- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലര വർഷംകൊണ്ട് കെഎസ്എഫ്ഇ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമായി മാറി; ചിട്ടിയിൽ ഗുരതരമായ ക്രമക്കേട്; കേരളത്തിൽ ഒരു അഴിമതിയും കൊള്ളയും കണ്ടെത്താൻ പാടില്ല; തങ്ങൾക്കിഷ്ടമുള്ള പോലെ ചെയ്യുമെന്നാണ് സിപിഎം നിലപാട്; സംസ്ഥാന സർക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു: സർക്കാറിനെതിരെ ചെന്നിത്തല
പാലക്കാട്: കെഎസ്എഫിയെയും സിപിഎം തകർക്കുന്നു എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടതുമുന്നണിയുടെ നാലര വർഷംകൊണ്ട് കെഎസ്എഫ്ഇ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമായി മാറിയെന്ന് ചെന്നിത്തല ആരോപിച്ചു. ചിട്ടിയിൽ ഗുരതരമായ ക്രമക്കേട് നടക്കുന്നു. തങ്ങൾ പറയുന്നതിന് വ്യത്യസ്തമായി പ്രവർത്തി വിജിലൻസിനെ ഇപ്പോൾ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ ഒരു അഴിമതിയും കൊള്ളയും കണ്ടെത്താൻ പാടില്ല. തങ്ങൾക്കിഷ്ടമുള്ള പോലെ ചെയ്യുമെന്നാണ് സിപിഎം നിലപാട്. സംസ്ഥാന സർക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ധനമന്ത്രി മുഖ്യമന്ത്രിയുടെ വകുപ്പിനെതിരെ നിശിതമായ വിമർശനമാണ് നടത്തിയിരിക്കുന്നത്. എന്നിട്ടും മുഖ്യമന്ത്രി ഒന്നും മിണ്ടാത്തതെന്തെന്ന് വ്യക്തമാക്കണം. കേരളത്തിലെ വിജിലൻസ് സിപിഎം പറയുന്നത് പോലെ പ്രവർത്തിക്കണമെന്ന നിർബന്ധബുദ്ധിയുണ്ടെന്നത് വ്യക്തമാകുകയാണ്.
കെഎസ്എഫ്ഇയുടെ വിശ്വാസ്യത നിലനിൽക്കണമെങ്കിൽ അന്വേഷണം വേണം. കുറ്റക്കാരെ കണ്ടെത്തണം. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കാം. കെസ്എഫ്ഇയിലെ അഴിമതി അന്വേഷിക്കാൻ പാടില്ല. ഇത് എന്ത് ന്യായമാണ്. ഇപ്പോഴാണ് വിജിലൻസ് യഥാർത്ഥത്തിലുള്ള കൂട്ടിലടച്ച തത്തയായി മാറിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡിസംബർ രണ്ടിന് പഞ്ചായത്ത് തലത്തിൽ ഇടതുസർക്കാരിന് യുഡിഎഫ് കുറ്റവിചാരണ ചെയ്യുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേസമയം വിജിലൻസ് റെയ്ഡുമായി ബന്ധപ്പെട്ട വിഷയത്തിൽ കർക്കശ നിലപാടുമായി ധനമന്ത്രി തോമസ് ഐസക്കും രംഗത്തെത്തി. ചട്ടപ്പകാരമല്ലാത്ത റെയ്ഡിന് വരുന്ന വിജിലൻസ് ഉദ്യോഗസ്ഥരെ ശാഖകളിൽ കയറ്റരുതെന്ന് മന്ത്രി നിർദ്ദേശം നൽകി. കെഎസ്എഫ്ഇ ഡയറക്ടർ ബോർഡ് യോഗത്തിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.
വിജിലൻസ് സംഘം മോശമായാണ് പെരുമാറിയതെന്നും ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചതായും കെഎസ്എഫ്ഇ അധികൃതർ മന്ത്രിയോട് പരാതിപ്പെട്ടു. ഇതേത്തുടർന്നാണ് കർക്കശ നിലപാട് മന്ത്രി എടുത്തത്. പെട്ടെന്നും കൂട്ടത്തോടെയുമുള്ള ഇത്തരം റെയ്ഡുകൾ ആ ധനകാര്യ സ്ഥാപനത്തിന്റെ വിശ്വാസ്യത തകർക്കാനെ ഉപകരിക്കുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു. 'ഏതെങ്കിലും പ്രത്യേക പരാതികളുടെ അടിസ്ഥാനത്തിൽ പരിശോധന ആകാം. എന്നാൽ അത് കെഎസ്എഫ്ഇ മാനേജ്മെന്റിനെ അറിയിക്കണം. എവിടെയൊക്കെയാണ് പരിശോധനയെന്ന കാര്യവും അറിയിക്കണം'- മന്ത്രി തോമസ് ഐസക് പറഞ്ഞു.
'പ്രത്യേക പരാതികളുടെ അടിസ്ഥാനത്തിൽ ശാഖകളിൽ കൂട്ട പരിശോധന നടത്തേണ്ട ആവശ്യമില്ല. അങ്ങനെ ഏതെങ്കിലും ഉദ്യോഗസ്ഥൻ വന്നാൽ അനുവദിക്കരുത്. ശാഖകളിൽ കയറ്റുകയും ചെയ്യരുത്'- മന്ത്രി തോമസ് ഐസക് ഡയറക്ടർ ബോർഡ് യോഗത്തിൽ വ്യകതമാക്കി. മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ അറിയാതെയാണ് റെയ്ഡ് നടന്നത്. ആരാണ് ഇത് ആസൂത്രണം ചെയ്തതെന്ന് അന്വേഷിക്കുന്നുണ്ട്. ധനവകുപ്പും ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ