- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാഗ്ദാനം നൽകുന്നത് കോളേജ് പ്രിൻസിപ്പലാകുമ്പോൾ എന്തിന് അവിശ്വസിക്കണം? കൈമനത്ത് ഉഗ്രൻ നാല് ഫ്‌ളാറ്റുകൾ ഒരുകോടി എൺപത് ലക്ഷം രൂപയ്ക്ക്; ആറ് മാസം കൊണ്ട് അറുപത് ലക്ഷത്തിന് വിറ്റുതരാമെന്നും കരാർ; തലസ്ഥാനത്തെ മന്നാനിയ എയ്ഡഡ് കോളേജ് മുൻ പ്രിൻസിപ്പൽ ആസിഫും കൂട്ടാളികളും സമാനരീതിയിൽ തട്ടിയെടുത്തത് 50 കോടിയോളം
തിരുവനന്തപുരം: വസ്തുകച്ചവടത്തിൽ കോളേജ് പ്രിൻസിപ്പാൾമാർ പങ്കാളിയാകുന്നുവെങ്കിൽ അവരെ സംശയിക്കേണ്ടി വരും. തിരുവനന്തപുരത്തെ മന്നാനിയ കോളേജ് പ്രിൻസിപ്പാൾ ആയിരുന്ന ആസിഫ് സെഡ്.എ. പലരിൽ നിന്നും കോടികൾ ആണ് വസ്തുകച്ചവടം, ഫ്‌ളാറ്റ് കച്ചവടം എന്നിവയുടെ പേരിൽ തട്ടിയെടുത്തിരിക്കുന്നത്. അൻപത് കോടിയോളം രൂപ പലരിൽ നിന്നായി ആസിഫ് കൈക്കലാക്കി എന്നാണ് സൂചനകൾ. തട്ടിപ്പിന്റെ പേരിൽ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തതിനാൽ ജാമ്യത്തിൽ ഇറങ്ങിയിരിക്കുന്ന ആസിഫ് അടുത്ത തട്ടിപ്പിന് അരങ്ങൊരുക്കുകയാണ് എന്നാണ് ആസിഫിനെ അറിയുന്നവർ ചൂണ്ടിക്കാണിക്കുന്നത്. അറസ്റ്റ് വന്നതിനാൽ ഇപ്പോൾ കോളേജിൽ നിന്നും സസ്‌പെൻഷനും ലഭിച്ചിട്ടുമുണ്ട്.
അവിശ്വസനീയ തട്ടിപ്പിന്റെ കഥയാണ് ആസിഫിന്റെത്. കോടികൾ ആണ് പലരിൽ നിന്നും ആസിഫ് തട്ടിയെടുത്തിരിക്കുന്നത്. ഫ്‌ളാറ്റ് കാണിച്ചും വസ്തു കാണിച്ചുമൊക്കെയാണ് റിയൽ എസ്റ്റേറ്റ് ബിസിനസിൽ പങ്കാളിയാക്കാം എന്ന് പറഞ്ഞു ആസിഫ് പണം തട്ടിയത്. കോടികളാണ് ഇയാൾ പലരിൽ നിന്നും തട്ടിയെടുത്തത്. തമിഴ്‌നാട്ടിലും മറ്റു പലയിടങ്ങളിലും ഭൂമിയും സമ്പത്തും ആസിഫ് വാരിക്കൂട്ടിയതായാണ് ലഭിക്കുന്ന വിവരം. ഷെയർ മാർക്കറ്റിലും തട്ടിപ്പ് കാശ് ആസിഫ് ഇറക്കിയിട്ടുണ്ട്.
അന്വേഷണം തുടരുകയാണ്. ഡിജിപിക്ക് ലഭിച്ച പരാതി പ്രകാരമാണ് ലോക്കൽ പൊലീസിൽ നിന്നും കേസ് ഏറ്റെടുത്ത് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ആസിഫ്, ഭാര്യ ഷാമില, കൈമനത്തെ ബിൽഡർ ശേഖർ എന്നിവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നീങ്ങുന്നത്. ഇതിൽ ആസിഫും ശേഖറും മാത്രമാണ് ഒന്നും രണ്ടും പ്രതികൾ. ഭാര്യ ഷാമിലയെ കൂടി ക്രൈംബ്രാഞ്ച് പ്രതി ചേർത്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഷാമിലയ്ക്ക് മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ട് .
അസിഫ് വഴി പണം നഷ്ടമായവർക്ക് ആർക്കും പണം തിരികെ ലഭിച്ചിട്ടുമില്ല. ഏഴു എഫ്‌ഐആർ എങ്കിലും അസിഫിന്റെ പേരിലുണ്ട് എന്നാണു തട്ടിപ്പിൽ കുരുങ്ങിയ സിദ്ദിഖ് പാങ്ങോട് മറുനാടനോട് പറഞ്ഞത്. ഒരു കോടി എൺപത് ലക്ഷം രൂപയാണ് സിദ്ദിഖിൽ നിന്നും ഇയാൾ തട്ടിയെടുത്തിരിക്കുന്നത്. കൈമനത്ത് താൻ പങ്കാളിയായി നിർമ്മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിൽ നാല്പത്തിയഞ്ചു ലക്ഷം രൂപയ്ക്ക് നാല് ഫ്‌ളാറ്റുകൾ നൽകാം എന്നാണ് പറഞ്ഞത്. അതിനാണ് ഒരു വെള്ളക്കടലാസിൽ റവന്യൂ സ്റ്റാമ്പ് ഒട്ടിച്ച് ഒരു കോടി എൺപത് ലക്ഷം രൂപ താൻ കൈപ്പറ്റുന്നതായി സിദ്ദിഖിന് ഇയാൾ എഴുതി നൽകിയത്. ഒരു എയിഡഡ് കോളേജ് പ്രിൻസിപ്പാൾ തട്ടിപ്പ് നടത്തും എന്ന് സ്വപ്നത്തിൽ പോലും കരുതാത്ത സിദ്ദിഖിന് കരാറിൽ ഒപ്പിട്ടു അക്കൗണ്ടിലേക്ക് തുക ട്രാൻസ്ഫർ ചെയ്തതോടെ ഒരു കോടി എൺപത് ലക്ഷവും നഷ്ടമായി.
2015-ലാണ് റിയൽ എസ്റ്റേറ്റ് ബൂം ഉള്ള സമയത്ത് സിദ്ദിഖിൽ നിന്നും ഫ്‌ളാറ്റ് നൽകാമെന്നു പറഞ്ഞു ആസിഫ് തുക കൈക്കലാക്കുന്നത്. ആറുമാസം കൊണ്ട് നാല്പത്തിയഞ്ചു ലക്ഷം രൂപയ്ക്ക് നൽകിയ ഫ്‌ളാറ്റുകൾ അറുപത് ലക്ഷത്തിന് കച്ചവടം നടത്താം എന്നാണ് പറഞ്ഞത്. ഈ ഫ്‌ളാറ്റുകൾ എല്ലാം വിറ്റ് നൽകാം എന്ന് കോളെജ് പ്രിൻസിപ്പാൾ ഉറപ്പ് നൽകി. ആറുമാസം പോയിട്ട് ആറു വർഷം കഴിഞ്ഞിട്ടും ഒരു രൂപ പോലും ആസിഫ് തിരികെ നൽകിയില്ല. ഈ കേസിൽ അസിഫ് അറസ്റ്റിൽ ആയ ശേഷം ജാമ്യത്തിൽ ഇറങ്ങി ഇപ്പോൾ അടുത്ത തട്ടിപ്പിന് അരങ്ങൊരുക്കുകയാണ് ആസിഫ് എന്നാണ് സിദ്ദിഖ് പറയുന്നത്. വിവിധ എഫ്‌ഐആർ വന്നതിൽ മറ്റു കേസുകളിൽ ഒന്നും ഇയാൾ അറസ്റ്റിലായിട്ടുമില്ല. അത് ഇയാൾക്കുള്ള ഉന്നത സ്വാധീനത്തിന്റെ തെളിവാണ് എന്നാണു ആരോപണം ഉയരുന്നത്.
ആദ്യം കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം ആസിഫിന്റെ തട്ടിപ്പിന്റെ രീതികൾ പൂർണമായി മനസിലാക്കി അന്വേഷണം മുന്നോട്ടു കൊണ്ടുപോകുമ്പോൾ ഈ യൂണിറ്റിൽ നിന്നും പൊടുന്നനെ അന്വേഷണം എടുത്തുമാറ്റി. പ്രതിയായ ആസിഫ് തന്നെ ഡിജിപിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം വേറെ മറ്റൊരു ക്രൈംബ്രാഞ്ച് യൂണിറ്റിനെ സെൻട്രൽ യൂണിറ്റ് നാലിനെയാണ് ഏൽപ്പിച്ചത്. പ്രതി നൽകിയ പരാതി പ്രകാരം അന്വേഷണം മറ്റൊരു യൂണിറ്റിനു കൈമാറപ്പെട്ട വിചിത്ര സംഭവവും ആസിഫിന്റെ കേസിൽ വന്നിട്ടുണ്ട്.
ആസിഫിന്റെ ഭാര്യ ഷാമിലയെ കൂടി പ്രതിചേർത്ത് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയപ്പോഴാണ് കേസ് അന്വേഷണത്തിന്നെതിരെ പരാതിയുമായി ഡിജിപിയെ ആസിഫ് കണ്ടത്. ഇതോടെയാണ് മറ്റൊരു യൂണിറ്റിനെ കേസ് ഏൽപ്പിച്ച് ഉത്തരവ് വന്നത്. ആസൂത്രിതമായ തട്ടിപ്പ് ആണ് ആസിഫ് നടത്തിയത് എന്നാണ് സിദ്ദിഖ് പാങ്ങോട് മറുനാടനോട് പറഞ്ഞത്.
ആസൂത്രിതമായ ചതി: സിദ്ദിഖ് പാങ്ങോട്
എന്റെ വീടിനു അടുത്താണ് മന്നാനിയ കോളേജ്. അത് ഒരു എയിഡഡ് കോളേജ് ആണ്. ഈ കോളേജിന്റെ പ്രിൻസിപ്പാൾ ആയിരുന്നു തട്ടിപ്പ് വീരനായ ആസിഫ് സെഡ്.എ. ഇയാൾ ഒരു തട്ടിപ്പ് വീരനാണെന്ന് ഞാൻ അറിഞ്ഞില്ല. എന്റെ അറിവിൽ മാത്രം മുപ്പത് കോടിയോളം രൂപ ഇയാൾ പലരിൽ നിന്നുമായി തട്ടിയെടുത്തിട്ടുണ്ട്. അറിയാത്ത തട്ടിപ്പ് വേറെയുമുണ്ട്. 2014-15 ലാണ് സംഭവം നടക്കുന്നത്. ആറുമാസം കൊണ്ട് നാല് ഫ്‌ളാറ്റുകൾ വിൽപ്പന നടത്തി ലാഭം ഉൾപ്പെടെ തിരികെ നൽകാം എന്നാണ് പറഞ്ഞത്. ഇത് വിശ്വസിച്ചാണ് പണം നൽകിയത്. ഒരു കോടി എൺപത് ലക്ഷം രൂപയാണ് എന്നിൽ നിന്നും ഇയാൾ തട്ടിച്ചത്. കൈമനത്ത് ഫ്‌ളാറ്റ് നിർമ്മിക്കുന്നുണ്ട് എന്നാണു ഇയാൾ എന്നോടു പറഞ്ഞത്. കോളേജ് പ്രിൻസിപ്പാൾ ആയതുകൊണ്ട് ഇയാൾ പറയുന്നത് ഞാൻ വിശ്വസിച്ചു. ശേഖർ എന്നൊരാളും ഇയാളും കൂടിയാണ് ഫ്‌ളാറ്റ് നിർമ്മാണം എന്നാണ് പറഞ്ഞത്. ആസൂത്രിതമായ രീതിയിലാണ് ഇയാൾ എന്നെ സമീപിച്ചത്. എന്റെ കയ്യിൽ വസ്തു വിറ്റ് കിട്ടിയ മുന്നേകാൽ കോടി രൂപയുണ്ട് എന്ന് ആസിഫ് മനസിലാക്കി. ഇത് മനസിലാക്കിയാണ് എന്നെ സമീപിക്കുന്നത്. പല വഴിയിൽ കൂടിയുമാണ് എന്നെ സമീപിച്ചത്.
ഞാൻധരിച്ചത് എന്റെ കയ്യിൽ നിന്നും മാത്രമാണ് കാശ് വാങ്ങിയത് എന്നാണ്. പണം നഷ്ടമായപ്പോഴാണ് പലരിൽ നിന്നും ഇയാൾ കാശ് വാങ്ങിയ കാര്യം ഞാൻ അറിയുന്നത്. കൈമാനത്തെ ഫ്‌ളാറ്റ് എനിക്ക് കാണിച്ചു തന്നു. ആസിഫിന് ജോലി ഉള്ളതുകൊണ്ട് എല്ലാം ശേഖർ ആണ് മേൽനോട്ടം എന്നാണ് പറഞ്ഞത്. നല്ല ഫ്‌ളാറ്റുകൾ ആയിരുന്നു കൈമനത്തേത്. ഈ ഫ്‌ളാറ്റ് കാണിച്ച് പറഞ്ഞത് പതിനൊന്നു കോടി രൂപയാണ് വേണ്ടത്. എട്ടു കോടി രൂപയെ ഉള്ളൂ എന്നാണ് പറഞ്ഞത്. മൂന്നു കോടി വേണം എന്നാണ് പറഞ്ഞത്. എന്റെ കയ്യിലെ മൂന്നു കോടി രൂപ കണ്ടിട്ടാണ് മൂന്നു കോടി വേണം എന്നു ആവശ്യപ്പെട്ടത്. അവസാനം ഒരു കോടി എൺപത് ലക്ഷം രൂപയ്ക്ക് നാല് ഫ്‌ളാറ്റുകൾ നൽകാം എന്നാണ് പറഞ്ഞത്. മറിച്ച് വിൽക്കുമ്പോൾ ഒരു ഫ്‌ളാറ്റിനു അറുപത് ലക്ഷം രൂപ വെച്ച് ലഭിക്കും എന്നാണ് പറഞ്ഞത്. പണം നൽകിയപ്പോൾ പിന്നെ പ്രതികരണമില്ല. ആറുമാസം കഴിഞ്ഞപ്പോൾ ആസിഫിനെ കാണാതായി. എല്ലാ കുറ്റവും അസിഫ് ശേഖറിന്റെ തലയിൽ കെട്ടി വെച്ചു. ശേഖർ ഫ്‌ളാറ്റ് എഴുതി തരുന്നില്ല എന്നാണ് പറഞ്ഞത്.
ഫ്‌ളാറ്റ് എഴുതി വാങ്ങാതെയാണ് ഞാൻ ഒരു കോടി എൺപത് ലക്ഷം നൽകിയത്. പ്രിൻസിപ്പാൾ ആയതുകൊണ്ടാണ് വിശ്വാസത്തിന്റെ പുറത്ത് പണം നൽകിയത്. കേസ് വന്നതിനാൽ ആസിഫ് സസ്‌പെൻഷനിൽ ആണ്. കുറച്ച് സാമ്പത്തിക പ്രശ്‌നത്തിൽ കുരുങ്ങി എന്നും ആസിഫ് പിന്നീട് എന്നോട് പറഞ്ഞത്. ജോലി ഉള്ളതിനാൽ ഈ കാര്യം മറ്റുള്ളവരോട് പറയരുത് എന്നാണ് പറഞ്ഞത്. ഇതും ഇയാളുടെ രക്ഷപ്പെടൽ എളുപ്പമാക്കി. ആർക്കും ഇയാൾ തുകകൾ തിരികെ നൽകിയിട്ടില്ല. ഏഴു എഫ്‌ഐആർ ഇയാൾക്ക് എതിരെ നിലനിൽക്കുന്നുണ്ട് എന്നാണ് എനിക്ക് മനസിലാക്കാൻ സാധിച്ചത്. അത് ക്രൈംബ്രാഞ്ചിലാണ്. ആസിഫിന്റെ കാര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണ്. ഒരു കേസിൽ മാത്രമാണ് ഇയാൾ അറസ്റ്റിൽ ആയത്. നാല് കോടി വരെ നഷ്ടമായവരുണ്ട്. ശേഖറും ആസിഫും കൂട്ട് കച്ചവടമാണ്. പക്ഷെ തട്ടിപ്പ് ശേഖർ എന്നോട് നിഷേധിക്കുകയാണ് ചെയ്തത്. സിദ്ദിഖിൽ നിന്നും വാങ്ങിയ പണം തിരികെ നൽകും എന്നാണ് ആസിഫ് പറഞ്ഞത് എന്നാണ് ശേഖർ എന്നോടു പറഞ്ഞത്. പക്ഷെ ഞാൻ ഇത് വിശ്വസിക്കുന്നില്ല. ശേഖർ രണ്ടാം പ്രതിയാണ്. എന്റെ പണം വന്ന ദിവസം ഒരു കോടി പത്ത് ലക്ഷം രൂപ ഫ്‌ളാറ്റിനായി കമ്പി വാങ്ങാൻ എടുത്തിട്ടുണ്ട്. ഇത് സ്റ്റേറ്റ്‌മെന്റിൽ ഉണ്ട്. അതേ ദിവസം ആസിഫിന്റെ അക്കൗണ്ടിൽ മൂന്നര കോടി രൂപയോളമാണ് വന്നത്. എല്ലാം തട്ടിപ്പ് നടത്തി വന്ന തുകകൾ. സിമന്റ് ഡീലരുടെ കയ്യിൽ ഒരു കോടി രൂപയ്ക്ക് അടുത്ത് പോയിട്ടുണ്ട്.
എന്നിൽ നിന്നും പണം വാങ്ങുന്ന ദിവസം ശേഖർ തന്ത്രപൂർവം മുങ്ങി. ബന്ധുവിന്റെ ഒരു എൻഗേജ്‌മെന്റ് ഉണ്ട് എന്നാണ് പറഞ്ഞത്. അതിനാൽ പണം വാങ്ങിയത് ആസിഫ് ആണ്. ശേഖറിനെ ഞാൻ പരിഗണിച്ചില്ല. ആസിഫ് ആണല്ലോ പണം വാങ്ങിയത് എന്ന് കരുതി. ഫ്‌ളാറ്റിനു വേണ്ടി പണം വാങ്ങുന്നു എന്നാണ് എഗ്രിമെന്റിൽ എഴുതിയത്. അതായത് ഫ്‌ളാറ്റ് ബിസിനസ് നടത്താൻ വേണ്ടി പണം വാങ്ങുന്നു എന്ന്. ഈ രീതിയിൽ എഗ്രിമെന്റ്‌റ് എഴുതിയതിനാൽ ഫ്‌ളാറ്റ് അറ്റാച്ച് ചെയ്യാൻ കഴിയില്ല. ഫ്‌ളാറ്റും ലാന്റും ശേഖറിന്റെ പേരിലാണ്. അതുകൊണ്ട് കോടതി വഴി പോയിട്ടും അറ്റാച്ച് ചെയ്യാൻ കഴിയില്ല-സിദ്ദിഖ് പറയുന്നു. തട്ടിപ്പിന്റെ പുതു വഴികൾ ആണ് ഈ കോളേജ് പ്രിൻസിപ്പാൾ വെട്ടിത്തുറന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുമ്പോഴും കാശ് തിരികെ ലഭിക്കാൻ മാർഗമുണ്ടോ എന്നാണ് തട്ടിപ്പിന്നിരയായവർ അന്വേഷിക്കുന്നത്.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.