- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോ ഓടിച്ചിരുന്നവനെയും കൂലിപ്പണിക്കാരനെയും ഒരു തമിഴ്നാട്ടുകാരൻ നന്നായി പറ്റിച്ചു, ദാറ്റ്സാൾ; റാന്നിയിലെ യുറേനിയം കഥയുടെ പിന്നിൽ ഇത്ര മാത്രമേയുള്ളൂവെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം; സാമ്പത്തിക നഷ്ടമുണ്ടാകാത്തത് ആരുടെയോ ഭാഗ്യം; എങ്കിലും പൂർണമായ സ്ഥിരീകരണമില്ലാതെ കസ്റ്റഡിയിൽ ഉള്ളവരെ വിടില്ല
പത്തനംതിട്ട: റാന്നിയിലെ യുറേനിയം കഥ കഴമ്പില്ലാത്തത് ആകാമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ബോംബ് സ്ക്വാഡ് പരിശോധിച്ച ശേഷം, യുറേനിയമെന്ന് കസ്റ്റഡിയിലുള്ള യുവാക്കൾ പറയുന്ന സാധനത്തിന് റേഡിയേഷൻ ഇല്ലെന്ന് വ്യക്തമായിട്ടുണ്ട്. യുറേനിയം കൈവശം ഉണ്ടെന്ന് വെളിപ്പെടുത്തി പൊലീസിനു കാണിച്ചു കൊടുത്ത റാന്നി വലിയകുളം മഠത്തിൽകാവിൽ സുനിൽ (46), സുഹൃത്ത് വലിയകുളം കണികുന്നത്ത് പ്രശാന്ത്(32) എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
ഇവർ കാണിച്ചു കൊടുത്ത കറുത്ത നിറമുള്ള പൊടി പൊലീസിനെ വലച്ചു. ഇത് യുറേനിയമല്ലെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. കൂടുതൽ വിദഗ്ധ പരിശോധന നടത്തും. ഞായറാഴ്ച രാത്രി പത്തരയോടെ പ്രശാന്താണ് പൊലീസ് കൺട്രോൾ റൂം നമ്പറായ 112 ലേക്കു വിളിച്ച് യുറേനിയം കൈവശമുണ്ടെന്ന വിവരം നൽകിയത്. അതീവ സുരക്ഷാ പ്രാധാന്യമുള്ള യുറേനിയം വീട്ടിൽ സൂക്ഷിക്കുന്നുവെന്ന വിവരം ലഭിച്ചയുടൻ ഫോൺ നമ്പർ പരിശോധിച്ച് പൊലീസ് റാന്നി വലിയകുളത്തെ പ്രശാന്തിന്റെ വീട് രാത്രിയിൽ തന്നെ കണ്ടെത്തുകയായിരുന്നു.
വീട്ടിലെത്തിയ പൊലീസിന് സിറിഞ്ചു പോലെയുള്ള കുപ്പിയിൽ സൂക്ഷിച്ചിരുന്ന പദാർഥം പ്രശാന്ത് കാണിച്ചു കൊടുത്തു. തന്റെ പക്കൽ 30 ഗ്രാമും സുഹൃത്തും അയൽവാസിയുമായ സുനിലിന്റെ പക്കൽ 20 ഗ്രാമും സാധനം ഉണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ. പൊലീസ് ഉടൻ തന്നെ സുനിലിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. ഇയാൾ വീടിനു സമീപം മണ്ണിൽ കുഴിച്ചിട്ടിരുന്ന 'യുറേനിയ'വും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ തങ്ങൾ വിൽപ്പനയ്ക്കു സൂക്ഷിച്ചതാണ് യുറേനിയം എന്നു യുവാക്കൾ പറഞ്ഞു. ഗ്രാമിന് പത്തു ലക്ഷം രൂപ വരെ വില ലഭിക്കുമെന്നു പറഞ്ഞ് തമിഴ്നാട്ടിൽ നിന്നാണ് സാധനം എത്തിച്ചതെന്ന് ഇവർ പറഞ്ഞു. തമിഴ്നാട് സ്വദേശിയും മല്ലപ്പള്ളിയിൽ താമസക്കാരനുമായ വിജയകുമാർ എന്നയാളായിരുന്നു ഇടനിലക്കാരൻ.
ഒമ്പതു മാസം മുമ്പ് മൂവരും കാറിൽ കൂടംകുളത്തിന് 27 കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്തു ചെന്നാണ് സാധനം വാങ്ങിയത്. പ്രതിഫലമായി ഒന്നും നൽകിയില്ലെന്നും വിൽപ്പന നടത്തിയ ശേഷം പണം നൽകിയാൽ മതിയെന്നുമായിരുന്നത്രെ കരാർ. ആദ്യം സാധനം ഇറിഡിയം ആണെന്നു പറഞ്ഞെങ്കിലും പിന്നീടാണ് യുറേനിയം ആണെന്നും ഗ്രാമിന് പത്തുലക്ഷം രൂപ വരെ കിട്ടുന്നതാണെന്നും ഇടനിലക്കാർ പറഞ്ഞതെന്നും യുവാക്കൾ പൊലീസിനോടു പറഞ്ഞു. യുറേനിയം ആണെന്നു സാക്ഷ്യപ്പെടുത്തുന്ന രണ്ട് സർട്ടിഫിക്കറ്റുകളും ഇവരിൽ നിന്നും കണ്ടെടുത്തു. എന്നാൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ പേരിലുള്ള ഈ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കരുതുന്നു.
പ്രശാന്തിന്റെ മാതാവ് ദീർഘനാൾ ജയ്പ്പൂരിൽ രസതന്ത്ര അദ്ധ്യാപിക ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തന്റെ കൈവശം യുറേനിയം ഉണ്ടെന്ന കാര്യം ഞായറാഴ്ച രാത്രി പ്രശാന്താണ് മാതാവിനെ അറിയിച്ചത്. യുറേനിയത്തിന്റെ ഗുണദോഷങ്ങൾ അറിയാവുന്ന മാതാവാണ് ഇത് രാജ്യ സുരക്ഷയെ ബാധിക്കുന്ന സാധനമാണെന്നും അപകടകരമായ പദാർത്ഥം പൊലീസിനെ ഏൽപ്പിച്ച് തലയൂരാൻ നിർദ്ദേശിച്ചതും. ഇതിൻ പ്രകാരമാണത്രെ പ്രശാന്ത് പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചത്.
യുവാക്കളിൽ നിന്നും കണ്ടെടുത്ത സാധനം യുറേനിയം ആണോ എന്ന് അറിയാൻ ചവറ കെഎംഎംഎല്ലിനെ സമീപിച്ചെങ്കിലും അവർ പരിശോധനയ്ക്ക് തയാറായില്ല. ഇന്നലെ വൈകുന്നേരം ആറരയോടെ തിരുവനന്തപുരത്തു നിന്നും ബോംബ് സ്ക്വാഡ് വലിയകുളത്ത് പ്രശാന്തിന്റെ വീട്ടിലെത്തി പരിശോധന നടത്തി. ഇതിൽ കണ്ടെടുത്ത സാധനത്തിന് റേഡിയേഷൻ ഇല്ലെന്നു മനസിലായി. ഇന്ന് കളമശ്ശേരി ഇന്ത്യൻ റെയർ എർത്തിൽ നിന്നും വീണ്ടും സംഘം എത്തി പരിശോധന നടത്തിയാലേ വിവാദ പദാർത്ഥം യുറേനിയം ആണോ എന്നു മനസിലാക്കാൻ കഴിയൂ.
ജില്ലാ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ ജോസ് കൂടംകുളം ആണവനിലയത്തിലെ വിദഗ്ധരുമായി ഇതു സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. യുറേനിയം ഇന്ത്യയിൽ ഒരിടത്തും സംസ്കരിക്കുന്നില്ലെന്നും ഉൽപാദിപ്പിക്കുന്നില്ലെന്നുമാണ് അവർ അറിയിച്ചത്. കൂടംകുളം ആണവ റിയാക്ടറിന് ഉപയോഗിക്കുന്ന യുറേനിയം റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. പ്രകൃതിദത്ത യുറേനിയം മണ്ണിൽ കാണപ്പെടുന്നുണ്ട്. അതാണെങ്കിലും പരിശോധനയിലൂടെ മാത്രമേ അറിയാൻ കഴിയൂവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
യുറേനിയവുമായി യുവാക്കൾ പിടിയിലായെന്ന വാർത്ത വിശ്വസിക്കാനാകാത്ത നിലയിലാണ് വലിയകുളത്തുകാർ. യുറേനിയം എന്തെന്ന് അറിയാത്ത ബഹുഭൂരിപക്ഷം ആളുകൾ താമസിക്കുന്ന ഗ്രാമത്തിൽ പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കൾ അതിന്റെ വിൽപ്പനക്കാർ ആയി എന്ന വാർത്ത ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്.ഒമ്പതു മാസമായി ഈ വിവാദ സാധനം കണികുന്നത്തു പ്രശാന്തിന്റേയും മഠത്തിൽ കാവിൽ സുനിലിന്റേയും വീട്ടിൽ ഉണ്ടായിരുന്നുവെന്ന് അറിഞ്ഞതോടെ നാട്ടുകാരുടെ ആശങ്കയും വർദ്ധധച്ചു. കണ്ടെടുത്ത പദാർത്ഥം യുറേനിയം ആണെന്നുള്ളതിന് ഒരു തെളിവും ലഭിച്ചിട്ടില്ലെങ്കിലും യുറേനിയം മൂലമുള്ള ഗുണദോഷങ്ങൾ ഇപ്പോൾ നാട്ടിൽ ചർച്ചാ വിഷയമാണ്.
സ്വന്തമായി ഓട്ടോറിക്ഷയുള്ള പ്രശാന്ത് അത് ഓടിക്കാൻ പോകാറില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സുനിൽ കൂലിപ്പണിക്കാരനാണ്. മാതാവും പ്രശാന്തും മാത്രമാണ് കണികുന്നത്തു വീട്ടിൽ താമസം. പ്രശാന്തിന്റെ പിതാവിന് തിരുവനന്തപുരത്ത് വെൽഡിങ് വർക്ക് ഷോപ്പ് ആണെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരുമായി അധികം സമ്പർക്കം ഇല്ലാതിരുന്ന പ്രശാന്തിനെപ്പറ്റി അത്ര നല്ല അഭിപ്രായമല്ല നാട്ടുകാർക്കുള്ളത്. സംശയങ്ങൾ പലതും അവർ പറയുന്നുണ്ടെങ്കിലും ഒന്നിനും തെളിവുമില്ല. സ്വർണ്ണ ചേന, റൈസ്പുള്ളർ തുടങ്ങി ഏതെങ്കിലും തട്ടിപ്പു സംഘത്തിൽ ഇവരും കണ്ണികളാണോ എന്നും നാട്ടുകാർ സംശയിക്കുന്നു.
യുവാക്കളുടെ മൊഴിയും ഇത് ശരിവയ്ക്കുന്നതാണ്. സാധനം നാട്ടിലെത്തിച്ച് പ്രശാന്ത് 30 ഗ്രാമും സുനിൽ 20 ഗ്രാമും പായ്ക്കറ്റുകളിലാക്കി കുപ്പിക്കുള്ളിൽ സൂക്ഷിക്കുകയായിരുന്നു. സാധനം യുറേനിയം ആണെന്നു തെളിയിക്കുന്നതിന് ഐഐടിയുടേതെന്ന് കാണിക്കുന്ന രണ്ടു സർട്ടിഫിക്കറ്റുകളും ഇടനിലക്കാർ യുവാക്കൾക്കു നൽകിയിരുന്നു. പലരും യുറേനിയം വാങ്ങാൻ യുവാക്കളെ സന്ദർശിച്ചിരുന്നതായാണ് വെളിപ്പെടുത്തൽ. വില കുറച്ചു പറഞ്ഞതിനാലാണ് കച്ചവടം നടക്കാതിരുന്നതെന്നും ഏറ്റവും ഒടുവിൽ വന്നയാൾ 2,85000 രൂപാ വില സമ്മതിച്ചതായും യുവാക്കൾ പറഞ്ഞതായി പൊലീസും സൂചന നൽകി.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്