ഹരിപ്പാട്: ഒരിക്കൽ പ്രതിപക്ഷ നേതാവ് ആയിരുന്നാൽ പിന്നീടജ് മുഖ്യമന്ത്രിയാകുക എന്നതാണ് കേരളം കണ്ടുവന്ന പതിവു രീതി. എന്നാൽ, ഇക്കുറി ഇടതു മുന്നണി തുടർഭരണം നേടിയപ്പോൾ രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹവും അവസാനിച്ചു. എന്നാൽ, ആ ആഗ്രഹം എന്നേന്നേക്കുമായി അവസാനിച്ചതെല്ലെന്നാണ് ചെന്നിത്തല പറയുന്നത്. താൻ മുഖ്യമന്ത്രി ആകാൻ ആഗ്രഹിച്ചിരുന്നെന്നും ഇപ്പോഴും ആഗ്രഹം അവശേഷിക്കുന്നുണ്ടെന്നും അത് തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയേണ്ടി വന്നെങ്കിലും താൻ മുഖ്യമന്ത്രിയാകാനുള്ള ശ്രമം തുടരുമെന്നാണ് ചെന്നിത്തല വ്യക്തമാക്കിയത്. തന്റെ നിയോജക മണ്ഡലമായ ഹരിപ്പാട് സ്‌കൂൾ കുട്ടികളുമായി സംവദിച്ച ചടങ്ങിലാണ് ചെന്നിത്തല തന്റെ മനസ് തുറന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

'കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചയാളാണ് താൻ. മുഖ്യമന്ത്രി ആകാനുള്ള ശ്രമം തുടരുകയാണ്. ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതുകൊണ്ട് ശ്രമം അവസാനിപ്പിക്കില്ല. ലക്ഷ്യം കണ്ടില്ലെങ്കിലും അതിന് വേണ്ടി ശ്രമം തുടരുകയാണ്. ഒരിക്കൽ ആ ലക്ഷ്യം താൻ നേടും,'- എന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ രമേശ് ചെന്നിത്തലയെ ഹൈക്കമാന്റ് ഇടപെട്ട് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. കേരളത്തിലെ ഗ്രൂപ്പുകളെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള നീക്കത്തിനൊടുവിൽ കെപിസിസി അധ്യക്ഷനായി കെ സുധാകരനെയും പ്രതിപക്ഷ നേതാവായി വിഡി സതീശനെയും നിയമിച്ചു. പിന്നീടിങ്ങോട്ട് കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കകത്ത് പടലപ്പിണക്കം ശക്തമാവുന്നതാണ് കണ്ടത്.

കഴിഞ്ഞ ദിവസം പാർട്ടി ചുമതലകളെല്ലാം ഒഴിഞ്ഞ് ചെന്നിത്തല തന്റെ പ്രതിഷേധം ഒന്നുകൂടി പരോക്ഷമായി വെളിപ്പെടുത്തിയിരുന്നു. അതേസമയം ചെന്നിത്തല ഇന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനെ പിന്തുണച്ചാണ് രംഗത്തുവന്നത്. കഴിഞ്ഞ 24 നായിരുന്നു രമേശ് ചെന്നിത്തല കെപിസിസിക്ക് കീഴിലെ സ്ഥാപനങ്ങളിലെ പദവികൾ ഒഴിഞ്ഞ് കൊണ്ടുള്ള കത്ത് നേതൃത്തിന് കൈമാറിയത്. സാധാരണ നിലയിൽ കെപിസിസി അധ്യക്ഷനാണ് ഈ പദവികൾ വഹിക്കേണ്ടതെന്നാണ് ചെന്നിത്തല പറയുന്നത്. നേരത്തേ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും കെ പി സി സി അധ്യക്ഷന്മാരായിരുന്നപ്പോഴും ചെന്നിത്തലയായിരുന്നു പദവികൾ വഹിച്ചിരുന്നത്. ഇരു നേതാക്കളും ചുമതലകൾ ഏറ്റെടുക്കാൻ തയ്യാറാകാതിരുന്നതിനാലാണ് പദവി ഏറ്റെടുത്തതെന്നാണ് ചെന്നിത്തല പറയുന്നത്. പുതിയ അധ്യക്ഷനായ കെ സുധാകരൻ ചുമതലയേറ്റെടുത്ത സാഹചര്യത്തിൽ അദ്ദേഹമാണ് ഇനി ചുമതല വഹിക്കേണ്ടതെന്നാണ് ചെന്നിത്തലയുടെ നിലപാട്.

അതുകൊണ്ട് തന്നെ ഇവിടെ ഓഡിറ്റിങ് നടത്തിയ ശേഷം രാജി അംഗീകരിച്ചാൽ മതിയെന്നാണ് രാജി പരിശോധിച്ച ശേഷം നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. എങ്ങനെയാണ് ഇത്രയും ബാധ്യതകൾ വന്നിരിക്കുന്നതെന്നും ചാനലിന്റേയും പത്രത്തിന്റേയുമെല്ലാം പ്രവർത്തനങ്ങൾ ഏത് തരത്തിലാണ് നടക്കുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം സ്പെഷ്യൽ ഓഡിറ്ററെ വെച്ച് പരിശോധിക്കും. ഒരു സ്ഥാപനത്തിന്റെ ചുമതല വഹിച്ചിരുന്നയാൾ ആ സ്ഥാപനത്തിന് വന്നിരിക്കുന്ന ബാധ്യത സംബന്ധിച്ചുള്ള വിശദീകരണം നൽകാൻ ബാധ്യസ്ഥനാണെന്നാണ് പാർട്ടി കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നിലപാട്.

കെപിസിസിക്ക് കീഴിലുള്ള സ്ഥാപനങ്ങൾ സംബന്ധിച്ച് കൃത്യമായ ഓഡിറ്റിങ് നടക്കാറില്ല. പലപ്പോഴും നേതാക്കൾ ചുമതല ഒഴിഞ്ഞ് പോകുമ്പോൾ സ്ഥാപനങ്ങളുടെ അക്കാലയളവിലെ പ്രവർത്തനങ്ങൾ പരിശോധിക്കപ്പെടുന്നില്ല. പലപ്പോഴും പരാതികൾ ഉയർന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇനി അത് തുടരാൻ സാധിക്കില്ല. സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിശദീകരിക്കാൻ നേതാക്കൾക്ക് ഉത്തരവാദിത്തം ഉണ്ടെന്നും കെ പി സി സി വ്യക്തമാക്കുന്നു.

രണ്ട് കമ്പനികളാണ് ജയ്ഹിന്ദ് ടിവിയുടെ നിയന്ത്രണത്തിലുള്ളത്. ഇതിൽ ഒന്നിൽ എംഎം ഹസനായിരുന്നു മാനേജിങ് ഡയറക്ടർ. മറ്റൊന്നിൽ പന്തളം സുധാകരനും. ഇതിൽ യുഡിഎഫ് കൺവീനർ കൂടിയായ എംഎം ഹസൻ മാനേജിങ് ഡയറക്ടർ സ്ഥാനം നേരത്തെ രാജി വച്ചിരുന്നു. എന്നാൽ ഇതിന് ശേഷവും ഹസൻ ചാനൽ കാര്യങ്ങളിൽ ഇടപെട്ടിരുന്നു. എന്നാൽ എംഡി സ്ഥാനം ഒഴിഞ്ഞ ഹസന് ഇനി ദൈനംദിന കാര്യങ്ങളിൽ ഇടപെടാനാകില്ല. ഡയറക്ടർ ബോർഡ് അംഗമായി ഹസൻ തുടരും. മറ്റൊരു കമ്പനിയിൽ പന്തളം സുധാകരൻ തന്നെയാകും മാനേജിങ് ഡയറക്ടർ. അടിമുടി പരിഷ്‌കാരങ്ങൾ ചാനലിൽ സുധാകരൻ വരുത്തും.