കോഴിക്കോട്: കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ ഹോസ്റ്റൽ ടെറസിൽ വച്ച് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ സീനിയർ വിജദ്യാർഥി ഒളിവിൽ. ഉത്തർപ്രദേശ് സ്വദേശിയായ ഇരുപത്തിരണ്ടുകാരിയാണ് സീനിയർ വിദ്യാർത്ഥിക്കെതിരെ പരാതി നൽകിയത്. എംബിഎ വിദ്യാർത്ഥിയായ സൈലേഷ് യാദവിന് എതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ഐഐഎം ഹോസ്റ്റലിലെ ഒരു ചടങ്ങിന് ശേഷം വ്യാഴാഴ്ച പുലർച്ചെ ടെറസിന് മുകളിലിരുന്ന് ഇരുവരും മദ്യപിച്ചിരുന്നു. ഇതിന് ശേഷം യുവാവ് ബലാത്സംഗം ചെയ്യുകയായിരുന്നു. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിനിയായ വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്.

കാമ്പസിലെ ഇന്റേണൽ കമ്മിറ്റിക്ക് വിദ്യാർത്ഥി പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പീഡന വിവരം അറിഞ്ഞതോടെ കമ്മിറ്റി അംഗങ്ങൾ യുവതിയെ പരാതി നൽകുന്നതിനായി കുന്ദമംഗലം പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. വ്യാഴാഴ്‌ച്ച പുലർച്ചെയാണ് പീഡനം ഉണ്ടായത്. ബുധനാഴ്ച രാത്രി കാമ്പസിൽ അത്താഴവിരുന്നും മറ്റും നടന്നിരുന്നു. വ്യാഴാഴ്ച പുലർച്ചയോടെ വിദ്യാർത്ഥിനിയെ പ്രതി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി.

ഗുരുതരസ്വഭാവമുള്ള സംഭവമായതിനാൽ അധികൃതർ വിദ്യാർത്ഥിനിയോട് പൊലീസിൽ പരാതി നൽകാൻ നിർദേശിച്ചു. ഇരയായ വിദ്യാർത്ഥിനിക്ക് എല്ലാവിധ പിന്തുണയും നൽകുന്നുണ്ടെന്ന് ചീഫ് അഡ്‌മിനിസ്‌ട്രേറ്റിവ് ഓഫിസർ ലഫ്. കേണൽ (റിട്ട.) ജൂലിയസ് ജോർജ് പറഞ്ഞു.

വിദ്യാർത്ഥിനികൾക്ക് സുരക്ഷയൊരുക്കാൻ ഐ.ഐ.എം.കെ പ്രതിജ്ഞാബദ്ധമാണ്. ഭാവിയിൽ ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാനുള്ള മുൻകരുതലെടുക്കുമെന്നും നിയമത്തിന്റെ വഴിയിൽ മുന്നോട്ട്‌പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുന്ദമംഗലം പൊലീസ് ഇൻസ്‌പെക്ടർ സുജിത് കുമാറിനാണ് അന്വേഷണ ചുമതല. ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കുന്ദമംഗലം പൊലീസ്. വിശാലമായ കാമ്പസ് ആയതിനാൽ പ്രതി ഇവിടെ തന്നെ താമസിക്കുന്നുണ്ടോ എന്ന സംശയവുമുണ്ട്.

രാജ്യത്തിന്റെ അഭിമാന സ്ഥാപനങ്ങളിൽ ഒന്നായ ഐഐഎമ്മിൽ നടന്ന പീഡനത്തെ ഗൗരവത്തോടെയാണ് പൊലീസും കാണുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് അധികൃതർ.