- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാക് തടവിലുള്ള ഭർത്താവിന്റെ മോചനം കാത്തിരുന്നു; പക്ഷെ തേടിയെത്തിയത് പ്രിയതമന്റെ മരണവാർത്ത; ഗുജറാത്തിലെ തീരപ്രദേശത്ത് നിന്നൊരു കരളലിയിക്കുന്ന കഥ
അഹമ്മദാബാദ്: കഴിഞ്ഞ രണ്ട് വർഷത്തോളമായി പാക്കിസ്ഥാന്റെ പിടിയിലുള്ള തന്റെ ഭർത്താവ് രമേശിന്റെ മോചനത്തിനായി കാത്തിരിക്കുകയായിരുന്നു ഗുജറാത്തിലെ തീരദേശ ഗ്രാമമായ നാനാവാടയിലെ രഞ്ജൻ. തന്റെ മൂന്ന് മക്കളെയും തന്നെയും കാണാൻ ഭർത്താവ് എത്തും എന്ന് ശുഭപ്രതീക്ഷയോടെയിരുന്ന രഞ്ജനെ തേടിയെത്തിയത് ഭർത്താവ് രമേശ് സോസ തിരിച്ചുവരുന്നത് ജീവനില്ലാതെയാണ് എന്ന വാർത്തയാണ്. പാക്കിസ്ഥാൻ ജയിലിൽ തടവിലിരിക്കെ ഹൃദയാഘാതം വന്നാണ് രമേശ് സോസ മരിച്ചത്.
മത്സ്യബന്ധനത്തിനായി അറബിക്കടലിൽ പോയ രമേശ് ഉൾപ്പടെ അഞ്ച് മത്സ്യ തൊഴിലാളികളെ 2019 മെയ് മാസത്തിൽ പാക്കിസ്ഥാൻ അതിർത്തി ലംഘിച്ചതിന് പിടികൂടി തടവിലടക്കുകയായിരുന്നു. തടവിൽ വച്ച് മാർച്ച് 26ന് ഹൃദയാഘാതം വന്ന് രമേശ് മരണമടഞ്ഞു. വിവരം അറിഞ്ഞ മത്സ്യ തൊഴിലാളികളായ സുഹൃത്തുക്കൾ 42 ദിവസത്തോളം വിവരം പുറത്തറിയിച്ചതേയില്ല.ഇതിനിടെ കൃഷിസ്ഥലത്ത് ജോലിക്ക് പോയ രമേശിന്റെ മൂത്തമകൾ അസ്മിത(18) ആണ് ഈ വിവരം നാട്ടുകാരിൽ നിന്ന് അറിഞ്ഞ് അമ്മയെ അറിയിച്ചത്.
അച്ഛൻ മരിച്ചതറിഞ്ഞു, മൃതദേഹം വീട്ടിലെത്തിയോ എന്നായിരുന്നു നാട്ടുകാർ അസ്മിതയോട് തിരക്കിയത്. മരണവിവരം സത്യമാണോയെന്ന് അവർ രമേശിന്റെ സുഹൃത്തുക്കളായ മത്സ്യത്തൊഴിലാളികളോട് ചോദിച്ചു. അസ്മിതയെ കൂടാതെ അരുണ, വിമൽ,വിവേക് എന്നീ മക്കളും ഇവർക്കുണ്ട്.രമേശിനെ കുറിച്ചുള്ള വിവരങ്ങൾ ഒരിക്കലും പാക്കിസ്ഥാൻ ഇന്ത്യൻ കോൺസുലേറ്റിന് കൈമാറിയിരുന്നില്ല. അതിർത്തി ലംഘിക്കുന്ന മീൻപിടുത്തക്കാരെ മൂന്ന് മാസത്തിനകം കൈമാറും എന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ കരാർ ഒപ്പുവച്ചിരുന്നെങ്കിലും രമേശിന്റെ കാര്യത്തിൽ ഇത് പാലിച്ചില്ല. കറാച്ചിയിലെ ലന്ധി ജയിലിൽ വച്ച് ഇയാൾ മരണമടയുകയായിരുന്നു.
ഇയാൾ ഇന്ത്യക്കാരനാണെന്ന് പാക്കിസ്ഥാൻ സമ്മതിച്ചത് തന്നെ മാർച്ച് 26ന് മരണമടഞ്ഞ ശേഷം മാത്രമാണ്.ഇന്നലെ പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിച്ച മൃതദേഹം നാട്ടിലെത്തിച്ച ശേഷം അതിവേഗം സംസ്കരിച്ചു.
മറുനാടന് മലയാളി ബ്യൂറോ