റാന്നി: പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയിൽ വച്ച് സിവിൽ പൊലീസ് ഓഫീസറെ ഗ്രേഡ് എസ്ഐ മർദിച്ചുവെന്ന് ആരോപണം.

എസ്ഐയെ വേണ്ട വിധത്തിൽ ബഹുമാനിക്കാത്തതിന്റെ ചൊരുക്കാണെന്ന് സിപിഓ. അവധിയെടുത്ത് വീട്ടിൽപ്പോയ പൊലീസുകാരൻ ശിശുസൗഹൃദ മുറിയിൽ വന്ന് കിടന്നത് ചോദ്യം ചെയ്യുക മാത്രമാണ് എസ്ഐ ചെയ്തതെന്ന് എസ്എച്ച്ഓ.

ഇന്നലെ രാത്രി എട്ടിനാണ് സംഭവം. സിപിഓ വി. സുബിനാണ് മർദനമേറ്റതായി പറയുന്നത്. സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എസ്‌കെ അനിലാണ് മർദിച്ചത്. ചെകിടത്തും ശരീരത്തുമായി നാലു തവണ അടിച്ചുവെന്നും കൈ പിടിച്ച് തിരിച്ചുവെന്നുമാണ് സുബിൻ പറയുന്നത്. ഇതു സംബന്ധിച്ച് സുബിൻ പരാതി നൽകുമെന്നും പറയുന്നു. എസ്ഐക്ക് വേണ്ടത്ര ബഹുമാനം നൽകാത്തതിന്റെ ചൊരുക്കാണ് മർദനത്തിന് കാരണമായി സുബിൻ പറയുന്നത്.

അതേ സമയം സുബിൻ പറയുന്നതിൽ വാസ്തവമില്ലെന്നാണ് റാന്നി എസ്എച്ച്ഓ എംആർ സുരേഷ് പറയുന്നത്. അവധിയെടുത്ത് പോയ ആളാണ് സുബിൻ. ഇയാൾ ഇന്നലെ രാത്രി സ്റ്റേഷനിൽ വന്ന് ശിശുസൗഹൃദ മുറിയിൽ കിടക്കുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ ഇത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നും ഇൻസ്പെക്ടർ പറഞ്ഞു.

മർദനം നടന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നു. രഹസ്യാന്വേഷണ വിഭാഗങ്ങൾ സംഭവം എസ്‌പിയുടെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുണ്ട്.