പത്തനംതിട്ട: സ്ത്രീ സുരക്ഷയും സാമൂഹിക ക്ഷേമവും സംബന്ധിച്ച് മന്ത്രിമാരും വിവിധ വകുപ്പുകളും പ്രസംഗിക്കുന്നത് കേൾക്കാൻ നല്ല രസമാണ്. പക്ഷേ, അണ്ടിയോട് അടുക്കുമ്പോഴേ മാങ്ങയുടെ പുളി അറിയൂ എന്ന് പറയുന്നതു പോലെയാണ് കാര്യങ്ങൾ. മനോരോഗം മൂർഛിച്ച് അക്രമത്തിന് തുനിഞ്ഞ ഇതരസംസ്ഥാനക്കാരിയെ ഒരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ പൊലീസുകാർ നെട്ടോട്ടമോടി. ഒരു വകുപ്പിന്റെയും കാര്യമായ പിന്തുണ അവർക്ക് ലഭിച്ചില്ല. ഒടുവിൽ നാട്ടുകാരുടെ സുരക്ഷയെ കരുതി മാത്രം ഒരു രാവും പകലും അവർക്ക് അക്രമാസക്തയായ മനോരോഗിയെയും കൊണ്ട് അലഞ്ഞു നടക്കേണ്ടി വന്നു.

റാന്നി പെരുനാട് പൊലീസാണ് വലഞ്ഞത്. എല്ലാവരും കൈയൊഴിഞ്ഞിട്ടും ഒടുവിൽ തങ്ങളുടെ പണി കൃത്യമായി ചെയ്ത് അഭിനന്ദനം ഏറ്റുവാങ്ങുകയാണ് ഇവിടുത്തെ പൊലീസുകാർ. കഴിഞ്ഞ കുറേ നാളുകളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അലഞ്ഞു നടന്നിരുന്ന യുവതിയാണ് ഒടുവിൽ അക്രമത്തിന് തുനിഞ്ഞത്. ഇവർക്ക് നാൽപതു വയസ് തോന്നിക്കും. ഒരാഴ്ച മുമ്പ് റാന്നിയിൽ ചുറ്റിത്തിരിഞ്ഞ ഇവർ ബുധനാഴ്ച രാവിലെ പെരുനാട് മാർക്കറ്റിൽ എത്തി ശല്യം ആരംഭിച്ചു. ഇവിടെയുള്ളവർ വിവരം തൊട്ടടുത്തുള്ള പെരുനാട് പൊലീസ് സ്റ്റേഷനിൽ അറിയിച്ചു.

അക്രമകാരിയെ സ്ഥലത്തു നിന്ന് മാറ്റാൻ നടപടി വേണമെന്ന് വ്യാപാരികൾ അടക്കം ആവശ്യപ്പെട്ടു. സ്ഥലത്ത് വന്ന പൊലീസിന് കാര്യത്തിന്റെ ഗൗരവം മനസിലായി. യുവതിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി ചികിൽസയും മറ്റ് സഹായവും നൽകാൻ സഹായിക്കണമെന്ന ആവശ്യവുമായി പൊലീസ് സാമൂഹിക ക്ഷേമ വകുപ്പിനെയാണ് ആദ്യം സമീപിച്ചത്. എന്നാൽ തങ്ങൾക്ക് അതിനുള്ള സംവിധാനം ഇല്ലെന്നും സാമൂഹിക സേവനം ചെയ്യുന്ന ഏതെങ്കിലും കേന്ദ്രത്തിലേക്കു പൊലീസ് തന്നെ മാറ്റിക്കൊള്ളാനും അവർ നിർദ്ദേശിച്ചു. ഇതിനിടയിൽ പെരുനാട് മാർക്കറ്റിൽ നിന്നും പോയ യുവതി മാമ്പാറ ഭാഗത്ത് എത്തി നാട്ടുകാർക്കു നേരെ ശല്യം തുടങ്ങി. ഇതോടെ പൊലീസിന് ഇരിക്ക പ്പൊറുതി ഇല്ലാതായി. അവർ വീണ്ടും സാമൂഹിക ക്ഷേമ വകുപ്പിനെ സമീപിച്ചു.

യുവതിയുടെ അവസ്ഥയും വിവരവും വച്ച് റിപ്പോർട്ടും നൽകി. ഇതിനെ തുടർന്ന് യുവ തിയെ കോഴഞ്ചേരി ജില്ലാശുപത്രിയിലേക്കു മാറ്റാനുള്ള കത്ത് പൊലീസിനു ലഭിച്ചു. കത്തുമായി പെരുനാട് പഞ്ചായത്ത് ഓഫീസിനെ സമീപിച്ചപ്പോൾ ആംബുലൻസ് വിട്ടു കിട്ടി. വൈകിട്ട് നാലരയോടെ യുവതിയെ പിടികൂടി ആംബുലൻസിൽ കയറ്റാൻ വനിതാ പൊലീസും നാട്ടുകാരും അടങ്ങുന്ന സംഘം ശ്രമം തുടങ്ങി. അക്രമ സ്വഭാവം കാട്ടി എതിർത്തു നിന്ന ഇവരെ ഏറെ പണിപ്പെട്ട് ആംബുലൻസിൽ കയറ്റി. ഡോർ പുറമേ നിന്ന് കെട്ടിവച്ചാണ് ഇവരെ രാത്രി എട്ടുമണിയോടെ ജില്ലാശുപത്രിയിൽ എത്തിച്ചത്.

അവിടെ ഒരുവിധം കോവിഡ് പരിശോധന പൂർത്തിയാക്കി. പിന്നെയാണ് യഥാർഥ പുകി. കോവിഡ് ആശുപത്രി ആയതിനാൽ പോസിറ്റീവ് ആയവരെ മാത്രമെ അവിടെ പ്രവേശിപ്പിക്കാൻ കഴിയുകയുള്ളു. യുവതി നെഗറ്റീവ് ആയതിനാൽ തിരികെ കൊണ്ടു പോകണമെന്ന് ആശുപത്രി അധികൃതർ നിലപാട് എടുത്തു. ഗതികേടിലായ പൊലീസ് യുവതിയുമായി പത്തനംതിട്ട സിജെഎം കോടതിയിൽ എത്തി. ജഡ്ജിയുടെ നിർദ്ദേശപ്രകാരം യുവതിയും വനിത അടക്കം അഞ്ചോളം പൊലീസുകാരുമായി ആംബുലൻസും പെരുനാട് പൊലീസിന്റെ വാഹനവും റാന്നി കോടതിയിലേക്കു പാഞ്ഞു.

രാത്രിയിൽ തന്നെ റാന്നി കോടതി യുവതിയെ ഊളമ്പാറയിലേക്കു കൊണ്ടു പോകാനുള്ള അനുമതി നൽകിയതോടെ രണ്ടു വാഹനങ്ങളും തിരുവനന്തപുരത്തേക്കു പാഞ്ഞു. അർധ രാത്രി പിന്നിട്ട് വാഹനങ്ങൾ ഊളമ്പാറയിൽ ചെന്നെങ്കിലും യുവതി കൂടുതൽ അക്രമ സ്വഭാവം കാണിച്ചതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതു വൈകി. ഒടുവിൽ പുലർച്ചെ ഒന്നരയോടെ യുവതിയെ ആശുപത്രിയിൽ ആക്കിയ സംഘം പെരുനാട്ടിൽ തിരിച്ചെത്തിയത് അഞ്ചു മണിയോടെയാണ്.