട്.