- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോമസ് ഐസക്കിന്റെ ഉന്നം ഞാനല്ല, പിണറായിയാണ്; ലാവലിൻ ബന്ധത്തിൽ അഴിമതി ഒളിഞ്ഞുകിടപ്പുണ്ട്; ലാവലിൻ ഒന്നുകൂടി ചർച്ച ചെയ്യണമെന്ന ലക്ഷ്യമാണ് അദ്ദേഹത്തിനുള്ളത്; സ്വർണക്കടത്തിൽ നിന്നും ബിനീഷ് കോടിയേരിയുടെ മയക്ക് മരുന്നു കേസിൽ നിന്നും പൊതുജനശ്രദ്ധ തിരിക്കാൻ ധനമന്ത്രിയുടെ കപടനാടകം; ധനമന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ചെന്നിത്തല
തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട വിവാദത്തിൽ ധനമന്ത്രി തോമസ് ഐസക്കിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്ത്, ബിനീഷ് കോടിയേരിയുടെ മയക്ക് മരുന്ന് കേസെല്ലാം മറച്ചുവെക്കുന്നതിന് വേണ്ടിയാണ് ധനമന്ത്രി തോമസ് ഐസക് ഇല്ലാത്ത വിവാദം കുത്തിപ്പൊക്കിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതേസമയം ലാവലിൻ കേസ് പരാമർശിച്ചു നടത്തിയ വാർത്താസമ്മേളനത്തിലൂടെ ഐസക്ക് ലക്ഷ്യം വെക്കുന്നത് തന്നെയല്ല, പിണാറായി വിജയനെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ധനമനമന്ത്രി രാഷ്ട്രീയ ദുഷ്ടലാക്കിന് വേണ്ടി ഏത് തരംതാണ പ്രതികരണവും നടത്തുമെന്നതിന്റെ തെളിവാണ് ഇന്ന് കണ്ടത്. കിഫ്ബിയിൽ നടക്കുന്ന അഴിമതി കണ്ടെത്തുകയും അദ്ദേഹം അഴിയെണ്ണേണ്ടി വരുമെന്നും ആയപ്പോഴാണ് ബഹളം വെക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വീണിടത്ത് കിടന്ന് ഉരുളുന്ന നിലപാടാണ് ചെന്നിത്തലയുടേതെന്നും പ്രസക്തമായ ചോദ്യങ്ങൾക്ക് അദ്ദേഹത്തിന് മറുപടിയില്ലെന്നും തോമസ് ഐസക് വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു ചെന്നിത്തല.
ട്രാൻസ്ഗ്രിൽഡ് പദ്ധതിയിൽ വൻ അഴിമതിയാണ് നടന്നത്. 2500 കോടിയുടെ പദ്ധതിക്ക് 4500 കോടി ആയി. അത് കിഫ്ബിയുടെ പണമാണ്. അതിന് ഇതുവരേയും സർക്കാർ വ്യക്തമായ മറുപടി നൽകിയിട്ടില്ല. കിഫ്ബിയിൽ നിന്ന് പണം ലഭ്യമാക്കി 850 കോടി രൂപയുടെ പദ്ധതിയായിരുന്നു കൊച്ചിയിലെ ക്യാൻസർ സെന്ററിന് വേണ്ടി നിർമ്മിച്ച കെട്ടിടം. അത് പകുതിക്ക് വെച്ച് ഇടിഞ്ഞ് താഴേക്ക് പോകുകയായിരുന്നു. കിഫ്ബിയെ സംബന്ധിച്ച സി എ ജി റിപ്പോർട്ട് പുറത്ത് വന്നിട്ടില്ല. ഇത് നിയമസഭയിൽ വന്നിട്ടില്ല. അതിന് പകരം അദ്ദേഹം അത് പുറത്ത് ജനങ്ങളോട് പറയുകയാണ് ചെയ്തത്. അതിന് ധനമന്ത്രിക്ക് അവകാശമില്ല. ഇതിലൂടെ നിയമസഭയെ അവഹേളിക്കുകയാണ് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കിഫ്ബിയിലെ മസാലബോണ്ട് ഭരണഘടന വിരുദ്ധമാണെന്ന് നേരത്തെ തന്നെ ആരോപണം ഉയർത്തിയിരുന്നു. 293(1) ഭരണഘടന ഭേദഗതി വ്യക്തമായി ലംഘിച്ചാണ് വിദേശത്ത് പോയി കടമെടുത്തത്. എസ് എൻ സി ലാവ്ലിൻ കമ്പനിയെ നയിക്കുന്ന കനേഡിയൻ ഫണ്ടിങ് ഏജൻസിയായ സിഡിപിക്യൂവാണ് മസാലബോണ്ട് വാങ്ങിയത്. ലാവ്ലിൻ കമ്പനിക്ക് മസാല ബോണ്ടുമായുള്ള ബന്ധം എന്താണെന്ന് ധനമന്ത്രി പറയട്ടെ എന്നും അദ്ദേഹം പറഞ്ഞു.
സിഎജി കരട് റിപ്പോർട്ടിന്റെ പകർപ്പും ചെന്നിത്തല ആവശ്യപ്പെട്ടു. ഐസക്ക് ഉന്നംവെക്കുന്നത് പിണറായിയെയാണ്. ലാവലിൻ വീണ്ടും അദ്ദേഹം കൊണ്ടുവന്നു. ലാവലിൻ ബന്ധത്തിൽ അഴിമതി ഒളിഞ്ഞുകിടപ്പുണ്ട്. ലാവലിൻ ഒന്നുകൂടി ചർച്ച ചെയ്യണമെന്ന ലക്ഷ്യമാണ് അദ്ദേഹത്തിനുള്ളതെന്നും ചെന്നിത്തല പറഞ്ഞു. അഴിമതിയും തട്ടിപ്പും പിടിക്കപ്പെടുന്നു എന്ന് മനസിലാക്കിയപ്പോഴാണ് ഇത്തരം പ്രതികരണങ്ങളുമായി അദ്ദേഹം വന്നിരിക്കുന്നതെന്നും രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സഭയിൽ വെക്കുന്നതിന് മുൻപേ കിഫ്ബിയിലെ സിഎജിയുടെ കരട് റിപ്പോർട്ട് വിവരങ്ങൾ ധനമന്ത്രി പുറത്തുവിട്ട അസാധാരണ നീക്കം വഴിയൊരുക്കുന്നത് സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്കാണ്. രാഷ്ട്രപതിക്കടക്കം പരാതി നൽകാനും നിയമ നടപടികൾക്കുമാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. ഭരണഘടനാ ഉത്തരവാദിത്തം പാലിക്കാതെ റിപ്പോർട്ട് ചോർത്തിയ ധനമന്ത്രിയുടെ നടപടിക്കെതിരെ അവകാശലംഘനത്തിന് നിയമസഭാ സ്പീക്കർക്കും പരാതി നൽകും. കിഫ്ബിക്കെതിരായ നീക്കത്തിൽ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാൻ സർക്കാരും ഒരുക്കം തുടങ്ങി. കരട് റിപ്പോർട്ടിലെ പരാമർശങ്ങൾക്കെതിരെ രേഖാമൂലം വിയോജിപ്പറിയിക്കാനാണ് ധനവകുപ്പ് തീരുമാനം.
മറുനാടന് മലയാളി ബ്യൂറോ