- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രദീപിനെ വെട്ടാൻ സിനിമാക്കാരൻ എന്ന ബുദ്ധിക്ക് പിന്നിൽ എളമരം-റിയാസ് അച്ചുതണ്ട്; സിനിമാക്കാരന്റെ മനസ്സ് സിപിഎമ്മിന് അനുകൂലമാക്കിയത് സോഷ്യലിസ്റ്റ് കൂട്ടുകാരും; പാർവ്വതി തിരുവോരത്ത് നോ പറഞ്ഞപ്പോൾ രഞ്ജിത്തിനെ ചൂണ്ടിക്കാട്ടിയത് ശ്രേയംസ്കുമാർ; നന്ദനത്തിൽ 'കൃഷ്ണ ലീല' കാട്ടിയ സംവിധായകൻ കോഴിക്കോട് നോർത്തിൽ എത്തുമ്പോൾ
കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിനെ സിപിഎമ്മുമായി അടുപ്പിക്കുന്നതിന് പിന്നിൽ സോഷ്യലിസ്റ്റ് സൗഹൃദം. കോഴിക്കോട് നോർത്തിൽ മത്സരിക്കാൻ സംവിധായകനായ രഞ്ജിത്ത് സമ്മതം പ്രകടിപ്പിക്കുമ്പോൾ ചർച്ചയാകുന്നത് എൽജെഡി എന്ന പാർട്ടിയുമായുള്ള സിനിമാക്കാരന്റെ അടുപ്പമാണ്. മാതൃഭൂമിയുടെ എംഡിയും എൽജെഡി അധ്യക്ഷനുമായ എംവി ശ്രേയംസ് കുമാറും സുഹൃത്തുക്കളുമാണ് രഞ്ജിത്തനെ രാഷ്ട്രീയക്കാരനാക്കാൻ മുന്നിലുള്ളത്. ഇതിനൊപ്പം എ പ്രദീപ് കുമാറിന് വീണ്ടും സീറ്റ് നൽകാൻ താൽപ്പര്യമില്ലാത്ത കോഴിക്കോട്ടെ സിപിഎം അച്ചുതണ്ടും ചേർന്നു. ഇതോടെയാണ് രഞ്ജിത്തിന്റെ സാധ്യതകൾ ചർച്ചയാകുന്നത്.
കോഴിക്കോട് നോർത്തിനുള്ളത് കോൺഗ്രസ് പാരമ്പര്യമായിരുന്നു. ഈ കുത്തകയെയാണ് പ്രദീപ് കുമാർ തകർത്തത്. സ്കൂൾ ആധുനിക വൽക്കരണത്തിന് പുതുമാനം നൽകി. ഇത് പിണറായി സർക്കാർ കേരളത്തിൽ ഉടനീളം നടപ്പാക്കുകയും ചെയ്തു. ജനകീയനായ പ്രദീപ് കുമാർ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. പക്ഷേ ജയിക്കാനായില്ല. സിപിഎമ്മിലെ ഗ്രൂപ്പിസവും ഇതിന് കാരണമായി. ഇതുകൊണ്ട് തന്നെ പ്രദീപിന് സീറ്റ് കൊടുക്കരുതെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗം വാദിക്കുന്നത്. എളമരം കരിമും ജില്ലാ സെക്രട്ടറി പി മോഹനനും പ്രദീപിന് എതിരാണ്. മുഖ്യമന്ത്രിയുടെ മരുമകനായ മുഹമ്മദ് റിയാസിനും പ്രദീപിനോട് താൽപ്പര്യമില്ല.
എന്നാൽ കരുത്തനായ സ്ഥാനാർത്ഥിയെ അവതരിപ്പിച്ചാൽ മാത്രമേ പ്രദീപിന് സീറ്റ് നിഷേധിക്കാനാകൂ. ഇത് മനസ്സിലാക്കിയാണ് രഞ്ജിത്തിന്റെ പേര് ചർച്ചയാക്കിയത്. ജയസാധ്യതയുള്ള സ്ഥാനാർത്ഥികളെ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ചിരുന്നു. പ്രദീപിന് പ്രചരണത്തിന് ചിലർ അനുമതിയും നൽകി. ഇതിന് പിന്നാലെയാണ് രഞ്ജിത്ത് പരസ്യമായി തന്നെ മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നത്. കോഴിക്കോട് ജില്ലാ കമ്മറ്റിയും നോർത്തിൽ രഞ്ജിത്തിന്റെ പേര് ചർച്ചയാക്കാൻ സാധ്യതയുണ്ട്. നോർത്തിൽ പാർവ്വതി തിരുവോത്തിനെ മത്സരിപ്പിക്കാനുള്ള ഗൂഡ നീക്കവും നേരത്തെ നടത്തിയിരുന്നു. പ്രദീപിനെ മത്സരിക്കാൻ അനുവദിക്കരുതെന്നവരുടെ താൽപ്പര്യമായിരുന്നു ഇതിന് പിന്നിൽ.
മാതൃഭൂമിയിലാണ് പാർവ്വതി തിരുവോത്ത് നോർത്തിൽ മത്സരിക്കുമെന്ന വാർത്ത ആദ്യം എത്തിയത്. പിന്നാലെ നടി തന്നെ അത് നിഷേധിച്ചു. ഇതോടെയാണ് പ്രദീപ് കുമാർ തന്നെയാകും നല്ല സ്ഥാനാർത്ഥിയെന്ന ചിന്ത മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവർക്ക് കിട്ടുന്നത്. നല്ല സ്ഥാനാർത്ഥിയെ അവതരിപ്പിച്ച് ഇത് പൊളിക്കാനാണ് നീക്കം. എൽജെഡി നിലവിൽ ഇടതുപക്ഷത്തെ ഘടകക്ഷിയാണ്. അവർക്ക് മത്സരിക്കാൻ നാല് സീറ്റ് എൽഡിഎഫ് കൊടുക്കും. യുഡിഎഫിലായിരുന്നപ്പോൾ ഏഴിൽ മത്സരിച്ചിരുന്നു. എൽജെഡിക്ക് കൂടി താൽപ്പര്യമുള്ള രഞ്ജിത്തിനെ കോഴിക്കോട്ട് മത്സരിപ്പിച്ച് ഈ പിണക്കം മാറ്റാമെന്ന ലക്ഷ്യവുമുണ്ട്
ശ്രേയംസ്കുമാർ അടക്കമുള്ളവരുടെ സ്വാധീനത്തിൽ രഞ്ജിത്ത് മത്സരിക്കാനും തയ്യാറായി. പാർട്ടി തീരുമാനിച്ചാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധനാണെന്നു വ്യക്തമാക്കി രഞ്ജിത്ത് പരസ്യ പ്രതികരണവും നടത്തി. സ്ഥാനാർത്ഥിയാവുന്നതിനായി സിപിഎം ബന്ധപ്പെട്ടിരുന്നുവെന്ന് സ്ഥിരീകരിച്ച രഞ്ജിത്ത് തീരുമാനം പാർട്ടി എടുക്കട്ടെയെന്നു മാധ്യമ പ്രവർത്തകരോടു പറഞ്ഞു. മത്സരിക്കുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനോട് രഞ്ജിത്തിന്റെ പ്രതികരണം ഇങ്ങനെ: ''ആദ്യത്തെ സിനിമ ചെയ്യുമ്പോഴും എനിക്ക് ഈ സംശയം ഉണ്ടായിരുന്നു. ഒരു കൊമേഴ്സ്യൽ സിനിമ ചെയ്യാനാവുമോയെന്ന്. അന്ന് മോഹൻലാലും ആന്റണി പെരുമ്പാവൂരുമൊക്കെയാണ് ധൈര്യം തന്നത്.'' ചുറ്റുമുള്ള എല്ലാവരും ധൈര്യം തന്നാൽ നോക്കാമെന്ന് രഞ്ജിത്ത് പറഞ്ഞു.
''മത്സരിക്കാനായി പാർട്ടി ബന്ധപ്പെട്ടിരുന്നു. പാർട്ടി പറയുമോ എന്നു നോക്കട്ടെ. എന്നിട്ടു പറയാം. രാഷ്ട്രീയത്തെ രണ്ടു രീതിയിൽ കാണാം. സ്ഥിരമായി അതിൽ നിൽക്കുന്നവരാണ് ഒരു വിഭാഗം. അല്ലാതെ ഉള്ളവർക്കും ഭരണസംവിധാനത്തിന്റെ ഭാഗമായി മാറാം. എന്റെ കർമമേഖല സിനിമയാണ്. സിനിമയിൽ ഇപ്പോൾ 33 വർഷമായി.'' പ്രദീപ് കുമാർ നടത്തിയ മികച്ച പ്രവർത്തനത്തിന്റെ ഫലമാണ് കോഴിക്കോട് നോർത്ത് ഉറച്ച മണ്ഡലമായി മാറിയതെന്ന് രഞ്ജിത്ത് പറഞ്ഞു. പ്രദീപ് പ്രാപ്തനായ എംഎൽഎയാണ്. അങ്ങനെയൊരു എംഎൽഎയെ കോഴിക്കോടിനു കിട്ടാൻ പ്രയാസമാണെന്നും രഞ്ജിത് പറഞ്ഞു.
നന്ദനം ആയിരുന്നു രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദ്യ സിനിമ. പെരുവണ്ണാപുരത്തെ വിശേഷങ്ങളാണ് രഞ്ജിത്തിന്റെ ആദ്യ തിരക്കഥ. രണ്ടും മലയാളത്തിലെ സൂപ്പർ ഹിറ്റായിരുന്നു. നന്ദനത്തിൽ ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട ആശയമാണ് രഞ്ജിത്ത് അവതരിപ്പിച്ചത്. യഥാർത്ഥ കൃഷ്ണ ലീല. ഹൈന്ദവ ബിംബങ്ങളോട് രഞ്ജിത്തിന് പ്രത്യേക താൽപ്പര്യമുണ്ടെന്ന വാദം അക്കാലങ്ങളിൽ ഇടതു കേന്ദ്രങ്ങൾ തന്നെ ചർച്ചയാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ