- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയോധികയെ കെട്ടിയിട്ട സ്വർണവും പണവും കവർന്നത് റാഷിഖ്; പ്രതിയുടെ സഹോദരൻ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റഗവും ശബരിമല ആചാര സംരക്ഷണ ജാഥയ്ക്ക് നേരെ കല്ലെറിഞ്ഞ കേസിൽ പ്രതി; പന്തളത്തെ മോഷണത്തിൽ കുടുങ്ങിയത് രണ്ടു മാസം മുൻപ് പുറത്താക്കിയ സഖാവ്
പന്തളം: പട്ടാപ്പകൽ വയോധികയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസിൽ അറസ്റ്റിലായത് എസഎഫ്ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിന്റെ സഹോദരൻ. കൃത്യം നടന്ന് ഏതാനും മണിക്കൂറുകൾക്കകം പ്രതി പിടിയിലാവുകയും പിറ്റേന്ന് തന്നെ റിമാൻഡ് ചെയ്യുകയും ചെയ്തിട്ടും വിവരം പൊലീസ് മാധ്യമങ്ങളിൽ നിന്നൊളിപ്പിച്ചു.
പ്രതി സ്ഥാനത്ത് നിന്ന് ഇയാളെ ഒഴിവാക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി നടക്കാതെ വന്നതോടെയാണ് മാധ്യമങ്ങളിൽ നിന്ന് വാർത്ത ഒളിപ്പിക്കാൻ ശ്രമിച്ചത്. നാടു നടുക്കിയ സംഭവമായതിനാൽ മാധ്യമങ്ങൾ പിന്നാലെ കൂടുകയും പൊലീസിൽ നിന്നല്ലാതെ വാർത്ത ശേഖരിക്കുകയുമായിരുന്നു. ഒരാഴ്ച മുൻപ് നടന്ന അറസ്റ്റ് വാർത്ത 10 ദിവസത്തിന് ശേഷമാണ് മാധ്യമങ്ങൾക്ക് ലഭിച്ചിരിക്കുന്നത്.
തോന്നല്ലൂർ ഉളമയിൽ സാബുവിന്റെ മകൻ റാഷിക്ക് (21) ആണ് അറസ്റ്റിലായത്. ഇയാളുടെ സഹോദരൻ ഷെഫീഖ് ്എസ്എഫ്ഐ ജില്ല സെക്രട്ടറിയേറ്റ് അംഗമാണ്. കവർച്ച നടന്നതിന് തൊട്ടുപിന്നാലെ തന്നെ റാഷിക്കിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. കൂട്ടുപ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അപ്പോൾ തന്നെ സിപിഎമ്മിന്റെ ഇടപെടൽ സ്റ്റേഷനിൽ നടന്നിരുന്നു. ഇതോടെ കസ്റ്റഡിയിലുള്ള വിവരം പൊലീസ് നിഷേധിച്ചു.
ജൂലൈ 20ന് പകൽ 12 മണിയോടെ ക്ഷേത്രത്തിലേക്ക് സദ്യയ്ക്ക് വാഴയില വെട്ടാൻ എന്ന വ്യാജേനെയാണ് റാഷിക്കും കൂട്ടുപ്രതിയും കടയ്ക്കാട് പനയറയിൽ റിട്ട. അദ്ധ്യാപിക ശാന്തകുമാരിയുടെ വീട്ടിൽ എത്തിയത്. ഇല മുറിക്കാൻ പ്രതികൾ കത്തി ചോദിച്ചു. അതെടുക്കാൻ അകത്തേക്ക് പോയ ശാന്തകുമാരിക്ക് പിന്നാലെ ചെന്ന പ്രതികൾ കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളം എടുക്കുന്നതിനിടെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കസേരയിൽ കെട്ടിയിട്ടു. വായിൽ തുണിയും തിരുകി.
നാലു പവൻ സ്വർണവും 8000 രൂപയുമാണ് പ്രതികൾ കവർന്നത്. ഇതിൽ 1000 രൂപ ശാന്തകുമാരിക്ക് തിരികെ കൊടുത്ത പ്രതികളിൽ ഒരാൾ അവരുടെ കാൽതൊട്ട് വന്ദിക്കുകയും ചെയ്തു. ശാന്തകുമാരി നൽകിയ വിവരം അനുസരിച്ച് ഏതാനും മണിക്കൂറുകൾക്കകം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിരലടയാളം പരിശോധിച്ചതിൽ നിന്ന് പ്രതി റാഷിക്കാണെന്ന് മനസിലാക്കി.
ശാന്തകുമാരി ഇയാളെ തിരിച്ചറിയുകയും ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ എടുത്തതോടെയാണ് ഭരണപ്പാർട്ടിയുടെ ബന്ധം പുറത്തായത്. സിപിഎമ്മിന്റെ കടുത്ത സമ്മർദം പൊലീസിന് ഉണ്ടായതിനാൽ അറസ്റ്റ് വിവരം മറച്ചു വച്ചു. റാഷിക് നേരത്തേ എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും സജീവ പ്രവർത്തകനായിരുന്നു. രണ്ടുമാസം മുൻപ് സംഘടനകളിൽ നിന്ന് പുറത്താക്കി. എങ്കിലും പാർട്ടിയിലെ ഉന്നതരുമായുള്ള ബന്ധം തുടർന്നു.
അതാണ് ഒന്നാം പ്രതി അറസ്റ്റിലായ വിവരം പൊലീസ് രഹസ്യമായി സൂക്ഷിക്കാൻ കാരണം. തൊണ്ടി മുതൽ കണ്ടെടുക്കാൻ ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടി എടുത്തിട്ടില്ല. പൊലീസിന്റെ ഈ നടപടി ദുരൂഹത വർധിപ്പിക്കുന്നു. തൊണ്ടി മുതൽ ഹാജരാക്കാതിരുന്നാൽ പ്രതിക്ക് കോടതിയിൽ രക്ഷപ്പെടാൻ കഴിയും.
റാഷിക്കിന്റെ സഹോദരൻ എസ്എഫ്ഐ ജില്ലാ നേതാവായ ഷെഫീഖ് ശബരിമല പ്രക്ഷോഭകാലത്ത് ആചാര സംരക്ഷണ ജാഥ നടത്തിയവർക്ക് നേരെ കല്ലെറിഞ്ഞ കേസിൽ പ്രതിയാണ്. അന്ന് ജാഥയിൽ പങ്കെടുത്ത ചന്ദ്രനുണ്ണിത്താൻ എന്നയാൾ ഏറു കൊണ്ട് മരിക്കുകയും ചെയ്തിരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്