കോന്നി: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കൂട്ടുകാരിയെയും തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് വിധേയമാക്കിയ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. പത്തനാപുരം മഞ്ചള്ളൂർ പാക്കോട്ട് പടിഞ്ഞാറ്റതിൽ മുഹമ്മദ് ഇബ്രാഹിമിന്റെ മകൻ അഫ്സൽ മുഹമ്മദ് എം ഐ (22), പത്തനാപുരം കുറുമ്പകര മുകളുവിളയിൽ വീട്ടിൽ ഉദയകുമാറിന്റെ മകൻ ആകാശ് ഉദയൻ (18) എന്നിവരെ കോന്നി ഡി വൈ എസ് പി കെ ബൈജുകുമാറാണ് അറസ്റ്റ് ചെയ്തത്. കോന്നി പൊലീസ് എട്ടാം തിയതി രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

മൊസമ്പി എന്ന് പേരിട്ട ഓൺലൈൻ ഭക്ഷണ വിതരണ ഏജൻസിയിലെ ജീവനക്കാരാണ് പ്രതികൾ. ഇവർ ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെയും കൂട്ടുകാരിയെയും കഴിഞ്ഞ അഞ്ചിന് സ്‌കൂളിൽ നിന്ന് കാറിൽ കയറ്റി പത്തനാപുരം അഞ്ചുമലപ്പാറ എന്ന സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഏഴാം തിയതി വൈകിട്ട് കോന്നി പൊലീസിന് സ്‌കൂൾ അധികൃതർ നൽകിയ റിപ്പോർട്ടിനെ തുടർന്ന് പിറ്റേന്ന് രാവിലെ തന്നെ കേസെടുക്കുകയും അന്ന് രാത്രി പൊലീസ് പ്രതികളെ പത്തനാപുരത്തുനിന്നും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

പട്ടിക ജാതി വിഭാഗത്തിൽപെട്ട ഒരു പെൺകുട്ടിയുടെ മൊഴി പ്രകാരം ബന്ധപ്പെട്ട വകുപ്പുകൾ ചേർത്തെടുത്തതും, രണ്ടാമത്തേ പെൺകുട്ടിയുടെ മൊഴിപ്രകാരമെടുത്തതുമായ ആകെ രണ്ടു കേസുകളിലായാണ് അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.