- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഊരാളുങ്കലിൽ ഭാര്യ മുൻ ജീവനക്കാരി; വിരമിച്ച ശേഷം വായ്പ എടുത്ത് മണ്ണുമാന്തി യന്ത്രം വാങ്ങി; വിരമിച്ചപ്പോൾ കിട്ടിയ 56 ലക്ഷം വടകരയിൽ നിക്ഷേപിച്ചു; കള്ളപ്പണത്തിലവും സ്വർണക്കടത്തിലും ഒരു ബന്ധവും ഇല്ല; സ്വത്തിലെ ചോദ്യങ്ങൾക്ക് ഒളിച്ചു കളിയും; ഇഡി കേസിൽ രവീന്ദ്രൻ പ്രതിയാകാനും സാധ്യത
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന്റെ മൊഴി. ഊരാളുങ്കൽ സൊസൈറ്റിയുമായി അടുപ്പമുണ്ട്. ഭാര്യ അവിടെ ജീവനക്കാരിയായിരുന്നു. വിരമിച്ചതിനു ശേഷം വരുമാനമാർഗമെന്ന നിലയിലാണ് വായ്പയെടുത്ത് മണ്ണുമാന്തിയന്ത്രം വാങ്ങി ഊരാളുങ്കലിനു വാടകയ്ക്കു നൽകിയതെന്നും രവീന്ദ്രൻ പറയുന്നു.
ബാങ്ക് അക്കൗണ്ടിലൂടെയാണു മാസവാടക വാങ്ങുന്നത്. കഴിഞ്ഞ നാലര വർഷത്തിനിടെ തന്റെ സാലറി അക്കൗണ്ടിലൂടെ 26 ലക്ഷം രൂപയുടെ ഇടപാടാണു നടന്നത്. സർക്കാർ സർവീസിൽനിന്നു വിരമിച്ചപ്പോൾ ലഭിച്ച 56 ലക്ഷം രൂപ ട്രഷറി അക്കൗണ്ടിൽനിന്നു പിൻവലിച്ച് ചെറുകിട ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. ബാക്കി സ്വകാര്യബാങ്ക് വായ്പയാണ്. വടകരയിൽ രണ്ടു സ്ഥാപനങ്ങളിൽ ഈ പണം നിക്ഷേപിച്ചിട്ടുണ്ട്. എട്ടു ലക്ഷം രൂപയാണ് ഒരിടത്തു നിക്ഷേപിച്ചത്.- രവീന്ദ്രൻ പറഞ്ഞു. ഇത് തെളിയിക്കാനുള്ള രേഖകളും ഹാജരാക്കി. എന്നാൽ കൂടുതൽ നിക്ഷേപം രവീന്ദ്രൻ നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണക്കുകൂട്ടൽ.
രവീന്ദ്രന്റെ മൊഴികൾ ഇഡി വിശ്വസിച്ചിട്ടില്ല. പലതും പറഞ്ഞു പറയിപ്പിച്ചതാണെന്ന സംശയവും ഉണ്ട്. അതുകൊണ്ട് തന്നെ കേസിൽ പ്രതിയാക്കണോ സാക്ഷിയാക്കണോ എന്ന് തീരുമാനിച്ചിട്ടില്ല. സാക്ഷിയായാലും കോടതിയിൽ രവീന്ദ്രൻ കാര്യങ്ങൾ മാറ്റി പറയും. ഈ സാഹചര്യത്തിൽ കരുതലോടെയാകും തീരുമാനം. സ്വർണക്കടത്തു കേസിലേതടക്കം പ്രതികളുടെ മൊഴികൾ ഒത്തുനോക്കും. അതിന് ശേഷമാകും രവീന്ദ്രനെ പ്രതിയാക്കുന്നതിൽ തീരുമാനം എടുക്കുക. ശിവശങ്കറുമായി ബന്ധപ്പെട്ട ഇടപാടുകളെപ്പറ്റിയാണു പ്രധാനമായും ചോദിച്ചത്.
സ്വർണക്കടത്ത്, ലൈഫ്മിഷൻ, ഊരാളുങ്കൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുടെ വിശദാംശങ്ങളാണ് രവീന്ദ്രനോട് ചോദിക്കുന്നത്. ഊരാളുങ്കലിനെ കുറിച്ചല്ലാതെ മറ്റൊന്നും അറിയില്ലെന്നാണ് രവീന്ദ്രന്റെ മൊഴി. സ്വർണക്കടത്തിലെ മുഖ്യപ്രതികളായ പി.എസ്. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവരുമായുള്ള ശിവശങ്കറിന്റെ ബന്ധം, ഇവർ ശിവശങ്കറെ കാണാൻ സെക്രട്ടേറിയറ്റിൽ വന്നിരുന്നോ, പ്രതികൾ എന്തെങ്കിലും സഹായങ്ങൾ ആവശ്യപ്പെട്ടിരുന്നോ, മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും ചോദിച്ചു. യു.എ.ഇ. കോൺസുലേറ്റുമായി മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധവും ആരാഞ്ഞു.
കോൺസൽ ജനറൽ മുഖ്യമന്ത്രിയെ കാണാനെത്തിയത്, ലൈഫ്മിഷൻ കരാറുകൾ, കോൺസുലേറ്റിലെ ഇഫ്താർ പാർട്ടിയിൽ ക്ഷണിക്കാനായി സ്വപ്ന മുഖ്യമന്ത്രിയെ കാണാൻ വന്നത് തുടങ്ങിയവയുടെ രേഖകൾ രവീന്ദ്രൻ ഹാജരാക്കി. ഈ രേഖകളും ഇഡി വിശദമായി പരിശോധിക്കും. രവീന്ദ്രനെ തിങ്കളാഴ്ച വീണ്ടും ചോദ്യം. രണ്ടു ദിവസമായി 25 ഓളം മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിന് ശേഷം ഇത് മൂന്നാം തവണയാണ് രവീന്ദ്രനെ ഇ.ഡി സംഘം വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്.
കള്ളപ്പണം വെളുപ്പിച്ച കേസിലാണ് സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. സ്വപ്നയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് സിഎം രവീന്ദ്രനെന്ന് സ്വപ്ന പറഞ്ഞിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഇന്നലെ രാവിലെ ഒൻപത് മണിയോടെയാണ് സിഎം രവീന്ദ്രൻ ചോദ്യം ചെയ്യലിനായി ഹാജരായത്. തുടർന്ന് 12 മണിക്കൂറുകൾക്ക് ശേഷമാണ് സിഎം രവീന്ദ്രനെ വിട്ടയക്കുന്നത്. തനിക്ക് സ്വപ്നയുമായി അനൗദ്യോഗികമായി ബന്ധമില്ലെന്ന് രവീന്ദ്രൻ ഇ.ഡിയോട് പറഞ്ഞു. ശിവശങ്കറിനെ പൂർണമായും തള്ളിയെന്നും റിപ്പോർട്ടുണ്ട്.
കള്ളപ്പണ ഇടപാടിലും സ്വർണക്കടത്തിലും ഒരു ബന്ധവും അറിവുമില്ലെന്ന് രവീന്ദ്രൻ ആവർത്തിച്ചു. എന്നാൽ, സ്വത്തു സംബന്ധിച്ച് രജിസ്ട്രേഷൻ വകുപ്പ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യങ്ങൾക്ക് രവീന്ദ്രന്റെ മറുപടിയിൽ വ്യക്തതക്കുറവുണ്ടെന്ന് ഇ.ഡി. വ്യക്തമാക്കി. പല ചോദ്യങ്ങൾക്കും മറുപടി നൽകിയില്ല.ഇ.ഡി ആദ്യം നൽകിയ മൂന്നു നോട്ടീസുകളിലും കോവിഡ് ആരോഗ്യ പ്രശ്നങ്ങൾ നിരത്തി രവീന്ദ്രൻ ഹാജരായിരുന്നില്ല. നാലാമത്തെ നോട്ടീസ് കിട്ടിയതിനു പിന്നാലെ ഇ.ഡി പീഡിപ്പിക്കുന്നതായി ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചു.
എന്നാൽ, വ്യാഴാഴ്ച കേസിൽ വിധി വരുന്നതിനു മുമ്പായി രവീന്ദ്രൻ ഇ.ഡിക്കു മുന്നിൽ ഹാജരായി.രവീന്ദ്രന് നിക്ഷേപമുൾപ്പെടെയുണ്ടെന്ന് സംശയിക്കപ്പെടുന്ന വടകരയിലെ ചില സ്ഥാപനങ്ങളിലും ഊരാളുങ്കൽ ലേബർ സൊസൈറ്റിയിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. പിന്നാലെയാണ് രജിസ്ട്രേഷൻ വകുപ്പിൽ നിന്ന് സ്വത്ത് വിവരങ്ങൾ ശേഖരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ