- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരതത്തിന്റെ പൗരാണിക വാസ്തുശില്പ ശൈലിയിൽ നിർമ്മാണം; ഏത് പ്രകൃതി ദുരന്തത്തേയും അതിജീവിക്കാനാകുന്ന നിർമ്മിതി; അയോധ്യയിലെ രാമക്ഷേത്രം പൂർത്തിയാകാൻ 36 മുതൽ 40 മാസങ്ങൾ എന്നും ട്രസ്റ്റ്; ക്ഷേത്ര നിർമ്മാണത്തിനായി പേരുകൾ കൊത്തിയ ചെമ്പ് ഫലകങ്ങൾ സംഭാവന നൽകാൻ ഭക്തർക്ക് അവസരം
ന്യൂഡൽഹി: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 36-40 മാസങ്ങൾക്കുള്ളിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് ക്ഷേത്രം ട്രസ്റ്റ് പ്രതിനിധികൾ. നിർമ്മാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന യോഗത്തിന് ശേഷമാണ് ട്രസ്റ്റിന്റെ പ്രതികരണം. ഭൂമിപൂജ കഴിഞ്ഞതോടെ ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയെന്നും പ്രതിനിധികൾ വ്യക്തമാക്കി.
രാമജന്മഭൂമിയിൽ മണ്ണ് പരിശോധന അടക്കമുള്ള പ്രാഥമിക നിർമ്മാണപ്രവർത്തനങ്ങൾ നടത്തുകയാണ്. റൂർക്കിയിലെ സി.ബി.ആർ.ഐയിലേയും മദ്രാസ് ഐ.ഐ.ടിയിലേയും എഞ്ചിനീയർമാർ ഉൾപ്പെടെയുള്ളവരാണ് ഇതിന് നേതൃത്വം നൽകുന്നത്. പൗരാണിക നിർമ്മാണ ശൈലിയിലാണ് ക്ഷേത്രത്തിന്റെ പണി പൂർത്തിയാക്കുക. ഏതുകൊടുങ്കാറ്റിലും പ്രകൃതിദുരന്തത്തേയും ഭൂമികുലുക്കത്തേയും അതിജീവിക്കാൻ കഴിയുന്ന രീതിയിലാണ് നിർമ്മാണം.
ക്ഷേത്രനിർമ്മാണത്തിന് ഇരുമ്പ് ഉപയോഗിക്കില്ല. കല്ലുകൾ തമ്മിൽ ചേർക്കുന്നതിനായി ചെമ്പ് പ്ലേറ്റുകളാണ് ഉപയോഗിക്കുക. 18 ഇഞ്ച് നീളവും 30 എംഎം വീതിയുമുള്ള പതിനായിരത്തോളം പ്ലേറ്റുകൾ ആവശ്യമുണ്ട്. സംഭാവന നൽകുന്നവർക്ക് അവരുടെ കുടുംബത്തിന്റെ പേരുകളോ സമുദായത്തിന്റെ പേരുകളോ ചെമ്പിൽ ആലേഖനം ചെയ്യാം. ഇത്തരത്തിൽ രാജ്യത്തിന്റെ ഐക്യം ഇതിലൂടെ പ്രകടമാവും. രാമക്ഷേത്രത്തിനായി രാജ്യത്തിന്റെ സംഭാവന ഇതിലൂടെ രേഖപ്പെടുത്താം എന്നും ട്രസ്റ്റ് ട്വീറ്ററിലൂടെ പ്രതികരിച്ചു.
"മന്ദിർ നിർമ്മാണത്തിനായി, കല്ലുകൾ പരസ്പരം സംയോജിപ്പിക്കാൻ ചെമ്പ് ഫലകങ്ങൾ ഉപയോഗിക്കും. പ്ലേറ്റുകൾക്ക് 18 ഇഞ്ച് നീളവും 30 മില്ലീമീറ്റർ വീതിയും 3 മില്ലീമീറ്റർ കനവും ഉണ്ടായിരിക്കണം. മൊത്തം ഘടനയിൽ അത്തരം 10,000 പ്ലേറ്റുകൾ ആവശ്യമായി വന്നേക്കാം. അത്തരം ചെമ്പ് ഫലകങ്ങൾ ട്രസ്റ്റിന് സംഭാവന ചെയ്യാൻ ഞങ്ങൾ ശ്രീ രാമ ഭക്തരോട് അഭ്യർത്ഥിക്കുന്നു , "ട്രസ്റ്റ് ട്വീറ്റിൽ പറഞ്ഞു.
"ദാതാക്കൾക്ക് കുടുംബത്തിന്റെ പേരുകൾ, ഉത്ഭവ സ്ഥലം അല്ലെങ്കിൽ അവരുടെ കമ്മ്യൂണിറ്റി ക്ഷേത്രങ്ങളുടെ പേരുകൾ ഈ പ്ലേറ്റുകളിൽ കൊത്തിവയ്ക്കാൻ കഴിയും. ഈ രീതിയിൽ, ചെമ്പ് ഫലകങ്ങൾ ഈ രാജ്യത്തിന്റെ ഐക്യത്തെ പ്രതീകപ്പെടുത്തുക മാത്രമല്ല, മന്ദിർ നിർമ്മാണത്തിൽ രാജ്യത്തിന്റെ മുഴുവൻ സംഭാവനയുടെയും തെളിവായി മാറുകയും ചെയ്യും." ട്വീറ്റിൽ പറയുന്നു. ഓഗസ്ത് 5-നായിരുന്നു അയോധ്യയിലെ രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടത്.
അയോധ്യയിൽ നിർമ്മിക്കാനൊരുങ്ങുന്ന രാമക്ഷേത്രത്തിനു നേരത്തെ തീരുമാനിച്ചിരുന്നതിന്റെ ഇരട്ടിയോളം വലുപ്പമുണ്ടാകുമെന്നു വാസ്തുശിൽപി ചന്ദ്രകാന്ത് സോംപുര വ്യക്തമാക്കിയിരുന്നു. നഗര ശൈലിയിലുള്ള വാസ്തുവിദ്യയിൽ, കൂടുതൽ ഭക്തരെ ഉൾക്കൊള്ളുന്നതിനായി രണ്ടിനുപകരം അഞ്ച് താഴികക്കുടങ്ങൾ ഉണ്ടായിരിക്കുമെന്നും ആർക്കിടെക്റ്റ് ചന്ദ്രകാന്ത് സോംപുര പറഞ്ഞു.
‘സുപ്രീംകോടതി വിധിക്ക് ശേഷം ക്ഷേത്രത്തിന്റെ രൂപകൽപന പരിഷ്കരിച്ചു. നേരത്തേ ആസൂത്രണം ചെയ്തതിന്റെ ഇരട്ടി വലുപ്പത്തിലാണ് ഇപ്പോൾ പണിയുന്നത്. ഇപ്പോൾ ശ്രീകോവിലിനു മുകളിൽ ഒരു ഗോപുരം, രണ്ടെണ്ണത്തിനു പകരം അഞ്ച് താഴികക്കുടങ്ങൾ എന്നിവ ഉണ്ടാകും. ക്ഷേത്രത്തിന്റെ ഉയരം മുൻ രൂപകൽപനയേക്കാൾ കൂടുതലായിരിക്കും.'– 77കാരനായ ചന്ദ്രകാന്ത് സോംപുര വ്യക്തമാക്കി. 200 ഓളം ക്ഷേത്രങ്ങൾ രൂപകൽപന ചെയ്ത ക്ഷേത്ര വാസ്തുശിൽപികളുടെ കുടുംബമാണു സോംപുരയുടേത്. 30 വർഷം മുമ്പ് വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) നേതാവ് അശോക് സിംഗാളാണു രാമക്ഷേത്രത്തിന് രൂപരേഖ തയാറാക്കാൻ ആവശ്യപ്പെട്ടത്.
1990ൽ ആദ്യമായി അയോധ്യയിലെ പ്രദേശം സന്ദർശിച്ചപ്പോൾ, സുരക്ഷാ കാരണങ്ങളാൽ ടേപ്പ് പോലും അകത്തേക്കു പ്രവേശിപ്പിച്ചില്ല. കാലടിപ്പാട് ഉപയോഗിച്ചാണ് അന്ന് അളവെടുത്തതെന്നു സോംപുര ഓർമിച്ചു. ഈ രൂപകൽപന അടിസ്ഥാനമാക്കി തൊണ്ണൂറുകളിൽ വിഎച്ച്പി അയോധ്യയിൽ കല്ലുകൾ കൊത്തുപണി ചെയ്യുന്ന യൂണിറ്റ് സ്ഥാപിച്ചു. ‘ഇപ്പോൾ അഞ്ച് താഴികക്കുടങ്ങൾ ഉണ്ടാകും. അതിന് രണ്ടു കാരണങ്ങളുണ്ട്- ഒന്നാമതായി, ഇപ്പോൾ ക്ഷേത്രത്തിന് ഭൂമി ക്ഷാമമില്ല. രണ്ടാമത്തേത്, വളരെയധികം വാർത്താപ്രാധാന്യം നേടിയതോടെ ധാരാളം ഭക്തർ ദിവസവും ക്ഷേത്രം സന്ദർശിക്കുമെന്നാണു പ്രതീക്ഷ. അവരെ ഉൾക്കൊള്ളുന്നതിനായി വലുപ്പം കൂട്ടേണ്ടിവന്നു.'– സോംപുര പറഞ്ഞു. മകൻ ആശിഷ് ആണു പുതുക്കിയ പദ്ധതി ജൂണിൽ ട്രസ്റ്റിനു മുന്നിൽ അവതരിപ്പിച്ചത്. ഇതിന് അംഗീകാരവും കിട്ടി. സോമനാഥ ക്ഷേത്രത്തിന്റെ പുനർ രൂപകൽപന മുത്തച്ഛൻ പ്രഭാശങ്കർ സോംപുരയാണു നിർവഹിച്ചത്. അഞ്ച് താഴികക്കുടങ്ങളുള്ള ക്ഷേത്രം അപൂർവമാണെന്നും ക്ഷേത്ര വാസ്തുവിദ്യയുടെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച ആരാധനാലയമായി രാമക്ഷേത്രം വികസിപ്പിക്കുമെന്നും സോംപുര പറഞ്ഞു.
മറുനാടന് ഡെസ്ക്