കോഴിക്കോട്: കെപിസിസി പ്രസിഡന്റ് കെ സുധാകരനെ മുഖ്യമന്ത്രി പിണറായി വിജയന് പേടിയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ടാണ് കെപിസിസി പ്രസിഡണ്ടായതിന് പിന്നാലെ സുധാകരനെതിരെ പിണറായി ആരോപണവുമായി വരുന്നതെന്നും അദ്ദേഹം ആരോപിച്ചു. കെ സുധാകരനും പിണറായി വിജയനുമായി ബന്ധപ്പെട്ട വാക്‌പോര് തുടങ്ങിയത് പിണറായിയാണ്. അത് അവസാനിപ്പിക്കാനുള്ള ബാധ്യതയും പിണറായി വിജയന് തന്നെയാണെന്നും ചെന്നിത്തല പ്രതികരിച്ചു.

സുധാകരൻ വന്നതോടെ മുഖ്യമന്ത്രിക്ക് ഹാലിളകി. വിവാദം മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന വ്യക്തിയല്ല സുധാകരൻ. എന്നാൽ സുധാകരനെ ശത്രുവായി കണ്ട് പിണറായി അക്രമിക്കാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. നേതാക്കൾ വ്യക്തിപരമായ ആക്ഷേപം നടത്തുന്നതിനെ അംഗീകരിക്കുന്ന ആളല്ല താനെന്നും ചെന്നിത്തല വിശദീകരിച്ചു.

രാഷ്ട്രീയ പ്രതിയോഗികളെ അക്രമിക്കാൻ മുഖ്യമന്ത്രി വാർത്താ സമ്മേളനം ഉപയോഗിക്കുകയാണ്. കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്ന വൈകിട്ടത്തെ വാർത്താ സമ്മേളനം മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

അതേസമയം പിണറായി വിജയനെതിരെ വിമർശനം തുടരുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു ഏകാധിപതിയാണെന്ന് സ്വയം കരുതുകയും, സ്വന്തം അണികളെ കൊണ്ട് അങ്ങനെ തന്നെ വിശ്വസിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ക്രിമിനലുകളെ വ്യക്തിപരമായി കീഴ്പ്പെടുത്തുക തന്നെ വേണം എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. മറ്റേതെങ്കിലും രാഷ്ട്രീയ ആരോപണങ്ങളോട് പിണറായി വിജയൻ ഇത്രയും വിശദമായി പ്രതികരിച്ചത് കണ്ടിട്ടുണ്ടോ?-ഇതാണ് സുധാകരൻ ഈ ഘട്ടത്തിൽ ഉയർത്തുന്ന ചോദ്യം.

പണറായിക്കെതിരെ ജസ്റ്റീസ് സുകുമാരൻ ഉയർത്തി മാഫിയാ ആരോപണം ചർച്ചയാക്കിയാണ് ഇന്നത്തെ അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. നിലപാടിൽ മാറ്റിമല്ലെന്ന് ജസ്റ്റീസ് സുകുമാരൻ പറഞ്ഞ 2007 ഓഗസ്റ്റ് 9നുള്ള പത്രകട്ടിംങ് സഹിതമാണ് ഇന്നത്തെ സുധാകരന്റെ പോസ്റ്റ്.