- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന് എയർപോർട്ട് ജീവനക്കാരിയുടെ പരാതി; തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് തുമ്പ പൊലീസ്; ചീഫ് എയർപോർട്ട് ഓപ്പറേറ്ററെ സസ്പെൻഡ് ചെയ്ത് അദാനി ഗ്രൂപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ബലാത്സംഗ കേസ്. ചീഫ് എയർപോർട്ട് ഓപ്പറേറ്റർ മധുസൂദന ഗിരി റാവുവിനെതിരെ തുമ്പ പൊലീസാണ് കേസെടുത്തത്. ഫ്ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന് എയർപോർട്ട് ജീവനക്കാരി നൽകിയ പരാതിയിലാണ് നടപടി. കേസെടുത്തതിന് പിന്നാലെ മധുസൂദന ഗിരി റാവുവിനെ സസ്പെൻഡ് ചെയ്തു.
ഫ്ളാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്തു എന്നാണ് സഹപ്രവർത്തക പരാതി നൽകിയത്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തതായി വിമാനത്താവള അധികൃതർ അറിയിച്ചു.
തിരുവനന്തപുരം വിമാനത്താവലം അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം വിമാനത്താവള ഡയറക്ടർക്ക് തുല്യമായ സ്ഥാനമാണ് ചീഫ് എയർപോർട്ട് ഓപ്പറേറ്റർ. സെക്കന്ദരാബാദ് എയർപോർട്ടിൽ നിന്ന് എയർപോർട്ട് ഡയറക്ടറായി വിരമിച്ച ശേഷം അദാനി ഗ്രൂപ്പിൽ ചേർന്നയാളാണ് മധുസൂദന ഗിരി. എയർപോർട്ട് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചർച്ചകളിൽ അദാനി ഗ്രൂപ്പ് ഉന്നതരോടൊപ്പം മധുസൂദന ഗിരിയും പങ്കെടുത്തിരുന്നു.
അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്ത ശേഷം ചില ഏജൻസികൾ വഴി താൽക്കാലികമായി ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരുന്നു. അത്തരത്തിൽ ജോലിക്കെടുത്ത ഒരു ഉദ്യോഗസ്ഥയെ മധുസൂദന ഗിരിയുടെ പിഎ ആയി നിയോഗിച്ചിരുന്നു. ഇവരാണ് പരാതിക്കാരി. ഈ മാസം നാലാം തീയതി തന്നെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പൊലീസിനൊപ്പം അദാനി ഗ്രൂപ്പിനും യുവതി പരാതി നൽകിയിരുന്നു.
പൊലീസ് കേസിന് പിന്നാലെ അദാനി ഗ്രൂപ്പ് വിഷയത്തിൽ വിശദീകരണക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. ഒരു ജീവനക്കാരനെതിരെ ലൈംഗിക പീഡന പരാതി വന്നിട്ടുണ്ടെന്നും പരാതി വന്ന സാഹചര്യത്തിൽ നടപടി എടുത്തിട്ടുണ്ടെന്നുമാണ് കമ്പനി വിശദീകരണം. മധുസൂദന ഗിരി റാവുവിന്റെ പേര് പരാമർശിക്കാതെയാണ് അദാനി ഗ്രൂപ്പിന്റെ കുറിപ്പ്.
പരാതി ലഭിച്ചയുടനെ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തുവെന്നും ഇത്തരം പരാതികളിൽ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പിൽ വിശദീകരിച്ചു.
മറുനാടന് മലയാളി ബ്യൂറോ