ന്യൂഡൽഹി: മയക്കുമരുന്ന് ആരോപണത്തെത്തുടർന്ന് നടി റിയ ചക്രബർത്തിയെ അറസ്റ്റ് ചെയ്ത നടപടിയിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് അധികർ രഞ്ജൻ ചൗധരി. റിയയുടെ അറസ്റ്റ് പരിഹാസ്യമാണെന്ന് അധിർ രഞ്ജൻ ചൗധരി പറഞ്ഞു. അതേസമയം ബംഗാളി ബ്രാഹ്മിണ സ്ത്രീയാണ് റിയ ചക്രബർത്തി എന്നും അധിർ ട്വിറ്ററിൽ നടിയെ വിശേഷിപ്പിച്ചു.

ബീഹാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചില രാഷ്ട്രീയ നേട്ടങ്ങൾക്കായി ബിജെപി സുശാന്ത് സിങ് രജ്പുതിനെ ബീഹാറി നടനാക്കി മാറ്റുകയാണെന്നും അധിർ രഞ്ജൻ ചൗധരി ആരോപിച്ചു. റിയയുടെ പിതാവ് ഒരു മുൻ സൈനിക ഉദ്യോഗസ്ഥനാണ്, രാഷ്ട്രത്തെ സേവിച്ച വ്യക്തിയാണ്. റിയ ഒരു ബംഗാളി ബ്രാഹ്മണ വനിതയാണ്, നടൻ സുശാന്ത് രജ്പുത്തിനോടുള്ള നീതി ഒരു ബീഹാറിക്ക് മാത്രം ലഭിക്കേണ്ട നീതിയായി മാറ്റരുത്. അന്തരിച്ച നടൻ സുശാന്ത് സിങ് രജ്പുത് ഒരു ഇന്ത്യൻ നടനായിരുന്നു, എന്നാൽ ബിജെപി അദ്ദേഹത്തെ ഒരു ബീഹാരി നടനാക്കി, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള അവരുടെ കളി മാത്രമാണ് ഇത്, അധിർ രഞ്ജൻ ചൗധരി കുറിച്ചു.

ബിജെപിയുടെ ബീഹാർ യൂണിറ്റ് ജസ്റ്റിസ് ഫോർ സുശാന്ത് സിങ് രജ്പുത് പോസ്റ്ററുകളും ബാനറുകളും പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു വിഷയത്തിൽ കോൺഗ്രസ് രംഗത്തെത്തിയത്. ബീഹാറിൽ ബിജെപി സഖ്യത്തിന്റെ ഭാഗമായ നിതീഷ് കുമാർ സർക്കാർ സുശാന്ത് സിങ് രജപുത് കേസ് അന്വേഷണം സിബിഐക്ക് കൈമാറിയതിന്റെ ക്രഡിറ്റ് സ്വന്തം ഏറ്റെടുക്കുകയാണെന്നും ചൗധരി പറഞ്ഞു. സുശാന്ത് സിങ്ങിന് മാത്രമല്ല റിയ ചക്രവർത്തിയുടെ പിതാവിനും തന്റെ മക്കൾക്ക് നീതി വേണമെന്ന് പറയാൻ അവകാശമുണ്ട്.

എല്ലാവർക്കും നീതി ലഭിക്കുക എന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വമാണ്. നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് മാധ്യമ വിചാരണയെന്നും ചൗധരി പറഞ്ഞു. 'റിയ ചക്രബർത്തിക്കെതിരെ ആത്മഹത്യ, കൊലപാതകം, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവ ചുമത്തിയിട്ടില്ല. എൻ.ഡി.പി.എസ് (നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് ലഹരിവസ്തു നിയമം) ചുമത്തി ഇവരെ അറസ്റ്റ് ചെയ്ത നടപടി പരിഹാസ്യമാണ്.

രാഷ്ട്രീയ മേലധികാരികളെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയുള്ള കേന്ദ്ര ഏജൻസികളുടെ നീക്കമാണ് ഇതിന് പിന്നിൽ. മയക്കുമരുന്ന് ഇടപാട് നടന്നതായി അവർ കണ്ടെത്തി. എന്നാൽ കൊലപാതകി ആരാണെന്ന് തിരിച്ചറിയാൻ അവർ ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്, ചൗധരി പറഞ്ഞു.