- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയം നടിച്ച് വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; ഫീസ് അടയ്ക്കാൻ നൽകിയ ഒരു ലക്ഷം രൂപയും കൈക്കലാക്കി; പത്തനംതിട്ടയിൽ സ്വകാര്യ ലോകോളജിലെ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു; പ്രതി യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ ഒന്നാം വർഷ വിദ്യാർത്ഥി; കേസെടുത്തു പൊലീസ്
പത്തനംതിട്ട: സ്വകാര്യ ലോകോളജിലെ നാലാം സെമസ്റ്റർ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഒന്നാം വർഷ വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെടുമങ്ങാട് സ്വദേശിനിയുടെ പരാതിയിൽ കുമ്പഴ സ്വദേശി അഭിജിത്ത് സോമനെതിരേയാണ് ആറന്മുള പൊലീസ് കേസ് എടുത്തത്. ഇയാൾ കസ്റ്റഡിയിലുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. യൂത്ത് കോൺഗ്രസ് ആറന്മുള നിയോജക മണ്ഡലം വൈസ് പ്രസിഡന്റാണ് പ്രതി.
പരാതിക്കാരിക്ക് ഫീസ് അടയ്ക്കാൻ വീട്ടിൽ നിന്നു കൊടുത്ത അരലക്ഷം രൂപ വീതം രണ്ടു തവണയായി പ്രതി കൈക്കലാക്കിയെന്നും രണ്ടു തവണ വിവിധ ലോഡ്ജുകളിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നുമാണ് പരാതി. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.
കടമ്മനിട്ടയിലെ മൗണ്ട് സിയോൺ മെഡിക്കൽ കോളജ് വിദ്യാർത്ഥികളാണ് ഇരുവരും. നാലാം സെമസ്റ്ററിന് പഠിക്കുന്ന പെൺകുട്ടി കോളജ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ആറു മാസം മുൻപാണ് ഒന്നാം വർഷ എൽഎൽബി കോഴ്സിന് പഠിക്കുന്ന അഭിജിത്തുമായി പ്രണയത്തിലായത്. തുടർന്ന് പെൺകുട്ടി സ്വന്തം വീട്ടിലേക്ക് പോകുമ്പോൾ അഭിജിത്ത് അയാളുടെ ബുള്ളറ്റിലാണ് കൊണ്ടുവിട്ടിരുന്നത്. രണ്ടു തവണ ഇങ്ങനെ കൊണ്ടു വിട്ടു. രണ്ടു തവണയും ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി.
കേടായ കാർ നന്നാക്കാൻ പണം ആവശ്യപ്പെട്ട അഭിജിത്തിന് ഫീസടയ്ക്കാൻ വച്ചിരുന്ന അരലക്ഷം രൂപ കൂട്ടുകാരൻ വശം കൊടുത്ത് കൈമാറി. വീട്ടിൽ സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ച് വിഷമം പറഞ്ഞപ്പോൾ കഴിഞ്ഞ ആഴ്ചയിലും അരലക്ഷം രൂപ കൊടുത്തു. ഫീസ് കുടിശികയായപ്പോൾ കോളജ് അധികൃതർ വിവരം രക്ഷിതാക്കളെ അറിയിച്ചു. പണം അഭിജിത്തിന് കൊടുത്തുവെന്ന് പെൺകുട്ടി അമ്മയോട് പറഞ്ഞു. ഇതോടെ അഭിജിത്തിനോട് പണം തിരികെ ചോദിച്ചു. പണം നൽകിയില്ലെന്ന് മാത്രമല്ല, മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്യുകയും ചെയ്തു. നേരിൽ ചോദിച്ചപ്പോൾ തിരിച്ചു തരാമെന്ന് പറഞ്ഞെങ്കിലും കൊടുത്തില്ല. തുടർന്ന് പെൺകുട്ടി കോളജ് പ്രിൻസിപ്പാളിന് പരാതി നൽകി.
വിവരം അറിഞ്ഞ അഭിജിത്ത് ചൊവ്വാഴ്ച വൈകിട്ട് കോളജിൽ വന്ന് കാറിൽ കയറ്റിക്കൊണ്ടു പോയി ശാരീരികമായി ആക്രമിച്ച് മുറിവേൽപ്പിച്ചവെന്നാണ് പരാതി. ബുധനാഴ്ച കോളജിൽ വച്ച് കണ്ടിട്ടും അഭിജിത്ത് പ്രതികരിക്കാതെ വന്നതോടെയാണ് രാത്രിയിൽ കൈ ഞരമ്പ് മുറിച്ച് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും ഒരു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പെൺകുട്ടിയുടെ പരാതി. ഇതേപ്പറ്റി വിശദമായ അന്വേഷണം നടക്കുകയാണെന്ന് ആറന്മുള പൊലീസ് അറിയിച്ചു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്