അടൂർ: വാട്സാപ്പ് ഗ്രൂപ്പിലെ തർക്കത്തെ തുടർന്നുള്ള സംഘർഷത്തിനിടെയുണ്ടായ ഉന്തിലും തള്ളിലും തലയ്ക്ക് ഗുരുതര പരുക്കേറ്റ് പത്രം ഏജന്റ് മരിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏനാദിമംഗലം മാരൂർ അനീഷ്ഭവനിൽ അനിൽകുമാറാണ്(44) അറസ്റ്റിലായത്. മാർച്ച് 27 ന് രാത്രിയിലാണ് സംഭവം. ചങ്ങാതിക്കൂട്ടം എന്ന വാട്ട്സാപ്പ് ഗ്രൂപ്പിലെ ചർച്ചയ്ക്കിടെ വ്യക്തിപരമായ പരാമർശത്തെ ചൊല്ലി രണജിത്തും അനിലുമായി തർക്കമുണ്ടായിരുന്നു. രണജിത്തിനെ അനിൽ വെല്ലുവിളിച്ചു. തുടർന്ന് അനിലിന്റെ വീട്ടിലേക്ക് രണജിത്ത് ചെന്നു. തർക്കത്തിനിടെ അനിൽ രണജിത്തിനെ പിടിച്ച് തള്ളിയപ്പോൾ കല്ലിൽ തലയിടിച്ച് വീണ് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു.

പത്തനാപുരം, പുനലൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും ചികിൽസയിലായിരുന്ന രണജിത്ത് ശനിയാഴ്ച രാവിലെയാണ് മരിച്ചത്. രണജിത്തിന്റെ ഭാര്യ സജിനി പൊലീസിന് നൽകിയ മൊഴി പ്രകാരമാണ് പൊലീസ് കേസെടുത്തത്. നവമാധ്യമ കൂട്ടായ്മയിലെ വ്യക്തിപരമായ ആക്ഷേപങ്ങൾ സംബന്ധിച്ച പ്രശ്നങ്ങളെ തുടർന്നുണ്ടായ സംഘർഷത്തിലാണ് ഭർത്താവിന് പരുക്കേറ്റതെന്നാണ് സജിനി പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നത്.

എന്നാൽ, ആദ്യമെത്തിച്ച രണ്ട് ആശുപത്രികളിലും രണജിത്ത് നൽകിയ മൊഴി ബൈക്കിൽ നിന്ന് വീണു പരുക്കേറ്റുവെന്നാണ്. പുനലൂരിലെ ആശുപത്രിയിൽ നടത്തിയ സ്‌കാനിങ്ങിൽ തലച്ചോറിൽ ക്ഷതം കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും വഴി രണജിത്തിന്റെ ബോധം പോയി. അവിടെ എത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയ ശേഷം വെന്റിലേറ്ററിലേക്ക് മാറ്റി. ചികിൽസ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.

രണജിത്തിന്റെ ഭാര്യ സജിനിയുടെ പരാതി പ്രകാരം സംഭവം നടന്നതിന് പിറ്റേന്ന് തന്നെ അനിൽകുമാറിനെ അടൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ, രണജിത്തിന്റെ മൊഴി ബൈക്കിൽ നിന്ന് വീണുവെന്നായതിനാൽ ഇയാളെ വിട്ടയയ്ക്കുകയായിരുന്നു. രണജിത്ത് മരിച്ചതോടെ ധർമസങ്കടത്തിലായത് പൊലീസാണ്. രണജിത്തിന്റെ മരണമൊഴിയായി കണക്കാ ക്കാവുന്നത് ആശുപത്രിയിൽ പറഞ്ഞതായിരുന്നു. ഇതാകട്ടെ ബൈക്കിൽ നിന്ന് വീണുവെന്നായിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ അനിലിനെ അറസ്റ്റ് ചെയ്താൽ കേസ് നിലനിൽക്കുമോ എന്ന ഭയം പൊലീസിനുണ്ടായിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തത്.

അനിലും രണജിത്തും തമ്മിൽ മുൻ വൈരാഗ്യം ഉണ്ടായിരുന്നുവെന്ന് പറഞ്ഞാണ് ഇപ്പോഴത്തെ അറസ്റ്റ്. പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇൻക്വസ്റ്റ് തയ്യാറാക്കി, പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദ്ദേശപ്രകാരം പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്‌ഐ വിമൽ രംഗനാഥ്, ബിജു ജേക്കബ്, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, സുനിൽ, റോബി, ജോബിൻ, സതീഷ്, രാജ്കുമാർ, വനിത സി.പി.ഒ അനൂപ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.