- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹവാഗ്ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവം; ഉസ്താദിന് 25 വർഷം തടവും ലക്ഷം രൂപ പിഴയും; മതപരമായ വിശ്വാസത്തെയാണ് പ്രതി വഞ്ചിച്ചതെന്ന് കോടതി
തിരുവനന്തപുരം: അനുജത്തിയുടെ സുഹൃത്തിനെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ഉസ്താദിനെ കോടതി 25 വർഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ.ജയകൃഷ്ണന്റേതാണ് വിധി.
ബീമാപള്ളി മാണിക്യവിളാകം സ്വദേശി 24-കാരനായ അബ്ദുൾ റഹ്‌മാനാണ് കേസിലെ പ്രതി. അടൂരിൽ ഉസ്താദായ പ്രതി, അനുജത്തിയുടെ സുഹൃത്തുമായി ചങ്ങാത്തത്തിലായി. പെൺകുട്ടിക്കു വിവാഹവാഗ്ദാനം നൽകിയാണ് ആഴ്ചയിലൊരിക്കൽ നാട്ടിൽ വരുമ്പോൾ പ്രതി പീഡിപ്പിച്ചിരുന്നത്. വിവാഹം കഴിക്കണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടപ്പോൾ ഇയാൾ തന്ത്രപരമായി ഒഴിഞ്ഞുമാറുകയും വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.
പെൺകുട്ടി ഒരു ദിവസം രാത്രി പ്രതിയുടെ വീടിനു മുകളിലെത്തി ആത്മഹത്യക്കു ശ്രമിച്ചു. ഇതു കണ്ട പ്രതി പെൺകുട്ടിയെ മർദ്ദിച്ചു. പൊലീസെത്തി പെൺകുട്ടിയെ സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി. പൊലീസിനോടാണ് പെൺകുട്ടി പീഡനവിവരം പറഞ്ഞത്.
നിലവിലെ ഭാര്യ ഗർഭിണിയായതിനാൽ ശിക്ഷയിൽ ഇളവുവേണമെന്ന പ്രതിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഉസ്താദ് ചതിക്കില്ലെന്ന പതിനഞ്ചുകാരിയുടെ മതപരമായ വിശ്വാസത്തെയാണ് പ്രതി വഞ്ചിച്ചത്. അക്കാരണത്താൽ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.
പിഴയൊടുക്കിയാൽ അത് ഇരയായ പെൺകുട്ടിക്കു നൽകണമെന്ന് കോടതി ഉത്തരവിൽ പറയുന്നു. പെൺകുട്ടിക്ക് അർഹമായ നഷ്ടപരിഹാരം സർക്കാർനിധിയിൽനിന്നു നൽകണമെന്ന നിർദ്ദേശവുമുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.
മറുനാടന് മലയാളി ബ്യൂറോ