- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റാന്നിയിലെ സിപിഎം-ബിജെപി ബാന്ധവം പുതിയ കാര്യമല്ല; നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടു കച്ചവടം പതിവ്; എൽഡിഎഫ് അംഗത്തെ പഞ്ചായത്ത് പ്രസിഡന്റാക്കിയത് ബിജെപി നിയോജക മണ്ഡലം പ്രസിഡന്റിന്റെ ബുദ്ധി; ബിജെപിയുടെ രണ്ട് പഞ്ചായത്തംഗങ്ങളെ സസ്പെൻഡ് ചെയ്ത് ജില്ലാ പ്രസിഡന്റ്: നിയോജക മണ്ഡലം പ്രസിഡന്റ് സുരക്ഷിതൻ
പത്തനംതിട്ട: റാന്നി പഞ്ചായത്തിൽ എൽഡിഎഫ് അംഗത്തെ ബിജെപി പ്രസിഡന്റാക്കിയതിനെ ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. രണ്ടു ബിജെപി പഞ്ചായത്തംഗങ്ങളെ ജില്ലാ പ്രസിഡന്റ് സസ്പെൻഡ് ചെയ്തു. എൽഡിഎഫിലെ കേരളാ കോൺഗ്രസ് (എം) പ്രസിഡന്റാക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് തങ്ങളെ സമീപിക്കുകയാണ് ഉണ്ടായത് എന്ന ന്യായീകരണവുമായി ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ്. കേരളാ കോൺഗ്രസ് അംഗത്തെ പ്രസിഡന്റാക്കാൻ കരാറുണ്ടാക്കിയ നിയോജക മണ്ഡലം പ്രസിഡന്റിനെതിരേ യാതൊരു നടപടിയുമെടുക്കാത്ത ജില്ലാ പ്രസിഡന്റിനെതിരേ രൂക്ഷ വിമർശനവുമായി ഒരു വിഭാഗം രംഗത്ത് വരികയും ചെയ്തു.
പക്ഷേ, റാന്നിയിലെ ബിജെപിക്കാർക്ക് ഇതൊന്നും ഒരു വലിയ വാർത്തയല്ല. കാരണം, വർഷങ്ങളായി സിപിഎം ബാന്ധവം ഇവിടുത്തെ ബിജെപി നേതാക്കൾക്കുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അടക്കം സിപിഎമ്മിന് വോട്ടു മറിച്ച പാരമ്പര്യമാണ് ഇവർക്കുള്ളത്. നിയോജകമണ്ഡലം പ്രസിഡന്റ് ഷൈൻ ജി കുറുപ്പും രാജുഏബ്രഹാം എംഎൽഎയുമായി വലിയ അന്തർധാര തന്നെയുണ്ട്. എംഎൽഎയുടെ ആസ്ഥാന പഞ്ചായത്തിലെ ഭരണം എൽഡിഎഫിന് കൈവിട്ടു പോകുന്നത് തടയാനുള്ള കുറുക്കു വഴിയാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്.
അതിന്റെ പാപഭാരം മുഴുവൻ മന്ദിരം രവീന്ദ്രൻ, എഎസ് വിനോദ് എന്നീ ബിജെപി പഞ്ചായത്തംഗങ്ങൾ വഹിക്കേണ്ടി വന്നിരിക്കുന്നു. എന്തിനാണ് സസ്പെൻഡ് ചെയ്തത് എന്നുമാത്രം അശോകന്റെ പത്രക്കുറിപ്പിൽ പറയുന്നില്ല. ബിജെപി നിർദ്ദേശിച്ച അംഗത്തെ എന്തിനാണ് സിപിഎം പിന്തുണച്ചത് എന്നാണ് നിയോജക മണ്ഡലം പ്രസിഡന്റ് ഷൈൻ ജി കുറുപ്പിന്റെ ചോദ്യം. നിഷ്കളങ്കമായ ഈ നിലപാട് ചോദ്യം ചെയ്തു കൊണ്ട് ഫേസ് ബുക്കിൽ ആഞ്ഞടിച്ചിരിക്കുകയാണ് ശ്രീജിത്ത് പന്തളം. അശോകൻ കുളനടയാണ് എല്ലാത്തിന്റെയും സൂത്രധാരൻ എന്നാണ് ശ്രീജിത്തിന്റെ ആരോപണം.
ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്ത റാന്നിയിൽ സ്വതന്ത്രന്റെ പിന്തുണയോടെ യുഡിഎഫ് അധികാരത്തിലേറാൻ കാത്തിരുന്നപ്പോഴാണ് എൽഡിഎഫിൽ നിന്നുള്ള കേരളാ കോൺഗ്രസ്(എം) അംഗം ശോഭാ ചാർലിയെ ബിജെപി പിന്തുണച്ച് പ്രസിഡന്റാക്കിയത്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് ബിജെപി പഞ്ചായത്ത് അംഗങ്ങൾ വിട്ടു നിൽക്കുകയും യുഡിഎഫിലെ സിന്ധു സഞ്ജയൻ വിജയിക്കുകയും ചെയ്തു. ഇതോടെ സിപിഎമ്മിന്റെയും ബിജെപിയുടെയും നേതാക്കൾക്കെതിരേ സ്വന്തം പാർട്ടികളിൽ നിന്ന് തന്നെ രൂക്ഷവിമർശനം ഉയർന്നു. ശോഭാ ചാർലിയുമായി 200 രൂപ മുദ്രപത്രത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് ഷൈൻ ജി കുറുപ്പ് തയാറാക്കിയ കരാർ പുറത്തു വന്നത് ബിജെപിയെ പ്രതിരോധത്തിലാക്കി.
ഇവിടെ മുഖം രക്ഷിക്കുന്നതിന് വേണ്ടിയാണ് ജില്ലാ നേതൃത്വം പഞ്ചായത്തംഗങ്ങളെ പുറത്താക്കിയത്. കരാറിന് നേതൃത്വം നൽകിയ ഷൈനിനെതിരേ നടപടിയുമെടുത്തിട്ടില്ല. സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾ അറിയാതെയാണ് ഷൈനും മറ്റു ചിലരും ചേർന്ന് അട്ടിമറി നടത്തിയത് എന്നാണ് ആരോപണം. ഇതേപ്പറ്റി പ്രതികരിക്കാൻ ജില്ലാ നേതൃത്വം തയാറാകുന്നുമില്ല. അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ടു നേടുകയും എന്നിട്ട്, ശബരിമല തകർക്കാൻ കൂട്ടുനിൽക്കുന്ന സിപിഎമ്മിന് പിന്തുണ നൽകുകയും ചെയ്തതിന് എതിരേയാണ് സാധാരണ പ്രവർത്തകരുടെ പ്രതിഷേധം. റാന്നി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റും സെക്രട്ടറിയും പദവികൾ രാജിവയ്ക്കുകയും ചെയ്തു.
പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ പിന്തുണയ്ക്കണം എന്നാവശ്യപ്പെട്ട് ശോഭാ ചാർലി ബിജെപിയെ സമീപിക്കുകയായിരുന്നുവെന്നാണ് ഷൈൻ ജി.കുറുപ്പ് പറയുന്നത്. അവർ സിപിഎം അംഗമല്ല. കേരളാ കോൺഗ്രസ്(എം) അംഗമാണ്. പ്രസിഡന്റാക്കാൻ സഹായിച്ചാൽ ബിജെപിക്കൊപ്പം നിൽക്കാമെന്ന് അവർ അറിയിച്ചു. ഇതേ തുടർന്നാണ് കരാറുണ്ടാക്കിയതും തങ്ങളുടെ സ്ഥാനാർത്ഥിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദ്ദേശിച്ചതും. അവരെ സിപിഎം പിന്തുണച്ചത് എന്തിനായിരുന്നുവെന്നാണ് ഇപ്പോൾ ഷൈൻ ചോദിക്കുന്നത്. കുറ്റം മുഴുവൻ സിപിഎമ്മിന്റെ തലയിലേക്ക് തള്ളുകയാണ് ബിജെപി ചെയ്തിരിക്കുന്നത്.
ഒപ്പം, ശോഭാ ചാർലിയെ സ്വന്തം ആളായി ചിത്രീകരിക്കുകയും ചെയ്യുന്നു. എൽഡിഎഫ് പഞ്ചായത്ത് കമ്മറ്റി ശോഭയോട് രാജി വയ്ക്കാൻ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് അവർ അറിയിച്ചതോടെ എൽഡിഎഫിൽ നിന്ന് പുറത്താക്കി. പാർട്ടിയിൽ നിന്ന് ഇവരെ പുറത്താക്കണമെന്ന് എൽഡിഎഫ് കേരളാ കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിർദ്ദേശത്തോട് മുഖം തിരിക്കാൻ കേരളാ കോൺഗ്രസിന് കഴിയില്ല. പ്രത്യേകിച്ചും നിയമസഭാ തെരഞ്ഞെടുപ്പിൽ റാന്നി സീറ്റിൽ അവർ മത്സരിക്കാൻ തയ്യാറെടുക്കുമ്പോൾ/
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്