കൊച്ചി: പൊലീസ് സ്റ്റേഷനിൽ പിഴയടക്കാനെത്തിയ യുവതിയെ സൗഹൃദത്തിലാക്കി പീഡിപ്പിച്ച സംഭവത്തിൽ എസ്‌ഐയ്ക്കെതിരെ കേസ്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ബാബു മാത്യു(55)വിനെതിരെയാണ് മുളംതുരുത്തി പൊലീസ് കേസെടുത്തിരിക്കുന്നത്. 37 കാരിയായ യുവതി കൊച്ചി ഡി.സി.പി ജി പൂങ്കുഴലിക്ക് നൽകിയ പരാതിയിലാണ് നടപടി. പൊലീസ് എഫ്.ഐ.ആർ രേഖപ്പെടുത്തിയതിന് പിന്നാലെ മജിസ്ട്രേറ്റിനു മുമ്പാകെ 164 പ്രകാരം യുവതി മൊഴിയും നൽകി.

സസ്പെൻഷൻ കഴിഞ്ഞ് ട്രാൻസ്ഫറും പണിഷ്മെന്റ് ട്രാൻസ്ഫറും കിട്ടിയ ശേഷം എറണാകുളം സെൻട്രൽ സ്റ്റേഷനിലെത്തിയ എസ്‌ഐക്കെതിരെയാണ് ലൈംഗിക പീഡനക്കേസ്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പരാതിയിൽ പറയുന്നത്. മുളം തുരുത്തി സ്റ്റേഷനിൽ അഡി.എസ്‌ഐയായി ബാബു ജോലി ചെയ്യുന്ന സമയത്താണ് യുവതിയുമായി പരിചയത്തിലാകുന്നത്. വാഹന പരിശോധനയ്ക്കിടെ പിഴ അടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ യുവതി സ്റ്റേഷനിലെത്തി പണം അടയ്ക്കാം എന്ന് സമ്മതിക്കുകയായിരുന്നു. പിന്നീട് സ്റ്റേഷനിലെത്തിയപ്പോൾ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു.

നിരന്തരം ഫോണിൽ വിളിച്ച് സംസാരിക്കുമായിരുന്നു. യുവതിയുടെ ഭർത്താവ് ഗൾഫിലായിരുന്നു. സൗഹൃദത്തിന്റെ പേരിൽ ബാബു യുവതിയുടെ വീട്ടിൽ വരാൻ തുടങ്ങി. ഒരു ദിവസം മുറിയിൽ തുണി മാറുമ്പോൾ അനുവാദമില്ലാതെ കയറി വന്ന് സ്വകാര്യ ഭാഗത്ത് പിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു എന്നും പിന്നീട് ഈ വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വർഷമായി തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നു എന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ റിപ്പോർട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയിട്ടുണ്ട്.

ബാബു തുടർച്ചയായി യുവതിയുടെ വീട്ടിൽ സന്ദർശിച്ചിരുന്നതായി നാട്ടുകാരും പറയുന്നു. സംഭവം നാട്ടിൽ അറിഞ്ഞതോടെ യുവതിയുടെ ഭർത്താവിന്റെ ചെവിയിലെത്തുകയും യുവതിയെ ചോദ്യം ചെയ്യുകയുമായിരുന്നു. ചോദ്യം ടെയ്യലിൽ തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്ന് യുവതി പറഞ്ഞതോടെയാണ് പൊലീസിൽ പരാതി നൽകുന്നതും തുടർനടപടിയുണ്ടാകുന്നതും. കഴിഞ്ഞ ശനിയാഴ്ചയാണ് പരാതി നൽകിയതെങ്കിലും ഇന്നലെയാണ് വിവരം പുറത്തറിയുന്നത്. പ്രതി എസ്‌ഐ ബാബു മാത്യു ഒളിവിലാണ്.

ബാബു മാത്യു ഉദയംപേരൂരിൽ എസ്‌ഐ ആയിരിക്കെ വീര്യം കൂടിയ വൈൻ നിർമ്മിക്കുന്നുവെന്ന് വിവരം കിട്ടിയിട്ടും നടപടി സ്വീകരിക്കാത്ത സംഭവത്തിൽ സസ്പെൻഷനിലായിരുന്നു. തെക്കൻ പറവൂരിൽ വീട്ടിൽ വീര്യം കൂടിയ വൈൻ അനധികൃതമായി നിർമ്മിച്ച് വിൽപ്പന നടക്കുന്നുണ്ടെന്ന് സ്‌പെഷ്യൽ ബ്രാഞ്ചിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇത് പ്രകാരം മെയ്‌ 24ന് ഉദയംപേരൂർ പൊലീസ് അവിടെ പരിശോധന നടത്തിയെങ്കിലും വൈൻ കണ്ടെത്താനായില്ല. എന്നാൽ തൊട്ടടുത്ത ദിവസം ഇതേ സ്ഥലത്ത് തൃപ്പൂണിത്തുറ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തുകയും വീര്യം കൂടിയ വൈൻ പിടികൂടുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 30 ലിറ്റർ വൈനാണ് എക്‌സൈസ് പിടിച്ചെടുത്തത്.

പൊലീസിന് വീഴ്ച പറ്റിയതോടെ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും കൃത്യനിർവഹണത്തിൽ പൊലീസുകാർ വീഴ്ച വരുത്തിയാതായി കാണിച്ച് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയ്ക്ക് റിപ്പോർട്ട് നൽകി. സാഖറെയുടെ നിർദ്ദേശ പ്രകാരം അഡിഷണൽ കമ്മീഷ്ണർ കെ.പി. ഫിലിപ്പാണ് ബാബു ഉൾപ്പെടെ നാലു പൊലീസുകാരെ സസ്പെൻഡ് ചെയ്തത്.