തിരുവനന്തപുരം: വെഞ്ഞാറംമൂട്ടെ കൊലപാതകവുമായി ബന്ധപ്പെട്ട് അടൂർ പ്രകാശിന് എതിരായ അപവാദ പ്രചരണങ്ങൾ സിപിഎം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അടൂർ പ്രകാശിനെ ഒറ്റെപ്പെടുത്താൻ ആരു വിചാരിച്ചാലും നടക്കില്ലന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകൾക്ക് ശേഷം ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി നിന്ന് വിജയിച്ചതിന്റെ പേരിലാണ് അടൂർ പ്രകാശ് ആക്രമിക്കപ്പെടുന്നത്. അദ്ദേഹത്തെ കുറ്റവാളിയാക്കി ചിത്രീകരിക്കാനുള്ള സി പിഎമ്മിന്റെ നീക്കത്തെ കോൺഗ്രസ് പാർട്ടി ഒറ്റെക്കെട്ടായി നിന്ന് ചെറുക്കുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.

എം പി എന്ന നിലയിൽ ആ മണ്ഡലത്തിലെ ജനങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടയാളാണ് അടൂർ പ്രകാശ്. ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് വ്യവസായ മന്ത്രിയും, സഹകരണമന്ത്രിയും കൂടെ അടൂർ പ്രകാശിനെതിരെ ചെളിവാരിയെറിയുകയാണ്. ഇത് അവസാനിപ്പിക്കണം. അടൂർ പ്രകാശിനെക്കുറിച്ച് ആരോപണമുന്നയിക്കാൻ ഇ പി ജയരാജന്റെയും കടകംപള്ളി സുരേന്ദ്രന്റെയും കയ്യിൽ എന്ത് തെളിവാണുള്ളത്. അടൂർ പ്രകാശിനെപ്പോലെ കേരളം മുഴുവൻഅംഗീകാരമുള്ള ഒരു നേതാവിനെ ഒറ്റ തിരഞ്ഞ് ആക്രമിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് ശക്തമായി ചെറുക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

വെഞ്ഞാറമ്മൂട്ടിലേത് രാഷ്ട്രീയ കൊലപാതകമല്ല. ഈ സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടക്കട്ടെ എന്നതാണ് കോൺഗ്രസിന്റെ നിലപാട്. കായംകുളത്ത് നടന്ന കൊലുപാതകവും കോൺഗ്രസിന്റെ തലയിൽ വച്ച് കെട്ടാൻ കോടിയേരി ബാലകൃഷ്ണൻ ശ്രമിച്ചു. അവസാനം പൊതുമരാമത്ത് മന്ത്രി തന്നെ പറഞ്ഞു അത് രാഷ്ട്രീയ കൊലപാതകമല്ലന്ന്. ഇതെല്ലാം ഗ്യാംഗുകൾ തമ്മിലുള്ള ഏറ്റുമുട്ടലുകളാണ്. അതിനെ രാഷ്ട്രീയ കൊലപാതകങ്ങളാക്കി മാറ്റേണ്ടതും രക്തസാക്ഷികളെ ഉണ്ടാക്കേണ്ടതും ഇപ്പോൾ ജനങ്ങൾക്ക് മുന്നിൽ മുഖം നഷ്ടപ്പെട്ടു നിൽക്കുന്ന ഇടതു സർക്കാരിന്റെ ആവശ്യകതയായി വന്നിരിക്കുകയാണ്. പ്രതികൾ ഏത് പാർട്ടിക്കാരാണ് എന്ന് ജനങ്ങൾ മനസിലാക്കട്ടെ എന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

സി ഐ ടി യുവിന്റെ മൂന്ന് ആളുകൾ പ്രതികളുടെ കൂട്ടത്തിലുണ്ടെന്ന് പറയുന്നുണ്ട്. അപ്പോൾ ഇതൊന്നും രാഷ്ട്രീയ കൊലപാതകമല്ലന്ന് വ്യക്തമാവുകയാണ്. ഗുണ്ടകളെ പോറ്റി വളർത്തുന്നതും സംരക്ഷിക്കുന്നതും കോൺഗ്രസ് രീതിയില്ല. ഇതിന്റെ പേരിൽ കേരളം മുഴുവൻ സി പി എം അക്രമമഴിച്ചുവിടുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കോൺഗ്രസ് ഓഫീസുകളും, രക്താസക്ഷി സ്തൂപങ്ങളും വ്യാപകമായി തകർക്കപ്പെടുകയാണ്. ഇതിനെല്ലാം പൊലീസ് കൂട്ടുനിൽക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.