- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിജയരാഘവൻ വായ തുറന്നാൽ വർഗീയത; രണ്ടു വോട്ടിന് വേണ്ടി ഏത് വർഗീയ പ്രചരണവും നടത്താൻ സിപിഎമ്മിന് മടിയില്ല; തമിഴ്നാട്ടിൽ ഒരേ മുന്നണിയിൽ മത്സരിക്കുന്ന സിപിഎം കേരളത്തിൽ മാത്രം ലീഗിനെ മതമൗലികവാദിയാക്കുന്നു; ഹിന്ദുത്വ അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്ന ബിജെപിയെ ചെറുക്കാൻ എൽഡിഎഫിനാകില്ല; വിമർശനവുമായി ചെന്നിത്തല
തിരുവനന്തപുരം: സിപിഎമ്മിനും പാർട്ടി സെക്രട്ടറി എ വിജയരാഘവനുമെതിരെ ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ടു വോട്ടിന് വേണ്ടി ഏത് വർഗീയ പ്രചരണവും നടത്താൻ സിപിഎമ്മിന് മടിയില്ലെന്ന് തെളിയിക്കുന്ന വാക്കുകളാണ് എം.വിജയരാഘവനിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നതെന്ന് ചെന്നിത്തല പ്രതികരിച്ചു. വിജയരാഘവൻ വായ തുറന്നാൽ വർഗീയതയാണെന്നും തമിഴ്നാട്ടിൽ ഒരേ മുന്നണിയിൽ മത്സരിക്കുന്ന സിപിഎം കേരളത്തിൽ മാത്രം ലീഗിനെ മതമൗലികവാദിയാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ തുടങ്ങിവെച്ച വർഗീയ ചേരിതിരുവുണ്ടാക്കാനുള്ള ശ്രമം ഇപ്പോഴും സിപിഎം തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പാണക്കാട്ടുപോയി മുസ്ലിംലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളെ സന്ദർശിച്ചതിനെക്കുറിച്ചുള്ള വിജയരാഘവന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ചെന്നിത്തല. മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കുകയായിരുന്നു ഇരുവരുടെയും സന്ദർശനലക്ഷ്യമെന്നായിരുന്നു വിജയരാഘവൻ പറഞ്ഞത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിജയരാഘവനെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തിയത്.
'എല്ലാ മതവിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോകേണ്ട സർക്കാർ വർഗീയ പ്രചാരണത്തിന് കുടപിടിക്കുന്നു. മുഖ്യമന്ത്രിയാണ് ഇതിന് തുടക്കം കുറിച്ചത്. കോൺഗ്രസും യുഡിഎഫും മതേതര നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ്. ഞങ്ങളെ പഠിപ്പിക്കാൻ വിജയരാഘവൻ വളർന്നിട്ടില്ല. മുന്നണിയിലെ ഘടകകക്ഷികളുമായി ചർച്ച നടത്തിയാൽ അതിൽ വർഗീയത കണ്ടെത്താൻ ഇടുങ്ങിയ മനസ്സിന്റെ ഉടമകൾക്ക് മാത്രമേ കഴിയൂ. അത് കേരളം അംഗീകരിക്കില്ല.'- ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫിനെ നയിക്കുന്നത് മുസ്ലിം ലീഗാണെന്ന് നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന ഏറെ ചർച്ചചെയ്യപ്പെട്ടതാണ്. വെൽഫയർ പാർട്ടിയുമായി ബന്ധം ഉറപ്പിക്കാനിറങ്ങിയ മുസ്ലിംലീഗിന്റെ നയം കോൺഗ്രസിന് അനുകൂലിക്കേണ്ടിവന്നുവെന്നും ഇടതുമുന്നണി നിരന്തരം പറഞ്ഞിരുന്നു. ഈ പ്രചാരണം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലക്ഷ്യംകണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഹിന്ദുത്വ അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്ന ബിജെപി.യെ ചെറുക്കാനുള്ള വഴി ഇതല്ലെന്നും ഇടതുമുന്നണി ഓർമിപ്പിക്കുന്നു. ഈ പ്രചാരണം ധാരാളം മതേതരവോട്ടുകളും ക്രിസ്ത്യൻ വോട്ടുകളും ആകർഷിക്കാൻ കാരണമായെന്നും ഇടതുമുന്നണിയും സിപിഎമ്മും വിലയിരുത്തിയിരുന്നു. നിയമസഭാതിരഞ്ഞെടുപ്പിലും മുസ്ലിംലീഗിനെ ലക്ഷ്യമിട്ടുള്ള ഈ പ്രചാരണം തന്നെയാവും ഇടതുമുന്നണി ഏറ്റെടുക്കുന്നതെന്ന് കൺവീനറുടെ വിമർശനത്തിലൂടെ വ്യക്തമാവുകയാണ്.
മറുനാടന് മലയാളി ബ്യൂറോ